എന്‍റെ യാത്ര മുമ്പോട്ടു തുടരവേ ബത്നെ എന്ന ഒരു സ്ഥലത്ത് എത്തി (വിശുദ്ധ വേദഗ്രന്ഥങ്ങളിൽ ഈ സ്ഥലം എവിടെയും പരാമർശിക്കപ്പെട്ടിട്ടില്ല). ഈ സ്ഥലം ഇന്നും നിലനിൽക്കുന്നു. അവിടെ ഒരു ദേവാലയം ഉണ്ട്. ഒരു മെത്രാൻ, ഏറെ വിശുദ്ധി കാത്തുപരിപാലിക്കുന്ന സത്യസന്ധനായ ഒരു മെത്രാന്‍, അവിടെ താമസം ഉണ്ട്. അദ്ദേഹം ഒരു സന്യാസി ആണ്. ഈ സ്ഥലത്ത് ഏതാനും രക്തസാക്ഷി സ്മാരകങ്ങൾ കാണാൻ സാധിക്കുന്നു. പടയാളികളുടെ ഒരു ആസ്ഥാനം കൂടിയാണ് ബത്നെ.അവിടെ നിന്നും യാത്ര തുടർന്ന് അതിരറ്റ ദൈവകൃപയാൽ എഡേസയില്‍ എത്തി. ഞങ്ങൾ നേരെ പോയത് അവിടുത്തെ ദേവാലയത്തിലേക്കും വിശുദ്ധ തോമാ ശ്ലീഹായുടെ സ്മാരകത്തിലേക്കുമാണ്. ഞങ്ങളുടെ പതിവനുസരിച്ചുള്ള പ്രാർത്ഥനയും മറ്റും അവിടെ നടത്തിയിട്ട് ശ്ലീഹായെ പരാമർശിക്കുന്ന ചില ഭാഗങ്ങൾ പാരായണം ചെയ്തു. ഈ ദേവാലയം വളരെ വലിപ്പം ഉള്ള ഒന്നാണ്; കാഴ്ചയ്ക്ക് അതിമനോഹരവും. അത് സമീപകാലത്ത് പണികഴിപ്പിച്ചതുപോലെ തോന്നുന്നു. തീര്‍ച്ചയായും ദൈവത്തിന്‍റെ ആലയം എന്ന് വിളിക്കപ്പെടുവാൻ സർവഥാ യോഗ്യം. ഒരുപാട് കാര്യങ്ങൾ ഇവിടെ കണ്ടു മനസ്സിലാക്കേണ്ടതിനാൽ മൂന്നു ദിവസം ഇവിടെ താമസിക്കുക തന്നെ എന്ന് ഞാൻ നിശ്ചയിച്ചു .എഡേസാ നഗരത്തിലെ നിരവധി സ്മാരകങ്ങൾ ഞാൻ സന്ദർശിച്ചു. എന്‍റെയൊപ്പം വിശുദ്ധരായ സന്യാസിമാർ ഉണ്ടായിരുന്നു; ഇവരില്‍ ചിലര്‍ സ്മാരകങ്ങളോടു ചേർന്ന് താമസിക്കുന്നവരും ചിലർ പട്ടണത്തിൽ നിന്ന് അകന്ന് ഒറ്റപ്പെട്ട അറകളിൽ കഴിഞ്ഞു കൂടുന്നവരും ആയിരുന്നു. അവിടെ ഉണ്ടായിരുന്ന വിശുദ്ധനായ മെത്രാൻ, അതി തീക്ഷ്ണമായ ദൈവഭയം വച്ചുപുലർത്തുന്ന ഒരു സന്യാസിവര്യൻ, വളരെ സന്തോഷത്തോടെ എന്നെ സ്വാഗതം ചെയ്തു. അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞു: "മകളെ, നീ നിന്‍റെ തീക്ഷ്ണമായ ഭക്തിയാൽ മാത്രമാണല്ലോ വളരെ ദൂരം യാത്ര ചെയ്ത്, ഏറെ കഷ്ടതകൾ സഹിച്ച്, ഈ പ്രദേശത്ത് എത്തിച്ചേർന്നത്. നിനക്ക് താല്പര്യമുണ്ടെങ്കിൽ ഇവിടെയുള്ള എല്ലാ സ്ഥലങ്ങളും ഒരു ക്രൈസ്തവ വിശ്വാസിക്ക് നയനാനന്ദകരമായ എല്ലാ സ്ഥലങ്ങളും ഞങ്ങൾ പരിചയപ്പെടുത്തിത്തരാം." ദൈവത്തിനു നന്ദിയർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ഹിതാനുസരണം ആവട്ടെ എന്ന് ഞാൻ സമ്മതിച്ചു. ആദ്യമായി അദ്ദേഹം എന്നെ കൊണ്ടുപോയത് അബ് ഗാര്‍ രാജാവിന്‍റെ കൊട്ടാരത്തിലേക്കായിരുന്നു. അവിടെ രാജാവിന്‍റെ മനോഹരമായ ഒരു പ്രതിമ കാണുവാൻ സാധിച്ചു. ആ പ്രതിമ, യഥാർത്ഥത്തിൽ രാജാവിനെപ്പോലെ തന്നെ തോന്നിക്കുന്നതാണ് എന്ന് അവിടെയുള്ളവർ പറഞ്ഞു തന്നു. വെണ്ണക്കൽ പോലെ തോന്നിക്കുന്ന അത് ഏറെ ശോഭ ഉള്ളതായിരുന്നു. ആ മുഖം വ്യക്തമാക്കുന്നത് അദ്ദേഹം അതിബുദ്ധിമാനും ബഹുമാന്യനും ആയിരുന്നുവെന്നാണ്. മെത്രാന്‍ എന്നോട് പറഞ്ഞു, "ക്രിസ്തുവിനെ കാണുന്നതിന് മുമ്പുതന്നെ അബ് ഗാർ രാജാവ് ക്രിസ്തുവിൽ വിശ്വസിച്ചിരുന്നു. ക്രിസ്തു തീർച്ചയായും ദൈവപുത്രൻ തന്നെയെന്ന് രാജാവ് സത്യമായി വിശ്വസിച്ചു." തൊട്ടടുത്തുതന്നെ അതേപോലെ മറ്റൊരു വെണ്ണക്കൽ പ്രതിമ കൂടി ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ പുത്രന്‍ മാഗ്നസ് രാജകുമാരന്‍റേതായിരുന്നു. ഇതിലും ഒരു പ്രത്യേക പ്രഭയുടെ പ്രസരണം അനുഭവിക്കുവാൻ സാധിച്ചു. തുടര്‍ന്ന്, ഞങ്ങള്‍ കൊട്ടാരത്തിന്‍റെ ഉള്ളിലേക്ക് പ്രവേശിച്ചു. അവിടെ ധാരാളം ജലധാരകൾ ഉണ്ടായിരുന്നു. അവയില്‍ മത്സ്യങ്ങളുടെ സമൃദ്ധമായ സാന്നിധ്യവും. അവയാകട്ടെ വളരെ വലുതും മനോഹരവും ഞാൻ മുമ്പ് ഒരിടത്തും കണ്ടിട്ടില്ലാത്തവയും. എഡേസാ പട്ടണത്തിൽ ഈ കൊട്ടാരത്തിലെ ജലധാരകളില്‍ നിന്ന് സമൃദ്ധമായി നിർഗമിക്കുന്ന വെള്ളം അല്ലാതെ വേറെ ജലസ്രോതസ്സുകൾ ഒന്നുമില്ല. ഈ ജലപ്രവാഹമാകട്ടെ, അത്യന്തം രജതശോഭയാർന്നതും.
മേൽപറഞ്ഞ ജലസ്രോതസിനെക്കുറിച്ച് വിശുദ്ധനായ ആ മെത്രാന്‍ ഇങ്ങനെ പറഞ്ഞു തന്നു: അബ് ഗാര്‍ രാജാവ് നമ്മുടെ കർത്താവിന് കത്തെഴുതുകയും കർത്താവ് അതിനുള്ള മറുപടി സന്ദേശവാഹകനായ അനന്യാസ് വശം കൊടുത്തയയ്ക്കുകയും ചെയ്തുവല്ലൊ. അതിനു ശേഷം ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ പേർഷ്യൻ സൈന്യം എഡേസയെ ആക്രമിക്കാൻ കോപ്പുകൂട്ടി. സൈന്യം കടന്നുവന്ന് നഗരം വളഞ്ഞു. അബ് ഗാര്‍ രാജാവ് കർത്താവിന്‍റെ കത്ത് കയ്യിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് നഗരവാതില്‍ക്കല്‍ നിന്ന് പരസ്യമായി ഇങ്ങനെ പ്രാർത്ഥിച്ചു, "കർത്താവായ യേശുവേ, ശത്രുക്കൾ ഒരിക്കലും ഈ നഗരത്തിൽ പ്രവേശിക്കുകയില്ലായെന്ന് അവിടുന്ന് ഞങ്ങൾക്ക് വാക്ക് തന്നിട്ടുണ്ടല്ലോ. കര്‍ത്താവേ, ഇപ്പോൾ ഇതാ ഈ പേർഷ്യൻ സൈന്യം ഞങ്ങളെ ആക്രമിക്കാൻ ഒരുങ്ങി വന്നിരിക്കുന്നു." കര്‍ത്താവിന്‍റെ കത്ത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാജാവ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു തീര്‍ന്നതായ ആ നിമിഷം നഗരത്തിനു പുറത്ത് അതിശക്തമായ കൂരിരുട്ടു വ്യാപിച്ചു. പേര്‍ഷ്യന്‍ സൈന്യം നഗരത്തോട് സമീപിച്ച് ഏതാണ്ട് മൂന്നു മൈൽ വരെ അടുത്ത് എത്തിയിരുന്നു. പെട്ടെന്നുണ്ടായ ഈ അന്ധകാരം കാരണം അവിടെ അവർക്ക് പാളയം അടിക്കാൻ സാധ്യമായില്ല. നഗരത്തെ ശരിയായി വളയുവാനും അവരെക്കൊണ്ടായില്ല. വശം കെട്ടുപോയ പേർഷ്യൻ സൈന്യത്തിനു നഗരവാതിൽ കണ്ടുപിടിക്കുവാനും പറ്റിയില്ല. എങ്കിലും ഒരു വിധത്തിൽ അവർക്ക് അവിടെ പടയാളികളെ കൊണ്ട് കോട്ടപോലെ ഒരു പ്രതിരോധം സൃഷ്ടിക്കുവാൻ സാധിച്ചു. നഗരത്തിന് ഏതാണ്ട് മൂന്നു മൈൽ അകലെ ഈ വിധത്തിൽ മാസങ്ങളോളം കഴിയേണ്ടതായി വന്നു. അകത്തേക്ക് കയറുവാൻ യാതൊരു നിർവ്വാഹവും ഇല്ല എന്ന് ബോധ്യമായതോടെ നഗരത്തിൽ ഉള്ളവർക്ക് വെള്ളം തടയുവാനും അങ്ങനെ അവരെ ദാഹം കൊണ്ട് പരവശരാക്കി മരണത്തിലേക്ക് നയിക്കാമെന്നും പേര്‍ഷ്യൻ സൈന്യം കണക്കു കൂട്ടി. അന്ന്, എഡേസാ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു കുന്നിൽ നിന്നായിരുന്നു നഗരത്തിലേക്കുള്ള ജലവിതരണം നടന്നിരുന്നത്. ഇത് മനസ്സിലാക്കിയ സൈന്യം ജലസ്രോതസിൽ നിന്നുള്ള പ്രവാഹത്തെ ദിശ തെറ്റിച്ചു വിടുവാൻ നിശ്ചയിച്ചു. അങ്ങനെ, നഗരത്തിനുള്ളിലുള്ളവർക്ക് ലഭ്യമാകേണ്ട വെള്ളം നഗരത്തിൽ കടക്കാതെ സൈന്യം തമ്പടിച്ചിരുന്ന ഭാഗത്തേക്ക് വഴിമാറ്റി. അങ്ങനെ വെള്ളത്തിന്‍റെ ദിശ മാറ്റിയെടുത്ത ആ നിമിഷം, ഇപ്പോള്‍ കൊട്ടാരത്തിൽ കണ്ട ജലപ്രവാഹം പൊട്ടിമുളച്ചു. ദൈവത്തിന്‍റെ അതിരറ്റ കൃപയാൽ ഈ ജലപ്രവാഹം ഇന്നും സജീവമായി നിലനിൽക്കുന്നു. നഗരവാസികൾക്കു യാതൊരു മുട്ടും കൂടാതെ സമൃദ്ധമായി വെള്ളം കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതേസമയം പേര്‍ഷ്യന്‍ സൈന്യം ദിശ മാറ്റിയ ജലപ്രവാഹമാകട്ടെ, അതേ മണിക്കൂറിൽ തന്നെ വറ്റി വരണ്ടു പോയി. അന്നുമുതൽ ഇന്നുവരെ വെള്ളത്തിന്‍റെ ഒരു കണിക പോലും ആ പ്രദേശത്ത് ഉണ്ടായിട്ടില്ല. ദൈവിക ഇടപെടലിനാൽ പേര്‍ഷ്യൻ സൈന്യത്തിന് അവിടം വിട്ടു പോകുകയല്ലാതെ വേറൊരു വഴിയും ഇല്ലാതെയായി. തന്നെയുമല്ല, പിന്നീട് എപ്പോഴെങ്കിലും ശത്രുക്കളുടെ ഭീഷണി ഉണ്ടാകുമ്പോൾ കർത്താവ് എഴുതിയ കത്ത് നിവർത്തിപ്പിടിച്ചു കൊണ്ട് പ്രാർത്ഥിക്കുകയും ദൈവം ശത്രു സൈന്യത്തെ മടക്കി അയയ്ക്കുകയും ചെയ്തുപോരുന്നു. കൊട്ടാരത്തിനകത്തെ ജലപ്രവാഹം ഉദ്ഭവിച്ച സ്ഥലം നേരത്തെ വെറുമൊരു സമതല ഭൂമിയായിരുന്നു. കൊട്ടാരം ഈ സമതലഭൂമിയിൽ നിന്ന് കുറച്ച് ഉയർന്ന തലത്തിലും. ഇത് വളരെ വ്യക്തതയോടെ കാണുവാൻ പാകത്തിലായിരുന്നു. അന്ന് നിലവിലിരുന്ന രീതിയനുസരിച്ച് രാജകൊട്ടാരങ്ങൾ എപ്പോഴും കുറച്ചു ഉയർന്ന ഭാഗത്തായിരുന്നു നിൽക്കുന്നത്. എന്നാൽ ഈ ജലസ്രോതസ്സുകൾ രൂപപ്പെട്ടതിനുശേഷം അബ് ഗാര്‍ രാജാവ് തന്‍റെ മകൻ മാഗ്നസിനുവേണ്ടി, ജലസ്രോതസ്സ് കൊട്ടാരത്തിനുള്ളിൽ ആയിരിക്കത്തക്കവണ്ണം ഈ കൊട്ടാരം പണിതീർത്തു. ഈ രാജകുമാരന്‍റെ പ്രതിമയാണ് നേരത്തെ കണ്ടത്. ഈ വിവരങ്ങള്‍ ഒക്കെ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിത്തന്ന ശേഷം ആ വിശുദ്ധനായ മെത്രാൻ എന്നോട് ഇങ്ങനെ പറഞ്ഞു, "ഇനി നമുക്ക് യേശുക്രിസ്തുവിന്‍റെ സന്ദേശവാഹകനായ അനന്യാസ് കത്തുമായി നഗരത്തിലേക്ക് പ്രവേശിച്ച വാതിൽക്കലേക്കു പോകാം." ആ വാതിൽക്കൽ ഞങ്ങള്‍ എത്തിയപ്പോൾ മെത്രാന്‍ അവിടെനിന്ന് പ്രാർത്ഥിച്ചു; അതിനുശേഷം നമ്മുടെ കർത്താവ് അയച്ച കത്ത് ഞങ്ങൾക്ക് കേൾക്കുവാൻ ഭാഗത്തിൽ വായിച്ചു. തുടർന്ന് അദ്ദേഹം ഞങ്ങളെ അനുഗ്രഹിക്കുകയും വീണ്ടും പ്രാർത്ഥിക്കുകയും ചെയ്തു. അദ്ദേഹം വീണ്ടും ഞങ്ങൾക്ക് ചില കാര്യങ്ങൾ കൂടി ഇതോട് ബന്ധപ്പെട്ട് പറഞ്ഞുതന്നു. അനന്യാസ് കർത്താവിന്‍റെ കത്തുമായി ഈ വാതിൽ വഴി നഗരത്തിൽ പ്രവേശിച്ചശേഷം അന്നുമുതൽ ഇന്നുവരെ ശുദ്ധിയില്ലാത്തവര്‍, വിലപിക്കുന്നവർ ഇങ്ങനെ ആരും ഈ വാതിലിലൂടെ കടക്കുവാൻ അനുവദിക്കപ്പെട്ടിട്ടില്ല. അതുപോലെ മൃതശരീരവും ആ വാതിൽ വഴി കൊണ്ടുവരുവാൻ പാടില്ല. ഇതിനു ശേഷം അബ് ഗാര്‍ രാജാവിന്‍റെയും കുടുംബത്തിന്‍റെയും സ്മാരകം ഞങ്ങൾക്ക് പരിചയപ്പെടുത്തി. പൗരാണിക രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ സ്മാരകം അതിമനോഹരമാണ്. നേരത്തെ സമതലഭാഗത്തുനിന്ന് ഉയരത്തിൽ ആയിരുന്ന പഴയ കൊട്ടാരം ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. കൂടാതെ മറ്റു ചില സ്ഥലങ്ങളും ഈ വന്ദ്യ മെത്രാന്‍ ഞങ്ങളെ കാണിച്ചു. അബ് ഗാര്‍ നമ്മുടെ കർത്താവിന് അയച്ച കത്തും കര്‍ത്താവ് അതിന്നയച്ച മറുപടിയും ഈ വിശുദ്ധനായ മെത്രാന്‍റെ കൈകളില്‍ നിന്ന് സ്വീകരിക്കുവാൻ എനിക്ക് സാധിച്ചത് എത്രയോ ആനന്ദകരമായ അനുഭവം ആയിരുന്നു. ഇവയുടെ പ്രതികൾ എന്‍റെ ഭവനത്തിൽ ഉണ്ടെങ്കിലും ഈ മെത്രാനില്‍ നിന്ന് അവ സ്വീകരിക്കുവാൻ ഇടയായത് മറക്കുവാനാവില്ല. ഇത് സാധ്യമായിരുന്നില്ലായിരുന്നുവെങ്കിൽ ഞാൻ ഭവനത്തിൽ മടങ്ങിയെത്തുമ്പോൾ ഒരു നഷ്ടബോധം എന്നെ ബാധിക്കുമായിരുന്നു. പ്രിയമുള്ളവരേ, ദൈവേഷ്ടമായാൽ ഞാനെന്‍റെ ഭവനത്തിൽ മടങ്ങിയെത്തട്ടെ; നിങ്ങൾക്കും ഈ കത്തുകൾ വായിക്കുവാൻ ദൈവം ഇടയാക്കട്ടെ.
