Thursday, April 23, 2020

നമ്മുടെ പിതാക്കന്മാരുടെ വിശ്വാസം / ഡോ. പൗലോസ് മാര്‍ ഗ്രീഗോറിയോസ്

ആമുഖം 


ഈ ലഘു ഗ്രന്ഥം തയ്യാറാക്കിയത് ഒരു പ്രത്യേക ഉദ്ദേശ്യം മുന്‍നിര്‍ത്തിയാണ്. സര്‍വ്വകലാശാല വിദ്യാര്‍ത്ഥികളെയാണ് ഇത് പ്രാഥമികമായി ലക്ഷ്യമിടുന്നത്. പ്രത്യേകിച്ചും മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ വിദ്യാര്‍ത്ഥി പ്രസ്ഥാന അംഗങ്ങളെ മനസില്‍ കണ്ടുകൊണ്ട്. മറ്റുള്ളവര്‍ക്കും ഇത് വായിക്കുകയും പ്രയോജനപ്പെടുത്തുകയും ചെയ്യാം. 

പൂര്‍വപിതാക്കന്മാരെക്കുറിച്ച് ഒരു കൃത്യമായ ധാരണ കൂടാതെ ക്രിസ്തീയത എന്താണെന്ന് മനസ്സിലാക്കുക അത്ര കണ്ട് സാധ്യമല്ല. വിശുദ്ധ വേദപുസ്തകം തീര്‍ച്ചയായും പ്രാഥമിക പടിയാണ്, അത്യാവശ്യവുമാണ്; എന്നാല്‍ അതില്‍ത്തന്നെ പൂര്‍ണമാകുന്നുമില്ല. നമ്മുടെ പിതാക്കന്മാര്‍ വിശ്വാസത്തിന്‍റെ മൂലകങ്ങള്‍ അവരുടെ ജീവിതത്തില്‍ അലിയിച്ചുചേര്‍ത്തവരാണ്. അവര്‍ പഠിപ്പിച്ചതത്രയും അവയുടെ അടിസ്ഥാന പ്രമാണങ്ങള്‍ ആയിരുന്നു. അവയെ ആഴത്തില്‍ പരിചയപ്പെടാതെയോ, അവയുടെ പരമ്പരാഗത മൂല്യങ്ങള്‍ മനസ്സിലാക്കാതെയോ വി. വേദപുസ്തക സത്യങ്ങള്‍ അപഗ്രഥിക്കുക എളുപ്പമായ ഒരു സംഗതിയാവില്ല. വി. വേദപുസ്തകം, ആരാധനക്രമങ്ങള്‍, പരിശുദ്ധ പിതാക്കന്മാര്‍ - ഇവ ഒരു കൂട്ടായ്മയാണ്. ഇവയില്‍ ഒന്നിനെ മാറ്റിനിര്‍ത്തിക്കൊണ്ട് മറ്റൊന്നിനെ മനസ്സിലാക്കാന്‍ സാദ്ധ്യമല്ല. 

ഈ ചെറിയ പുസ്തകം കൊണ്ട് ഉദ്ദേശിക്കുന്നത് പരിശുദ്ധ പിതാക്കന്മാരെക്കുറിച്ച് ഒരു താല്പര്യം, ചെറിയതോതിലെങ്കിലും ജനിപ്പിക്കുക എന്നു മാത്രമാണ്. ഇത് വായിക്കുന്ന വിദ്യാര്‍ത്ഥികള്‍ അവരില്‍ ഈ താല്‍പര്യം രൂഢമൂലമാകുന്ന മുറയ്ക്ക് കൂടുതല്‍ ആഴത്തില്‍ പഠനം നടത്തേണ്ടതായി വരും.