ഹാരാൻ
മൂന്നു ദിവസം അവിടെ താമസിച്ച ശേഷം കുറച്ചുകൂടെ ദൂരത്തേക്ക് യാത്രയാവേണ്ടത് ആവശ്യമായി തോന്നി. ഈ യാത്രയുടെ ലക്ഷ്യസ്ഥാനം ഹാരാന്‍ ആയിരുന്നു. ഉല്പത്തി പുസ്തകം 12.4 ല്‍ ഈ പട്ടണത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. വിശുദ്ധനായ അബ്രഹാം പിതാവ് ഈ നഗരത്തിൽ നിന്നുള്ളവനായിരുന്നു. ഹാരാനില്‍ എത്തിയ ഞാൻ നഗരത്തിനുള്ളിൽ ഉള്ള ദേവാലയത്തിലേക്കാണ് നേരെ പോയത്. ഹാരാനിലെ മെത്രാനെ കാണുവാൻ എനിക്ക് അവസരം കിട്ടി. അദ്ദേഹം ഏറ്റവും വിശുദ്ധി ജീവിതത്തിൽ കാത്തുസൂക്ഷിക്കുന്ന ഒരു ശ്രേഷ്ഠനായ സന്യാസിവര്യനായിരുന്നു. ഞങ്ങൾക്ക് താല്പര്യമുള്ള എല്ലാ സ്ഥലങ്ങളും കാണിച്ചുതരുവാൻ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചു. അദ്ദേഹം ആദ്യം തന്നെ ഞങ്ങളെ ഒരു ദേവാലയത്തിലേക്ക് നയിച്ചു. ഈ ദേവാലയം നഗരകേന്ദ്രത്തിൽ നിന്ന് കുറച്ച് അകലെയാണ്. അബ്രഹാം പിതാവ് താമസിച്ചിരുന്ന ഭവനം ഇവിടെ ആയിരുന്നു. ആ മെത്രാൻ പറഞ്ഞു തന്നതനുസരിച്ച് ഈ ഭവനത്തിന്‍റെ അന്നത്തെ അടിസ്ഥാനശിലകൾ ഇന്നും ഭദ്രമായി കാണാനുണ്ടായിരുന്നു. അന്നത്തെ കല്ലുകൾ ഒക്കെ ഇന്നും അതേപോലെതന്നെ. ദേവാലയത്തിലേക്ക് കടന്ന ഞങ്ങൾ പ്രാർത്ഥന നടത്തി; ഉല്പത്തി പുസ്തകത്തിലെ വേദഭാഗങ്ങൾ പാരായണം നടത്തി; സങ്കീർത്തനാലാപനം നടത്തി; ഒടുവിൽ വീണ്ടും പ്രാർത്ഥിച്ചു. തുടര്‍ന്ന് മെത്രാൻ ഞങ്ങളെ അനുഗ്രഹിച്ചു. ഇതിനുശേഷം അദ്ദേഹം ഒരു കിണറിനു സമീപത്തേക്ക് ഞങ്ങളെ കൊണ്ടുപോയി. ലാബാന്‍റെ മകൾ റെബേക്ക (പിന്നീട് ഇസ്ഹാക്കിന്‍റെ ഭാര്യ) വെള്ളം കോരുവാന്‍ വരാറുണ്ടായിരുന്ന കിണർ ഇതായിരുന്നു (ഉല്പത്തി 24.15). മെത്രാന്‍ ഇങ്ങനെ പറഞ്ഞു, "ശ്രദ്ധിക്കുക, ഈ കിണറ്റിൽ നിന്നാണ് വെള്ളം എടുത്ത് റെബേക്ക അബ്രഹാമിന്‍റെ ദാസൻ ഏലിയാസറിന്‍റെ ഒട്ടകങ്ങളെ കുടിപ്പിച്ചത്." അങ്ങനെ അദ്ദേഹം ആ പ്രദേശത്തുള്ള ഓരോ വസ്തുതകളും ഞങ്ങൾക്ക് പരിചയപ്പെടുത്തി. നഗരത്തിനു പുറത്തുള്ള ഈ ദേവാലയം ഇരിക്കുന്നിടത്തായിരുന്നുവല്ലോ പിതാവായ അബ്രഹാമിന്‍റെ പൂർവ്വ ഗൃഹം. ഇന്ന് അവിടെ ഒരു രക്തസാക്ഷി സ്മാരകം ഉണ്ട്. ഹെൽപീഡിയസ് എന്ന ഒരു സന്യാസിശ്രേഷ്ഠന്‍റെ സ്മാരകമാണിത്. വിശുദ്ധ ഹെൽപീഡിയസ് എന്ന രക്തസാക്ഷിയുടെ ഓർമ്മപ്പെരുന്നാൾ ആചരിക്കുന്നത് ഏപ്രിൽ 23-ാം തീയതിയാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷകരമായ ഒരു കാര്യമായി, ഞങ്ങൾ ഈ പെരുന്നാളിന്‍റെ തൊട്ടു തലേദിവസം ഇവിടെ എത്തിയത്. സന്യസ്ത വ്രതം സ്വീകരിച്ചവരെ സംബന്ധിച്ചിടത്തോളം ഈ പെരുന്നാൾ ദിവസം ഓരോ സന്യാസിയും അതായത് മെസപ്പൊട്ടോമിയയുടെ അതിർത്തിക്കുള്ളിലുള്ള ഓരോ സന്യാസിയും, വലിപ്പച്ചെറുപ്പം കൂടാതെ ഈ ദേവാലയത്തിൽ നിർബന്ധമായും എത്തിച്ചേരേണ്ടതുണ്ട്; ഏകാന്തവാസത്തിൽ കഴിയുന്നവർക്കും ഈ നിബന്ധന ബാധകമത്രെ. ഏറ്റവും അധികം ശുഷ്കാന്തിയോടെയും ഭയഭക്തി ബഹുമാനാദരവുകളോടെയും ഈ പെരുന്നാൾ ആചരിച്ചു പോരുന്നു. ഈ ദേവാലയം പിതാവായ അബ്രഹാമിന്‍റെ ഭവനം സ്ഥിതി ചെയ്തിരുന്നിടത്താണ് എന്നത് ഇതിന് ഒരു പ്രധാന കാരണമാണ്. ഞങ്ങളെ സംബന്ധിച്ചിടത്തോളം മെസപ്പൊട്ടോമിയ പ്രദേശത്തുള്ള എല്ലാ സന്യാസിശ്രേഷ്ഠരെയും ഒരുമിച്ച് കാണുവാൻ സാധിക്കുക എന്നത് ഞങ്ങളുടെ പ്രതീക്ഷകൾക്കപ്പുറമായിരുന്നു. ഇവരെല്ലാവരും ജീവിത വിശുദ്ധിയുടെ ഉത്തമോദാഹരണങ്ങളാണ്. അവര്‍ യഥാർത്ഥ ദൈവമനുഷ്യർ തന്നെയാണ്. അവരെക്കുറിച്ചുള്ള കീർത്തി നാടെങ്ങും പ്രസിദ്ധമാണ്. ഇവരെയൊക്കെ കാണുവാൻ സാധിക്കുമെന്ന പ്രതീക്ഷ ഒരിക്കലും എനിക്ക് ഉണ്ടായിരുന്നില്ല. തികച്ചും അസാധ്യമെന്നു കരുതിയിരുന്ന ഒരു കാര്യം. അവര്‍ അവരുടെ സ്വസ്ഥമായ ഇടങ്ങളിൽ നിന്ന് പുറത്തുവരുന്നത് ഉയിർപ്പു പെരുന്നാൾ കൂടാതെ ഈ ദിവസം മാത്രമാണ്. കാരുണ്യവാനായ ദൈവം ഈയൊരു അനുഭവത്തിന് എനിക്ക് അവസരം തന്നു. ഈ ദിവസം തന്നെ ഹാരാനിൽ ഞാൻ എത്താൻ കാരണം ദൈവനിയോഗമല്ലാതെ മറ്റൊന്നുമല്ല. ഈ പ്രത്യേക അവസരത്തിൽ ഇവിടെ എത്തിച്ചേരുക എന്നത് ഒരിക്കലും എന്‍റെ കണക്കുകൂട്ടലിൽ ഉൾപ്പെട്ടിരുന്നില്ല. ഓർമ്മദിവസം ആചരിക്കുവാനും ഈ വിശുദ്ധ സന്യാസിമാരെ കാണുന്നതിനുമായി രണ്ട് ദിവസം ഞങ്ങൾ ഹാരാനിൽ താമസിച്ചു. ഞാൻ ഒട്ടും അര്‍ഹയല്ലെങ്കിൽ തന്നെയും വിശുദ്ധരായ ഈ സന്ന്യാസിമാർ എന്നെ സ്വാഗതം ചെയ്യുകയും എന്നോട് സംസാരിക്കുകയും ചെയ്തു. ഓർമ്മപ്പെരുന്നാൾ ആചരണത്തിനു ശേഷം ഇവരെ ആരെയും തന്നെ അവിടെ കാണ്മാനുണ്ടായിരുന്നില്ല. രാത്രി തന്നെ അവർ ഓരോരുത്തരും തങ്ങളുടേതായ വിദൂരങ്ങളിലേക്കും മരുഭൂ പ്രദേശത്തേക്കും അറകളിലേക്കും ഉൾവലിഞ്ഞിരുന്നു. ഹാരാന്‍ നഗരത്തിൽ ഏതാനും പുരോഹിതരും വിശുദ്ധ സന്യാസിമാരും അല്ലാതെ ക്രൈസ്തവ വിശ്വാസികളായ ഒരൊറ്റ വ്യക്തിയെപ്പോലും കാണുവാൻ എനിക്ക് സാധിച്ചില്ല. അവിടെയുള്ള ജനം ഏതാണ്ട് മുഴുവനും തന്നെ പുറജാതികൾ ആയിരുന്നു. പിതാവായ അബ്രഹാം താമസിച്ചിരുന്ന ഭവനം അദ്ദേഹത്തിന്‍റെ ഒരു സ്മാരകം എന്ന നിലയിൽ ഞങ്ങൾ അത്യധികം ആദരവോടെയാണ് നോക്കിക്കണ്ടത്. അവിടെ നിന്ന് ഏതാണ്ട് ഒരു മൈൽ അകലെ നാഹോര്‍, ബെഥുവേല്‍ എന്നിവരുടെ സ്മാരകങ്ങളും ഉണ്ട്. ഈ പുറജാതികൾ ഏറ്റവും ആദരവോടെ തന്നെ ഇവയെ കരുതിപ്പോരുന്നു. അവിടുത്തെ വിശുദ്ധ മെത്രാൻ വേദങ്ങളിൽ അഗാധ പാണ്ഡിത്യമുള്ള ഒരു വിശുദ്ധനാണ്. അദ്ദേഹത്തോട് അവിടുത്തെ കാര്യങ്ങളെക്കുറിച്ച് അറിയുവാൻ എനിക്കുള്ള താല്പര്യം ഞാൻ വളരെ താഴ്മയോടെ പ്രകടിപ്പിച്ചു. അദ്ദേഹം മറുപടിയായി ഇങ്ങനെ പറഞ്ഞു, "മകളെ, നിന്‍റെ ആഗ്രഹ നിവൃത്തിക്കായി എനിക്ക് അറിവുള്ള കാര്യങ്ങൾ ഞാൻ പറഞ്ഞുതരാം." അദ്ദേഹം തുടർന്ന് കാര്യങ്ങൾ വിശദീകരിച്ചു തന്നു: "വേദഗ്രന്ഥങ്ങളിൽ നിന്ന് ഞാൻ മനസ്സിലാക്കിയിട്ടുണ്ട്, പിതാവായ അബ്രഹാം തന്‍റെ പിതാവായ തേരഹ്, ഭാര്യ സാറ, സഹോദരപുത്രൻ ലോത്ത് എന്നിവർക്കൊപ്പം ഇവിടെ വന്നു (ഉല്‍പത്തി 11.31). എന്നാൽ നാഹോര്‍, ബെഥുവേല്‍ എന്നിവർ ഇവിടെ വന്നത് ഞാൻ വായിച്ചിട്ടില്ല. പിന്നീട് എനിക്കറിയാവുന്ന കാര്യം അബ്രഹാമിന്‍റെ ദാസൻ ഹാരാനിൽ വരികയും നാഹോറിന്‍റെ മകൻ ബെഥുവേലിന്‍റെ മകളായ റെബേക്കയെ തന്‍റെ യജമാനനായ അബ്രഹാമിന്‍റെ മകൻ ഇസ്ഹാക്കിന് വധുവായി ആവശ്യപ്പെടാനും വന്നതായ സംഭവമാണ്" (ഉല്പത്തി 24.10, 15). അദ്ദേഹം തുടർന്നു, "മകളെ നീ പറഞ്ഞതുപോലെ അബ്രഹാം തന്‍റെ ബന്ധു ജനങ്ങൾക്കൊപ്പം ഇവിടെ വന്നതായി ഉൽപത്തി പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കാനോനിക വേദഗ്രന്ഥങ്ങൾ നാഹോര്‍, ബെഥുവേല്‍ അവരുടെ ബന്ധുജനങ്ങൾ ഒന്നും ഇവിടെ വന്നതായി രേഖപ്പെടുത്തിയിട്ടില്ല. എന്നാല്‍ പിൽക്കാലത്ത് അവർ വന്നു എന്നു തന്നെയാണ് അനുമാനിക്കേണ്ടത്. കാരണം ഈ നഗരത്തിൽ നിന്ന് ഒരു മൈൽ അകലെ അവരുടെ സ്മാരകങ്ങളും കാണാൻ സാധിക്കുന്നുണ്ടല്ലോ. വേദഗ്രന്ഥ ഭാഗങ്ങൾ അബ്രഹാമിന്‍റെ ദാസൻ ഇവിടെ വന്ന് റെബേക്കയെ കൊണ്ടുപോയ സംഭവവും യാക്കോബ് ലാബാന്‍റെ പെൺമക്കളെ കൊണ്ടുപോയ സംഭവവും പരസ്പരം ബന്ധപ്പെടുത്തുന്നതായി കാണുന്നില്ല" (ഉല്‍പത്തി 29.1-4). ഞാൻ അദ്ദേഹത്തോട് യാക്കോബ് റാഹേലിന്‍റെ ആട്ടിൻകൂട്ടത്തിന് വെള്ളം കോരിക്കുടിപ്പിച്ച സംഭവം നടന്ന കിണർ എവിടെയാണെന്ന് തിരക്കി. അദ്ദേഹം പറഞ്ഞു, "ആ സ്ഥലം ഏതാണ്ട് ആറ് മൈൽ ദൂരെയാണ്. ലാബാന്‍റെ കൃഷിയിടം ഉണ്ടായിരുന്ന ആ പ്രദേശം ഇന്ന് ഒരു ചെറിയ ഗ്രാമമായി നിൽക്കുന്നു. താല്പര്യം ഉണ്ടെങ്കിൽ നമുക്ക് അവിടേയ്ക്കു പോകാം. അവിടെ ഒരു ദേവാലയവും ഏതാനും വിശുദ്ധരായ സന്യാസിവര്യന്മാരുമുണ്ട്. തേരഹ് നേരത്തെ തന്‍റെ കുടുംബത്തോടൊന്നിച്ച് താമസിച്ചിരുന്ന കല്‍ദായരുടെ പ്രദേശം എവിടെയാണെന്ന് ഞാന്‍ മെത്രാനോട് ചോദിച്ചു (ഉല്‍പത്തി 9.28). അദ്ദേഹം ഇങ്ങനെ എനിക്കു വിശദീകരിച്ചു തന്നു, "മകളേ, ഇവിടെ നിന്ന് പേര്‍ഷ്യയിലേക്ക് പോകുന്ന വഴിയില്‍ പത്താമത്തെ സ്ഥലമാണ് അത്. നിസിബസ് ഇവിടെനിന്ന് അഞ്ചാമത്തെ സ്ഥലവും. കല്‍ദായരുടെ നഗരമായിരുന്ന ഊര്‍ അവിടെ നിന്നുള്ള അഞ്ചാമത്തെ സ്ഥലവും ആണ്. ആ പ്രദേശം മുഴുവൻ പേർഷ്യൻ അധീനതയിലാകയാൽ റോമാക്കാര്‍ക്ക് അവിടേക്കുള്ള പ്രവേശനം നിഷിദ്ധമാണ്. ഈ ജില്ലയെ പ്രത്യേകമായി വിളിക്കുന്നത് 'കിഴക്കിന്‍റേത്' എന്നത്രേ. ഇത് റോമ, പേർഷ്യ, കല്‍ദായ ദേശം എന്നിവയുമായുള്ള അതിർത്തിയിലാണ്." ഇവ കൂടാതെ പല കാര്യങ്ങളും അദ്ദേഹം എനിക്ക് മനസ്സിലാക്കിത്തന്നു. അവിടെ ഉണ്ടായിരുന്ന വിശുദ്ധരായ സന്യാസിശ്രേഷ്ഠരും പുരോഹിതഗണവും ഓരോ സംഗതികളും വിശദമാക്കിത്തരുവാൻ ഉത്സുകരായിരുന്നു. നേരത്തെ അവിടെ നിന്ന് മടങ്ങിപ്പോയ ഏകാന്തവാസ സന്യാസിശ്രേഷ്ഠർ ദൈവേഷ്ടപ്രകാരം പ്രവർത്തിക്കുന്ന അതിശയ അടയാളങ്ങളെക്കുറിച്ചും അവർ എന്നോട് പറഞ്ഞു. ഈ സന്യാസിശ്രേഷ്ഠരുടെ ജീവിതചര്യകളെക്കുറിച്ചും എനിക്ക് ഒരു ധാരണ ഉണ്ടാകുവാൻ അവർ ഉത്സാഹിച്ചു. പക്ഷേ, ഒരു കാര്യം ഇവിടെ ശ്രദ്ധയിൽ വെക്കേണ്ടതുണ്ട്. അവർ പറഞ്ഞു തന്ന ഓരോ കാര്യങ്ങളും ഓരോ സംഭവങ്ങളും തികച്ചും വേദഗ്രന്ഥ ബന്ധിയായവ മാത്രമോ ആ വിശുദ്ധരായ ഏകാന്തവാസ സന്യാസിശ്രേഷ്ഠരുമായി ബന്ധപ്പെട്ട അതിശയങ്ങളോ മാത്രമായിരുന്നു.
റാഹേലിന്‍റെ കിണർ; അന്ത്യോഖ്യയിലേക്ക് മടക്കം
രണ്ടു ദിവസം അവിടെ ചെലവഴിച്ച ശേഷം ആ മെത്രാന്‍ ഞങ്ങളെ കൊണ്ടുപോയത് യാക്കോബ് റാഹേലിന്‍റെ ആടുകള്‍ക്ക് കുടിക്കുവാൻ വെള്ളം കോരിക്കൊടുത്ത കിണറിന്‍റെ അടുത്തേക്കായിരുന്നു (ഉൽപത്തി 29.10). ഈ കിണർ ഹാരാനില്‍ നിന്ന് ആറു മൈല്‍ അകലെയാണ്. ഈ സംഭവത്തിന്‍റെ ഓർമ്മ നിലനിർത്തത്തക്കവണ്ണം അവിടെ അതിമനോഹരവും വളരെ വലുതും ആയ ഒരു ദേവാലയം പണികഴിപ്പിച്ചിട്ടുണ്ട്. കിണറിന്‍റെ സമീപത്ത് എത്തിയ ഉടനെ മെത്രാൻ പ്രാർത്ഥന നടത്തുകയും അതേത്തുടർന്ന് ഉൽപത്തി പുസ്തകത്തിൽ നിന്ന് വേദഭാഗം പാരായണം ചെയ്യുകയും ചെയ്തു. അതിനുശേഷം അനുയോജ്യമായ ഒരു സങ്കീർത്തനം ആലപിച്ച് ഒരിക്കൽകൂടി പ്രാർത്ഥിച്ചു. തുടര്‍ന്ന് മെത്രാന്‍ ഞങ്ങളെ അനുഗ്രഹിച്ചു. കിണറിന്നടുത്ത് തന്നെ വളരെ വലിയ ഒരു കല്ല് കിടന്നിരുന്നു. ഈ വലിയ കല്ലാണ് വിശുദ്ധ യാക്കോബ് കിണറിന്‍റെ വാതിൽക്കൽ നിന്ന് ഉരുട്ടി മാറ്റിയത്. ഇന്നും അത് അവിടെ കാണാനുണ്ട്. ദേവാലയത്തിലെ പുരോഹിതരും തങ്ങളുടെ അറകൾ അവിടെത്തന്നെയുള്ള ഏതാനും സന്യാസിശ്രേഷ്ഠരും അല്ലാതെ ആരും ആ കിണറിന്‍റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നില്ല. അവിടെ താമസിക്കുന്ന സന്യാസി ശ്രേഷ്ഠരുടെ പ്രത്യേകത നിറഞ്ഞതും ഇതേവരെ ആരും കേട്ടിട്ടില്ലാത്തതരം ജീവിതചര്യകളെക്കുറിച്ച് മെത്രാന്‍ ഞങ്ങൾക്ക് പറഞ്ഞു തന്നു. ദേവാലയത്തിൽ കയറി പ്രാർത്ഥിച്ചശേഷം മെത്രാന്‍റെ കൂടെ ഞാൻ അവരുടെ അറകളിൽ ചെന്ന് വിശുദ്ധ സന്യാസിശ്രേഷ്ഠരെ സന്ദർശിച്ചു. അറകളിൽ എന്നെ സ്വാഗതം ചെയ്യുവാൻ അവർക്ക് യാതൊരു വൈമനസ്യവും ഉണ്ടായില്ല. അവരുടെ വദനങ്ങളിൽ നിന്ന് വരുന്ന മിതമായ പദപ്രയോഗങ്ങളാല്‍ അവർ എന്നോട് സംസാരിക്കുകയും ചെയ്തു. ഞാന്‍ ദൈവത്തോടും ആ സന്യാസി ശ്രേഷ്ഠരോടും നിർവ്യാജമായ കൃതജ്ഞതയർപ്പിച്ചു. അവരുടെ മനസ്സിന് ചേരുന്നവണ്ണമുള്ള അതിഥികൾക്ക് അറകളിൽ സ്വാഗതം ചെയ്യുന്നതിന്‍റെ ഭാഗമെന്നോണം എനിക്കും കൂടെയുള്ളവർക്കും സന്യസ്തരുടെ രീതികൾക്കനുസൃതമായ ലഘുഭക്ഷണം വിളമ്പുകയും ചെയ്തു.
ഈ സ്ഥലം വളരെ വിസ്തൃതിയുള്ള ഒരു സമതല ഭൂമിയാണ്. അവിടെ നോക്കുമ്പോൾ വലിയൊരു ഗ്രാമപ്രദേശം കാണുവാൻ സാധിക്കും. ഞാൻ നിൽക്കുന്ന ഇടത്തു നിന്ന് ഏതാണ്ട് 500 വാര ദൂരെയുള്ള ഈ ഗ്രാമപ്രദേശം എന്‍റെ ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് ആ പ്രദേശമായിരുന്നു ലാബാന്‍റെ കൃഷിത്തോപ്പ് എന്ന് പറഞ്ഞു തന്നു. ഞങ്ങളുടെ യാത്രാപാത ഈ ഗ്രാമത്തിൽക്കൂടെയാണ്. ഇന്ന് അതിന്‍റെ പേര് 'ഫാദാന്‍' എന്നത്രേ. ഉല്‍പത്തി 28.20-ല്‍ പദ്ദന്‍-അരാം തന്നെയാണ് ഈ ഗ്രാമം. യാക്കോബിന്‍റെ അമ്മായിയപ്പൻ ആയിരുന്നു ലാബാന്‍റെ ഒരു സ്മാരകം മെത്രാന്‍ എന്നെ കാണിച്ചുതന്നു. റാഹേൽ തന്‍റെ പിതാവായ ലാബാന്‍റെ വിഗ്രഹങ്ങൾ മോഷ്ടിച്ച സ്ഥലവും (ഉല്‍പത്തി 31.19) എനിക്ക് കാണുവാൻ സാധിച്ചു. അങ്ങനെ അളവറ്റ ദൈവകൃപയാല്‍ ഈ പ്രദേശത്ത് കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നവയെല്ലാം കണ്ട് സായൂജ്യം അടഞ്ഞ ഞാൻ വിശുദ്ധനായ ആ മെത്രാനോടും അവിടെയുണ്ടായിരുന്ന വിശുദ്ധരായ സന്യാസിമാരോടും യാത്ര പറഞ്ഞു. താമസിയാതെ തന്നെ ഞങ്ങൾ ഇങ്ങോട്ട് വന്ന വഴി തന്നെ അന്ത്യോഖ്യയിലേക്ക് മടങ്ങി.