പരിശുദ്ധ പിതാക്കന്മാരില്‍ പ്രകടമാകുന്ന ത്രിവിധ പ്രകൃതങ്ങളെ ഇങ്ങനെ സംക്ഷേപിക്കാം: ഒന്ന്, തീക്ഷ്ണമായ പ്രാര്‍ത്ഥനാ ജീവിതവും ആരാധനാസംസ്ക്കാരവും ഉപവാസ ശീലവും സംയോജിപ്പിച്ചുള്ള ധന്യജീവിതം; രണ്ട്, ആഴവും പരപ്പും ഉള്ള ഭൗതിക വിജ്ഞാനത്തോട് ദൈവിക പരിജ്ഞാനത്തെ സമന്വയിപ്പിച്ചുള്ള അനുഭവം; മൂന്ന്, ദരിദ്രരോടും കഷ്ടതയില്‍ ആയിരിക്കുന്നവരോടും സഹാനുഭൂതിയുള്ളതും അവരെ ആവശ്യാനുസരണം സഹായിക്കുവാനും ശുശ്രൂഷിക്കുവാനും ഉള്ള ഉദാത്തമായ താല്പര്യം. 

ഇന്നത്തെ ലോകജീവിതത്തിലും സഭാജീവിതത്തിലും ഈദൃശ ത്രിവിധ പ്രകൃതങ്ങളുടെ സമ്മിളിത ഭാവം അനിവാര്യമാണ് എന്നതിന് സംശയമൊന്നും വേണ്ട. എങ്കില്‍ മാത്രമേ മനുഷ്യരാശിയുടെ മുന്‍പോട്ടുള്ള പ്രയാണം സുഗമമാകുകയുള്ളു. കഴിഞ്ഞ കാലത്ത് ജീവിച്ചിരുന്ന ഈ ആത്മീയ മഹാമേരുക്കളുടെ വ്യക്തിത്വവും ജീവിതവും ചിന്താസരണികളും പരിചിതമാകുവാന്‍ നമ്മുടെ കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഉണ്ടാകേണ്ടത് ആവശ്യമുള്ള ഒരു സംഗതി തന്നെയാണ്. 
ദൈവേച്ഛ അനുകൂലമാകുന്നുവെങ്കില്‍ ഇതേപോലെയുള്ള ലഘു പ്രസിദ്ധീകരണങ്ങള്‍ തുടര്‍ന്നും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു. 
ഈയൊരു ചെറിയ പുസ്തകം വൈജ്ഞാനിക പ്രതിഭ നിറഞ്ഞു തുളുമ്പുന്നതോ, ഉയര്‍ന്ന സാഹിത്യമൂല്യം നിറഞ്ഞു കവിയുന്നതോ ആയ തരത്തില്‍ രചിക്കപ്പെട്ട ഒന്നല്ല. സഭാപിതാക്കന്മാരെക്കുറിച്ചുള്ള ഒന്നോ രണ്ടോ തെറ്റായ ധാരണകള്‍ ഈ ഗ്രന്ഥപാരായണത്താല്‍ തിരുത്തപ്പെട്ടുവെങ്കില്‍ ഗ്രന്ഥകര്‍ത്താവ് എന്ന നിലയില്‍ ബലഹീനനായ ഞാന്‍ തൃപ്തനായിരിക്കും. 

ഫാദര്‍ പോള്‍ വര്‍ഗീസ് 


കോട്ടയം, കേരളം 
ദനഹാപ്പെരുന്നാള്‍ 1969 

ഉള്ളടക്കം 


ആമുഖം
1. സഭാപിതാക്കന്മാര്‍ 
2. അപ്പോസ്തോലിക പിതാക്കന്മാരും നിഖ്യാ സുന്നഹദോസിനു മുമ്പുള്ള പിതാക്കന്മാരും 
3. പിതാക്കന്മാരുടെ സുവര്‍ണ്ണ കാലഘട്ടം 
4. വി. അത്താനാസ്യോസ്
5. കൈസര്യയിലെ മാര്‍ ബസേലിയോസ് 
6. നാസിയാന്‍സിലെ മാര്‍ ഗ്രീഗോറിയോസ് 
7. നിസ്സായിലെ മാര്‍ ഗ്രിഗോറിയോസ് 
8. സ്വര്‍ണനാവുകാരനായ മാര്‍ ഈവാനിയോസ് 
9. അലക്സാണ്ട്ര്യയിലെ മാര്‍ കൂറിലോസ്