അന്ത്യോഖ്യയിൽ നിന്ന് തർശീസിലേക്ക്
അന്ത്യോഖ്യയില്‍ തിരികെയെത്തിയ ശേഷം ഒരാഴ്ച അവിടെ താമസിച്ചു. യാത്രയ്ക്കാവശ്യമായ തയ്യാറെടുപ്പുകൾ ഈ സമയം നടത്തേണ്ടതുണ്ടായിരുന്നു. അന്ത്യോഖ്യയില്‍ നിന്ന് യാത്ര ചെയ്ത് വിവിധ കേന്ദ്രങ്ങള്‍ കടന്ന് സിലിഷിയ എന്ന് വിളിക്കുന്ന പ്രവിശ്യയിൽ എത്തിച്ചേർന്നു. ഈ പ്രവിശ്യയിലെ പ്രധാന പട്ടണമാണ് തര്‍ശീസ്. യരുശലേമിലേക്കുള്ള യാത്രയിൽ മുൻപൊരിക്കൽ ഞാൻ തര്‍ശീസിൽ എത്തിയിരുന്നു. തര്‍ശീസിൽ നിന്നുള്ള മൂന്നാമത്തെ കേന്ദ്രമാണ് ഹിസൂറിയ. അവിടെയാണ് വിശുദ്ധ തെക്ലായുടെ സ്മാരകം. അവിടം സന്ദർശിക്കുന്നതില്‍ ഞാൻ വളരെ സന്തുഷ്ടയായിരുന്നു; പ്രത്യേകിച്ച് അത് എന്‍റെ യാത്രാമാർഗത്തോട് ചേർന്നു തന്നെയായിരുന്നല്ലോ.
വിശുദ്ധ തെക്ലായുടെ പേരിലുള്ള ദേവാലയ സന്ദർശനവും കോൺസ്റ്റാന്‍റിനോപ്പിളിലേക്ക് മടക്കവും
തര്‍ശീസിൽ നിന്ന് വീണ്ടും യാത്രയായി; സിലിഷ്യ പ്രവിശ്യയിൽ തന്നെ കടൽത്തീരത്തുള്ള ഒരു നഗരത്തിൽ ഞാൻ എത്തി. പോംഫെപോലീസ് എന്നാണ് ഈ നഗരത്തിന്‍റെ പേര്. അവിടുന്ന് ഹിസൂറിയായുടെ അതിർത്തിയിൽ പ്രവേശിച്ചു. കോറികസ് എന്ന ഒരു നഗരത്തിൽ താമസിച്ചു. മൂന്നാമത്തെ ദിവസം ഹിസൂറിയയിൽ ഉള്ള സെലൂഷ്യാ നഗരത്തിൽ കടന്നു. ആദ്യമേ തന്നെ അവിടുത്തെ മെത്രാനെ ഞാന്‍ പോയി കണ്ടു. സന്യാസിവ്രതം അനുഷ്ഠിച്ചിരുന്ന അദ്ദേഹം വിശുദ്ധിയുടെ നിറകുടം എന്ന് വിശേഷിപ്പിക്കപ്പെടാവുന്ന വ്യക്തിയാണ്. വളരെ മനോഹരമായ ഒരു ദേവാലയം അവിടെ എനിക്ക് കാണുവാൻ സാധിച്ചു. അവിടെ നിന്ന് വിശുദ്ധ തെക്ലായുടെ സ്മാരകത്തിലേക്ക് ഏതാണ്ട് 1500 വാര മാത്രമാണ് ഉള്ളത്. അത് നഗരാതിർത്തിക്കു പുറത്ത് വളരെ ശാന്തമായ അന്തരീക്ഷമാണ്. അവിടേയ്ക്കു പോകാം എന്ന് ഞാൻ തീരുമാനിച്ചു. താമസവും അവിടെ ആക്കാം. എണ്ണിത്തിട്ടപ്പെടുത്താനാവാത്തവണ്ണം അറകൾ അല്ലാതെ, അതും സ്ത്രീകൾക്കും പുരുഷന്മാർക്കും, വേറെ യാതൊന്നും ആ ദേവാലയത്തോടനുബന്ധിച്ച് ഉണ്ടായിരുന്നില്ല. അവിടെ എന്‍റെ ഒരു നല്ല സ്നേഹിതയെ കണ്ടുമുട്ടി. മാര്‍ത്താനാ എന്നു പേരുള്ള ആ സ്നേഹിത കിഴക്കൻ പാരമ്പര്യത്തിൽപെട്ട ഒരു ശെമ്മാശിനിയും അനുകരണീയവും വിശുദ്ധവുമായ ജീവിത സാക്ഷ്യത്തിന് ഉടമയും ആയിരുന്നു. യരുശലേമില്‍ വച്ച് ഒരു പ്രാർത്ഥനാവേളയിലാണ് ഞാൻ മാർത്താനയെ പരിചയപ്പെട്ടത്. കന്യകമാരുടെ അറകളുടെ മേൽനോട്ടം വഹിക്കുന്ന ഉത്തരവാദിത്വം ഇവിടെ മാർത്താനയ്ക്ക് ആയിരുന്നു. ഇവിടെ വച്ച് അപ്രതീക്ഷിതമായി പരസ്പരം കണ്ടുമുട്ടിയപ്പോൾ ഞങ്ങൾ രണ്ടുപേർക്കും ഉണ്ടായ ആനന്ദത്തിന് അതിർവരമ്പുകൾ ഉണ്ടായിരുന്നില്ല. ഏതായാലും നമ്മൾ പറഞ്ഞുവന്ന സംഗതിയിലേക്കു തന്നെ തിരിച്ചുവരാം. ഇവിടെയുള്ള കുന്നിൻപുറത്ത് ധാരാളം അറകള്‍ ഉണ്ട്. ഏതാണ്ട് അവയുടെ മദ്ധ്യത്തിലായി ഒരു വലിയ മതിൽക്കെട്ടും അതിനുള്ളിലായി ദേവാലയവും. ആ ദേവാലയത്തിലാണ് വിശുദ്ധ തെക്ലായുടെ സ്മാരകം അടങ്ങുന്നത്. ഇവിടെ വലിയ മതിൽക്കെട്ട് നിർമ്മിച്ചിരിക്കുന്നത് സുരക്ഷയെ കരുതി മാത്രമാണ്.
ഹിസൂറിയായിൽ ദുഷ്പ്രവൃത്തിക്കാരുടെ സാന്നിധ്യം വളരെ അധികമാണ്. മോഷ്ടാക്കൾ അവർക്കിടയിൽ ഏറെയുണ്ട്. ഇവിടെയുള്ള സന്യാസാശ്രമത്തെ മോഷ്ടാക്കളില്‍ നിന്ന് സംരക്ഷിക്കുക എന്ന ഉദ്ദേശ്യമാണ് ഈ മതിൽക്കെട്ടു നിർമ്മിതിയ്ക്കു പിന്നിൽ. അവിടെ ദൈവകൃപയാൽ എത്തിയ ഞാൻ സ്മാരകത്തിന്നടുത്തു നിന്ന് പ്രാർത്ഥിക്കുകയും വിശുദ്ധ തെക്ലായുടെ പ്രവർത്തനങ്ങൾ അടങ്ങിയ രേഖകൾ വായിക്കുകയും ചെയ്തു. എന്‍റെ അര്‍ഹതയ്ക്കു നിരക്കാത്തവണ്ണം ഇവിടെയൊക്കെ എത്തുവാനും മനസ്സിലാക്കുവാനുമുള്ള എന്‍റെ ആഗ്രഹങ്ങൾ നിവർത്തിച്ചുതരുന്ന ദൈവമായ യേശുക്രിസ്തുവിന് കൃതജ്ഞതാസ്തോത്രം കരേറ്റി. രണ്ടു ദിവസം അവിടെ താമസിച്ച് സന്യാസിമാരെയും സന്യാസിനിമാരെയും കാണുകയും അവർക്കൊപ്പം പ്രാർത്ഥനകളിൽ പങ്കുചേരുകയും ചെയ്തു. തുടർന്ന് തര്‍ശീസിലേയ്ക്ക് തിരിച്ചുപോയി യാത്ര തുടർന്നു. തര്‍ശീസിൽ മൂന്ന് ദിവസത്തെ താമസത്തിനു ശേഷമായിരുന്നു യാത്ര പുനരാരംഭിച്ചത്. ദൈവകൃപയാൽ അന്നുതന്നെ മന്സോക്രിനാ എന്ന സ്ഥലത്ത് എത്തി. ഇത് തര്‍ശീസ് പര്‍വതത്തിനു താഴെയാണ്. അവിടെ രാത്രി തങ്ങി. അടുത്ത ദിവസം തര്‍ശീസ് പർവതത്തിന്‍റെ താഴെക്കൂടെ യാത്ര ചെയ്ത് വിവിധ പ്രവിശ്യകള്‍ കടന്നു. ഈ പാത എനിക്ക് സുപരിചിതമായിരുന്നു. കപ്പദോക്യ, ഗലേഷ്യ, ബിഥുന്യാ പ്രദേശങ്ങള്‍ കടന്ന് കല്‍ക്കദൂനായില്‍ എത്തി. ഇവിടെയാണ് രക്തസാക്ഷിയായ വിശുദ്ധ യൂഫേമിയയുടെ സ്മാരകം. പൗരസ്ത്യ, പാശ്ചാത്യ സഭകള്‍ ഈ രക്തസാക്ഷിയുടെ ഓർമ്മ ആചരിക്കുന്നുണ്ട്. ഇത് എനിക്ക് നേരത്തെ തന്നെ അറിയാവുന്നതായിരുന്നു. തൊട്ടടുത്ത ദിവസം സമുദ്രം കടന്ന് ഞാൻ കോൺസ്റ്റാന്‍റിനോപ്പിൾ നഗരത്തിൽ എത്തിച്ചേർന്നു. കർത്താവായ യേശുക്രിസ്തുവിന് ബലഹീനയും നിസ്സാരയും ആയ ഞാൻ സ്തുതിയും സ്തോത്രവും കരേറ്റട്ടെ. ഈ യാത്രയില്‍ ഉടനീളം എനിക്ക് ശാരീരികവും മാനസികവുമായ കരുത്തും ഉത്തേജനവും തന്നത് ദൈവംതമ്പുരാൻ മാത്രം ആയിരുന്നല്ലോ. അവസാനം, ആഗ്രഹിച്ചതുപോലെ കോൺസ്റ്റാന്‍റിനോപ്പിളില്‍ തിരിച്ചെത്തുകയും ചെയ്തു. അവിടെ എത്തിയശേഷം എല്ലാ ദേവാലയങ്ങളിലും കയറിയിറങ്ങി. അപ്പോസ്തോലന്മാരുടെയും രക്തസാക്ഷികളുടെയും സ്മാരകങ്ങൾ സന്ദർശിച്ചു. കർത്താവായ യേശുക്രിസ്തുവിന് നന്ദിയും സ്തുതിയും കരേറ്റി. ദൈവകൃപയുടെയും സംരക്ഷണയുടെയും സമൃദ്ധമായ നല്‍വരങ്ങളുടെയും ഫലമായി മാത്രമായിരുന്നല്ലോ ഈ അനുഭവങ്ങൾ എല്ലാം തന്നെ. ദൈവനാമത്തിൽ ഈ വിവരണങ്ങൾ കത്തുകളായി ഞാൻ നിങ്ങൾക്ക് അയച്ചുതരാം. ദൈവാശ്രയബോധത്തോടു കൂടെ ഏഷ്യായില്‍ എഫേസോസിലേക്ക് പോകണമെന്ന് ബലഹീനയായ ഞാന്‍ ആഗ്രഹിക്കുന്നു. അപ്പോസ്തോലനായ യോഹന്നാന്‍റെ അനുഗൃഹീത സ്മാരകം അവിടെയാണല്ലോ. ഇതിനുശേഷം ശാരീരികമായി ഞാൻ ആവശ്യത്തിന് ശക്തയാണെങ്കില്‍ മറ്റു ചില സ്ഥലങ്ങൾ സന്ദർശിക്കുവാൻ എനിക്ക് ആഗ്രഹം ഉണ്ട്. അതേപ്പറ്റി ഞാൻ വേറിട്ട് കത്തയച്ച് വിവരങ്ങൾ കൈമാറിക്കൊള്ളാം. പ്രിയപ്പെട്ടവരേ, ഞാൻ ശരീരത്തിൽ ആണെങ്കിലും അല്ലെങ്കിലും നിങ്ങൾ എന്നെ പ്രാർത്ഥനകളിൽ ഓർത്തുകൊള്ളണമേ എന്ന് അപേക്ഷിക്കുന്നു.
യെരുശലേം
1. ദിനംതോറുമുള്ള ആരാധന
1. പ്രഭാത നമസ്കാരം
ഒരുപക്ഷേ നിങ്ങൾക്ക് എല്ലാവർക്കും അറിവുള്ള കാര്യം തന്നെയാണ് നമ്മുടെ ദിനംപ്രതിയുള്ള ആരാധനകളുടെ ക്രമീകരണങ്ങൾ; പ്രത്യേകിച്ച് ദേവാലയങ്ങളിലും ഇതര വിശുദ്ധ സ്ഥലങ്ങളിലും നടക്കുന്നത്. എല്ലാ ദിവസവും അതിരാവിലെ കോഴി കൂകും മുമ്പ് തന്നെ ദേവാലയ വാതിലുകള്‍ തുറക്കുന്നു. സന്യാസിശ്രേഷ്ഠരും കന്യാസ്ത്രീകളും അവിടേക്ക് കടന്നുചെല്ലുന്നു. അവരുടെയൊപ്പം സ്ത്രീപുരുഷ ഭേദം കൂടാതെ അൽമായരും ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. അതിരാവിലെ തന്നെ പ്രാർത്ഥനകൾ ആരംഭിക്കണമെന്ന കാര്യത്തിൽ ഇവരെല്ലാവരും തീക്ഷ്ണത പുലർത്തുന്നവരാണ്. ആ സമയം മുതൽ നേരം വെളുത്തു വരുന്നതുവരെ ഗീതങ്ങളും സങ്കീർത്തനങ്ങളും ആലപിക്കുന്നു. ഓരോ ഗീതവും ആലപിച്ച ശേഷം പ്രാർത്ഥനകൾ നടത്തുന്നു. ഓരോ ഗീതവും ആലപിച്ചശേഷം വൈദികർ, ശെമ്മാശന്മാർ, സന്യാസിമാർ രണ്ടോ മൂന്നോ പേർ ചേര്‍ന്ന് മാറിമാറി പ്രാർത്ഥനകൾ ചൊല്ലുന്ന പതിവാണ് ഉള്ളത്. നേരം വെളുക്കുമ്പോൾ പ്രഭാത നമസ്കാരത്തിന്‍റെ ഗീതങ്ങൾ ആണ് ആലപിക്കുന്നത്. ഈ സമയം ആകുമ്പോഴേക്കും മെത്രാൻ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. അദ്ദേഹത്തോടൊപ്പം ഏതാനും പുരോഹിതൻമാരും കണ്ടേക്കാം. അഴിക്കകത്തു നിന്നുകൊണ്ട് മെത്രാൻ എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുന്നു. പ്രാർത്ഥനയിൽ പ്രത്യേകമായി ഓർക്കേണ്ടതായ പേരുകൾ അദ്ദേഹം എടുത്തു പറയുക പതിവാണ്. അതിനുശേഷം സ്നാനാർത്ഥികൾ ആരെങ്കിലും സന്നിഹിതരായിട്ടുണ്ടെങ്കിൽ അവരെ അദ്ദേഹം അനുഗ്രഹിക്കുന്നു. ഇതിനുശേഷം ഒരു പ്രാർത്ഥന കൂടി നടത്തിയിട്ട് വന്നുകൂടിയിരിക്കുന്ന വിശ്വാസികൾ എല്ലാവർക്കും മെത്രാൻ അനുഗ്രഹവചസുകൾ ആശംസിക്കുന്നു. ഇതുകഴിഞ്ഞ് അദ്ദേഹം അഴിക്കകത്തു നിന്ന് പുറത്തേക്ക് വരുന്നു. അപ്പോൾ സന്നിഹിതരായിരിക്കുന്ന സകല വിശ്വാസികളും ഒന്നൊന്നായി അദ്ദേഹത്തെ സമീപിച്ച് കൈ മുത്തിയ ശേഷം പിരിഞ്ഞു പോകുന്നു. അപ്പോഴേക്കും നേരം നന്നായി വെളുത്തിട്ടുണ്ടാകും.
2 ആറാം മണി നമസ്കാരം
ഇതേപോലെ തന്നെ ആറാം മണി നേരത്തും എല്ലാവരും ആരാധനയ്ക്കായി ഒരുമിച്ചു കൂടുന്നു. വിശ്വാസികൾ രണ്ട് ഗണമായി നിന്ന് ഗീതാലാപനം നടത്തുന്നു; സങ്കീർത്തനാലാപനം നടത്തുന്നു. അപ്പോഴേക്കും മെത്രാൻ ആഗതനാകുന്നു. പ്രഭാതത്തില്‍ എന്നപോലെതന്നെ തന്‍റെ സ്ഥാനത്ത് ഉപവിഷ്ടനാകാതെ അഴിക്കകത്തേയ്ക്ക് അദ്ദേഹം കടന്നുചെന്ന് ഒരു പ്രാർത്ഥന ചൊല്ലുന്നു. അതെത്തുടർന്ന് വിശ്വാസ സമൂഹത്തെ അനുഗ്രഹിക്കുകയും അഴിക്കകത്തുനിന്ന് പുറത്തേക്ക് വരികയും ചെയ്ത് വിശ്വാസികൾക്ക് കൈമുത്തുവാൻ അവസരം കൊടുക്കുന്നു. ഇതേ ക്രമം തന്നെ ഒമ്പതാം മണി നമസ്കാരത്തിലും അനുഷ്ഠിക്കുന്നു.
3. സന്ധ്യാനമസ്കാരം
പത്താം മണി നേരം ആകുമ്പോഴേക്കും മുമ്പ് ചെയ്തിരുന്നതുപോലെ തന്നെ എല്ലാവരും ആരാധനയ്ക്കായി വീണ്ടും ഒത്തുകൂടുന്നു. മെഴുകുതിരികളും വിളക്കുകളും തെളിക്കുന്നു. ദേവാലയം ആകെ പ്രകാശമയമായി മാറുന്നു. അഴിക്കകത്ത് മുഴുവൻസമയം പ്രകാശിച്ചുകൊണ്ടിരിക്കുന്ന ഒരു ദീപം കാണാം. അതിൽ നിന്നാണ് തിരികളിലേക്ക് പ്രകാശം പകരുന്നത്. സന്ധ്യാ നമസ്കാരത്തിന് വേണ്ടതായ സങ്കീർത്തനങ്ങളും ഗീതങ്ങളും നേരത്തെ ആലപിച്ച അതേ ക്രമത്തിൽ തന്നെ ആലപിക്കുന്നു. സന്ധ്യാ നമസ്കാരത്തില്‍ ഗീതാലാപനം മുമ്പിലത്തേക്കാൾ കൂടുതൽ സമയത്തേക്കുണ്ട്. ഈ സമയം ആകുമ്പോഴേക്കും മെത്രാൻ ആഗതനാകുന്നു. അദ്ദേഹം ഉയർന്ന ഒരു ഇരിപ്പിടത്തില്‍ ഉപവിഷ്ടനാകുന്നു. പുരോഹിതരും അവരവർക്കായി നിർണയിക്കപ്പെട്ടിരിക്കുന്ന സ്ഥാനങ്ങളിൽ ഉപവിഷ്ടരാകുന്നു. സങ്കീർത്തനാലാപനങ്ങളും ഗീതാലാപനങ്ങളും കുറെ സമയത്തേക്ക് കൂടി തുടരുന്നു. അതു കഴിയുമ്പോൾ മെത്രാൻ തന്‍റെ ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റ് അഴിയകത്തിനു മുമ്പിലായി നിൽക്കുന്നു. ശെമ്മാശന്മാരിൽ ഒരുവൻ കടന്നുവന്ന് പതിവിന്‍പ്രകാരം ഓർക്കേണ്ടതായ വ്യക്തികളുടെ പേരുകൾ വായിക്കുന്നു. ഓരോ പേരുകൾ ശെമ്മാശൻ ഉച്ചത്തിൽ പറയുമ്പോൾ സന്നിഹിതരായിരിക്കുന്ന ചെറിയ കുട്ടികൾ ഉയർന്ന ശബ്ദത്തിൽ പ്രതിവാക്യമെന്നവണ്ണം 'കുറിയേ - ലായിസോൻ' എന്ന് ചൊല്ലുന്നു. ഈ ചടങ്ങ് ശെമ്മാശന്‍ പൂർത്തിയാക്കി കഴിയുമ്പോൾ മെത്രാൻ ഒരു പ്രാർത്ഥന നടത്തുന്നു. അദ്ദേഹം കൂടിവന്നിരിക്കുന്ന എല്ലാവർക്കുംവേണ്ടി പ്രാർത്ഥിക്കുന്നു. തുടര്‍ന്ന് എല്ലാവരും, വിശ്വാസികളും സ്നാനാർത്ഥികളും ഒരുമിച്ച് പ്രാർത്ഥിക്കുന്നു. ഇതിനുശേഷം ശെമ്മാശന്‍ ഉയർന്ന ശബ്ദത്തിൽ എല്ലാവരും തങ്ങളുടെ തലകള്‍ കുനിക്കുവാൻ ആഹ്വാനം ചെയ്യുന്നു. മെത്രാന്‍ തന്‍റെ സ്ഥാനത്ത് നിന്നുകൊണ്ട് സ്നാനാര്‍ത്ഥികൾക്ക് അനുഗ്രഹ വചസുകൾ ആശംസിക്കുന്നു. തുടർന്ന് ഒരു പ്രാർത്ഥന നടത്തുന്നു; ശെമ്മാശന്‍ വിശ്വാസികളോട് തല കുനിക്കാൻ ആഹ്വാനം ചെയ്യുന്നു. ഈ സമയം മെത്രാന്‍ വിശ്വാസികളെ അനുഗ്രഹിക്കുന്നു. ഇതോടെ ദേവാലയത്തിലെ ചടങ്ങുകൾക്ക് സമാപ്തിയാകുന്നു. ജനസമൂഹം മെത്രാന്‍റെ അടുത്തെത്തി കൈ മുത്തുകയും ചെയ്യുന്നു. ഇതിനു ശേഷം മെത്രാനെ ദേവാലയത്തിൽ നിന്ന് കുരിശിന്‍റെ അടുത്തേക്ക് ആനയിക്കുന്നു. വന്നുകൂടിയിരിക്കുന്ന ജനസമൂഹം മെത്രാനെ അനുഗമിക്കുന്നു. ആദ്യത്തെ പ്രാർത്ഥനയ്ക്കു ശേഷം സ്നാനാർത്ഥികളെയും രണ്ടാമത്തെ പ്രാർത്ഥനയ്ക്കുശേഷം വിശ്വാസികളെയും അനുഗ്രഹിക്കുന്നു. തുടർന്ന് മെത്രാൻ ഉൾപ്പെടെ എല്ലാവരും കുരിശിന്‍റെ മറുവശത്തേക്ക് മാറുന്നു, ഇതുവരെ നടന്നതെല്ലാം അവിടെ ആവർത്തിക്കുന്നു. മനോഹരമായ സ്ഫടിക വിളക്കുകൾ അവിടെ ധാരാളം കാണാനുണ്ട്, ദേവാലയത്തിലും കുരിശിന്നടുത്തും. രാത്രിയാകുന്നതു വരെ ഇവ പ്രകാശിച്ചു തന്നെയിരിക്കും. ഇങ്ങനെയാണ് ദിനംപ്രതിയുള്ള ആരാധനയുടെ ക്രമം.
ഞായറാഴ്ചത്തെ ആരാധന
1. ശ്രദ്ധയോടെയുള്ള സംബന്ധം
ഏഴാം ദിവസം അതായത് കര്‍ത്തൃ ദിവസം ആ പ്രദേശത്തുള്ള ജനസഞ്ചയം മുഴുവൻ, കോഴി കൂകുന്നതിനും മുമ്പുതന്നെ നേരത്തെ പറഞ്ഞ ദേവാലയത്തിന്‍റെ അടുത്ത് ബസലിക്കയ്ക്ക് സമീപം എത്തിച്ചേരുന്നു. അവിടം നിറഞ്ഞു കവിയത്തക്കവണ്ണം വിശ്വാസിസമൂഹം ഈ സമയത്ത് അവിടെ ഉണ്ടാകും. വാതിലിനു പുറത്തായിട്ടായിരിക്കും അവർ കൂടിനിൽക്കുന്നത്. ഈ ആവശ്യം മുൻനിർത്തി ധാരാളം വിളക്കുകൾ തയ്യാറാക്കിയിട്ടുണ്ടാകും (കർത്തൃ ദിവസത്തെ ഏഴാം ദിവസം എന്ന് പറയുവാൻ കാരണം മറ്റ് ആറു ദിവസങ്ങളെപ്പറ്റി പ്രതിപാദിച്ചു കഴിഞ്ഞതിനാൽ മാത്രമാണ്). കോഴി കൂകുന്നതിനു മുമ്പായി ആരും അകത്തു കടന്ന് ഇരിക്കരുത് എന്നതുകൊണ്ടാണ് ഇങ്ങനെ ഒരു ക്രമീകരണം. നേരത്തെ വിശദീകരിച്ചപ്രകാരം നമസ്കാര വേളകളിൽ ആലപിച്ചിരുന്നതുപോലെ ഇപ്പോഴും ഗീതങ്ങൾ ആലപിച്ചുകൊണ്ടാണ് വിശ്വാസികൾ കാത്തുനിൽക്കുന്നത്. ഗീതാലാപനങ്ങൾക്കിടയിൽ പ്രാർത്ഥനകളും നടത്തുന്നുണ്ട്. ഈ സമയത്ത് പുരോഹിതരുടെയും ശെമ്മാശന്മാരുടെയും സാന്നിധ്യം ഉണ്ടായിരിക്കും. വിശുദ്ധ സ്ഥലങ്ങൾ ഒരിക്കലും കോഴി കൂകുന്നതിനു മുമ്പ് തുറന്നുവെക്കുന്ന രീതിയില്ല. കോഴിയുടെ ആദ്യ കൂവല്‍ കേൾക്കുന്ന മാത്രയിൽ മെത്രാൻ കടന്നുവന്നു ദേവാലയത്തിന്‍റെ അഴിക്കകത്തേക്ക് പ്രവേശിക്കുന്നു. ഈ സമയം ദേവാലയത്തിന്‍റെ വാതിലുകൾ തുറക്കുകയും വിശ്വാസിസമൂഹം ദേവാലയത്തിനുള്ളിലേക്ക് കടന്നു ചെല്ലുകയും ചെയ്യുന്നു. ദേവാലയത്തിനുള്ളിൽ എണ്ണമില്ലാത്തവണ്ണം ദീപങ്ങൾ കത്തിനിൽക്കുന്നുണ്ടാവും. വിശ്വാസിസമൂഹം ദേവാലയത്തിലേക്ക് പ്രവേശിച്ചു കഴിയുമ്പോൾ പുരോഹിതരിൽ ഒരാൾ ഒരു സങ്കീർത്തനം ആലപിക്കുന്നു; ജനം അവരോടു ചേർന്ന് ആലാപനത്തിൽ പങ്കുചേരുന്നു. തുടർന്ന് ഒരു പ്രാർത്ഥന നടത്തുകയും ശെമ്മാശന്മാരിൽ ഒരാൾ സങ്കീര്‍ത്തനാലാപനവും അതേ തുടർന്ന് ഒരു പ്രാർത്ഥന കൂടി നടത്തുകയും ചെയ്യുന്നു. മൂന്നാമതൊരിക്കല്‍ പുരോഹിതരിൽ ഒരാൾ സങ്കീർത്തനം ആലപിക്കുന്നു, വീണ്ടും പ്രാർത്ഥന നടത്തുന്നു. ഇതിനുശേഷം ഓർമ്മ പ്രാർത്ഥനയാണ്. അങ്ങനെ മൂന്ന് സങ്കീർത്തനാലാപനങ്ങളും പ്രാർത്ഥനകളും കഴിയുമ്പോൾ അഴിക്കകത്തേക്ക് ധൂപക്കുറ്റി കൊണ്ടുവരുന്നു. അതോടെ ദേവാലയ അന്തരീക്ഷം ബസിലിക്ക ഉൾപ്പെടെ സുഗന്ധവാസന കൊണ്ട് നിറയുന്നു (ക്രൈസ്തവ ദേവാലയങ്ങളിലെ ആരാധനാവേളകളിൽ ധൂപാര്‍പ്പണം നടത്തുന്നതിനെ കുറിച്ചുള്ള ഏറ്റവും ആദ്യ പരാമർശം ഒരു പക്ഷേ ഈ ഗ്രന്ഥത്തില്‍ ആകണം). ഈ സമയം മെത്രാൻ തന്‍റെ കയ്യിൽ സുവിശേഷ ഗ്രന്ഥം എടുത്ത് അഴിക്കകത്തുതന്നെ അതിന്‍റെ വാതിൽക്കലേക്ക് നീങ്ങിനിൽക്കുന്നു. അവിടെ നിന്നുകൊണ്ട് കർത്താവിന്‍റെ പുനരുത്ഥാനം വിവരിക്കുന്ന വേദഭാഗം അദ്ദേഹം വായിക്കുന്നു. ഈ ഭാഗം വായിക്കുമ്പോൾ വിശ്വാസികളിൽ പലരും നെടുവീർപ്പിടുകയും ഏങ്ങലടിക്കുകയും കണ്ണീർവാർക്കുകയും ഒക്കെ ചെയ്യുന്നത് സാധാരണയാണ്. കർത്താവ് മനുഷ്യ സമൂഹത്തിനു വേണ്ടി അനുഭവിച്ച പങ്കപ്പാടുകളെക്കുറിച്ച് വായിച്ചു കേൾക്കുമ്പോൾ എത്ര കഠിനഹൃദയനായാലും കണ്ണീർ വാർത്തു പോകും. സുവിശേഷ വായനയ്ക്കുശേഷം മെത്രാൻ കുരിശിനു സമീപത്തേക്ക് ആനയിക്കപ്പെടുന്നു. ജനസമൂഹം അദ്ദേഹത്തെ അനുഗമിക്കുന്നു. സങ്കീർത്തനാലാപനവും പ്രാർത്ഥനയും കഴിഞ്ഞ് മെത്രാൻ ജനസമൂഹത്തെ അനുഗ്രഹിക്കുന്നു. അദ്ദേഹം പുറത്തേക്ക് വരികയും വിശ്വാസികൾ അദ്ദേഹത്തിന്‍റെ കൈമുത്തുകയും ചെയ്യുന്നു. ഇതേത്തുടർന്ന് മെത്രാൻ തന്‍റെ വാസസ്ഥാനത്തേക്ക് പിൻവാങ്ങുന്നു. അതേസമയം സന്യാസി ശ്രേഷ്ഠരെല്ലാവരും ദേവാലയത്തിലേക്ക് തന്നെ പ്രവേശിക്കുകയും താല്പര്യമുള്ള അത്മായ സഹോദരങ്ങൾക്കൊപ്പം സങ്കീർത്തനാലാപനവും ഗീതാലാപനവും പ്രാർത്ഥനകളും നടത്തിക്കൊണ്ട് പ്രഭാത വെളിച്ചമാകുന്നതുവരെ ദേവാലയത്തിൽ തുടരുകയും ചെയ്യുന്നു. വിശ്വാസികളിൽ കുറേപ്പേരെങ്കിലും സ്വഭവനങ്ങളിലേക്ക് മടങ്ങുകയും ഉറക്കത്തിലേക്ക് ആണ്ടുപോകുകയും ചെയ്തിട്ടുണ്ടാകും.
2. പ്രഭാത ശുശ്രൂഷ
പ്രഭാതം പൊട്ടിവിടരുമ്പോഴേക്കും എല്ലാവരും, ഇന്ന് കര്‍ത്തൃദിവസമായതിനാൽ, കോണ്‍സ്റ്റന്‍റയിന്‍ രാജാവ് പണികഴിപ്പിച്ച വലിയ ദേവാലയത്തിലേക്ക് എത്തിച്ചേരുന്നു. ഈ ദേവാലയം ഗോല്‍ഗോഥായിൽ കുരിശിന് പിന്നിലായിട്ടാണ് സ്ഥിതിചെയ്യുന്നത്. കര്‍ത്തൃ ദിവസം ഏതൊരു ദേവാലയത്തിലും ഉണ്ടാകേണ്ടതായ സർവ്വ അനുഷ്ഠാനങ്ങളും, വിശുദ്ധ കുർബാനയർപ്പണം ഉൾപ്പെടെ, ഇവിടെ ക്രമീകരിച്ചിരിക്കുന്നു. എന്നാൽ ഒരു സവിശേഷതയുണ്ട്. ആരാധനയിൽ ഭാഗഭാക്കാകുവാൻ തയാറായി വന്നിരിക്കുന്ന പുരോഹിതന്മാരിൽ താല്പര്യമുള്ള ഏതൊരാൾക്കും, പ്രബോധനം നടത്തുവാൻ അവസരം ഉണ്ട്. അവരുടെ പ്രബോധനങ്ങൾക്ക് ശേഷം മെത്രാനും വിശ്വാസികളെ അഭിസംബോധന ചെയ്യുന്നു. ഇത്രയധികം പ്രബോധനങ്ങൾ കര്‍ത്തൃ ദിവസത്തിന്‍റെ പ്രത്യേകതയാണ്; കാരണം, കൂടിവന്നിരിക്കുന്ന വിശ്വാസി സമൂഹത്തെ വേദങ്ങളിൽ നിന്നുള്ള മർമ്മങ്ങൾ മനസ്സിലാക്കിക്കൊടുക്കുവാൻ ഇത് നല്ല അവസരം ആണല്ലോ. ഇത്രയധികം പ്രബോധനങ്ങൾ ഉള്ളതിനാൽ ശുശ്രൂഷയുടെ ദൈർഘ്യം വളരെയധികമാണ്. പലപ്പോഴും നാലാം മണി വരെ, അല്ലെങ്കിൽ അഞ്ചാം മണി വരെ ഈ ശുശ്രൂഷ നീണ്ടുപോകാറുണ്ട്. ഇവയുടെ അവസാനത്തിൽ സന്യാസിമാരുടെ അകമ്പടിയോടെ മെത്രാൻ ചെറിയ ദേവാലയത്തിൽ പ്രവേശിക്കുന്നു. അപ്പോഴേക്കും ഇതിന്‍റെ വാതിലുകൾ തുറന്നിട്ടുണ്ടാവും. വിശ്വാസികള്‍ ഉള്ളിലേക്കു പ്രവേശിക്കുമ്പോൾ സ്നാനാർത്ഥികൾ പുറത്തു തന്നെ നിൽക്കുന്നു. ഇതിനകം മെത്രാന്‍ അഴിക്കകത്തേക്കു കയറിയിട്ടുണ്ടാകും. ഈ സമയമത്രയും സന്യാസിമാർ ഗീതാലാപനം നടത്തിക്കൊണ്ടേയിരിക്കും. മെത്രാന്‍ അഴിക്കകത്തു നിന്നുകൊണ്ട് ദൈവത്തിന് കൃതജ്ഞത കരേറ്റിയശേഷം പ്രാർത്ഥന നടത്തുന്നു. ഒരു ശെമ്മാശന്‍ ജനം എല്ലാം തങ്ങളുടെ തലകള്‍ കുനിക്കുവാന്‍ ആഹ്വാനം ചെയ്യുന്നു. അഴിക്കകത്തു നിന്നുകൊണ്ടുതന്നെ മെത്രാൻ അനുഗ്രഹിക്കുകയും പുറത്തേക്കു വന്നു കൈമുത്തുവാൻ വിശ്വാസികൾക്ക് അവസരം കൊടുക്കുകയും ചെയ്യുന്നു. അങ്ങനെ ആരാധനാ സംബന്ധിയായ ചടങ്ങുകൾ ഏറെക്കുറെ ആറാം മണി വരെ നീണ്ടുനിൽക്കുന്നു.
എല്ലാ ദേവാലയങ്ങളിലും ഇതേ രീതി തന്നെയാണ് പിന്തുടർന്നു പോരുന്നത്. മറ്റു വിശേഷ ദിവസങ്ങളിൽ ഈ രീതികൾക്ക് ചില വ്യത്യാസങ്ങൾ ഒക്കെ ഉണ്ടാകും. ഇതേപ്പറ്റി പുറകെ വിശദീകരിക്കുന്നുണ്ട്. പ്രത്യേകമായിട്ട് ഇവിടെ ഓർത്തിരിക്കുവാനുള്ള ഒരു കാര്യം, ദിവസം മുഴുവനും, അതാത് യാമങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് ഉചിതമായ സങ്കീർത്തനങ്ങളും ഗീതങ്ങളും ആലപിച്ചുകൊണ്ടേയിരിക്കുന്നു എന്നതാണ്. പെന്തിക്കുസ്തി ഞായർ ഒഴികെയുള്ള എല്ലാ ഞായറാഴ്ചകളിലും വിശ്വാസികൾ ഗോല്‍ഗോഥായിൽ കോണ്‍സ്റ്റന്‍റയിന്‍ പണികഴിപ്പിച്ച വലിയ ദേവാലയത്തിൽ തന്നെ പോകുകയാണ് പതിവ്. പെന്തിക്കുസ്തി ദിവസം വിശ്വാസികൾ സീനായ് ദേവാലയത്തിൽ പോകുന്നു. അവിടെ മൂന്നാം മണിക്ക് മുമ്പേ അവർ എത്തുകയും അവിടുത്തെ ആരാധന പൂർത്തിയാകുന്നതുവരെ തുടരുകയും ചെയ്യുന്നു. നേരത്തെ പറഞ്ഞ വലിയ ദേവാലയത്തിലെ പോലെ തന്നെ ആരാധന തീരുവാൻ ഇവിടെയും ഏറെ സമയം എടുക്കുന്നുണ്ട്.
(ഇവിടെ ഒരു പേജ് നഷ്ടപ്പെട്ടിട്ടുണ്ട്)
III
ദനഹായുടെ ആഘോഷങ്ങൾ
1. രാത്രി സമയം ബേത് ലഹേമില്‍
"കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു" (വിശുദ്ധ മത്തായി 21.9). കാൽനടയായി വരുന്ന സന്യാസിമാർ തങ്ങളുടെ നടപ്പിന്‍റെ വേഗത, പരസ്പരം വ്യക്തമായി മുഖം കാണുവാൻ തക്ക വെളിച്ചം വീഴുമ്പോഴേക്കും യരുശലേമിൽ എത്തുവാൻ പാകത്തിന്, ക്രമീകരിക്കുക പതിവാണ്; അതായത് നേരം വെളുപ്പായി വരുമ്പോൾ മാത്രം അവിടെ എത്തുമ്പോൾ മെത്രാൻ ഉൾപ്പെടെ വിശ്വാസികളെല്ലാം ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. ഈ സമയം ദേവാലയത്തിനുള്ളിൽ ധാരാളം വിളക്കുകൾ കത്തിജ്വലിക്കുന്നുണ്ടാകും. ആദ്യം സങ്കീർത്തനാലാപനവും തുടർന്ന് പ്രാർത്ഥനയും നടക്കുന്നു. ഇത് കഴിഞ്ഞ് മെത്രാൻ ആദ്യം സ്നാനാർത്ഥികളെയും (വിശ്വാസ പഠിതാക്കൾ) അതിനുശേഷം വിശ്വാസികളെയും അനുഗ്രഹിക്കുന്നു. ഇതോടെ മെത്രാൻ തന്‍റെ വാസസ്ഥലത്തേക്ക് മടങ്ങുകയും സന്യാസിമാർ ഒഴികെയുള്ള മറ്റെല്ലാവരും വിശ്രമത്തിനായി തങ്ങളുടെ ഇടങ്ങളിലേക്ക് പോകുകയും ചെയ്യുന്നു. സന്യാസിമാരാകട്ടെ, നേരം പൂർണമായും വെളുക്കുന്നതു വരെ ദേവാലയത്തിൽ ഗീതാലാപനത്തിൽ മുഴുകുകയും ചെയ്യുന്നു.
2. യരുശലേമിലെ പ്രഭാത പ്രാർത്ഥന
വിശ്രമത്തിനുശേഷം രണ്ടാം മണിയുടെ ആരംഭത്തിൽ എല്ലാവരും ഗോൽഗോഥായിലെ വലിയ ദേവാലയത്തിൽ എത്തിച്ചേരുന്നു (കുറിപ്പ്: ഈ ഭാഗത്ത് എഥേറിയയുടെ വിവരണത്തിൽ എവിടെയോ ഒരു ആശയക്കുഴപ്പം സംഭവിച്ചിട്ടുണ്ടെന്ന് പിൽക്കാലത്ത് പണ്ഡിതന്മാർ കണ്ടെത്തിയിട്ടുണ്ടത്രേ).
ചെറിയ ദേവാലയത്തിലായാലും ഗോൽഗോഥായിലെ ദേവാലയത്തിലായാലും ബേത് ലഹേമിലായാലും അവിടെയുള്ള ആകർഷണീയതയും മനോഹാരിതയും ആവർത്തിച്ചാവർത്തിച്ച് വിവരിക്കുന്നതിൽ അർത്ഥമില്ലല്ലോ. അവിടെ സ്വർണവും രത്നങ്ങളും പട്ടുവിരികളും തന്നെ നിറഞ്ഞു നിൽക്കുന്നത്. തിരശീല കളും വാതിൽ മറകളും ശുദ്ധമായ പട്ടുകൊണ്ട് നെയ്യപ്പെട്ടവയാണ്, അവയിൽ സ്വർണം കൊണ്ടുള്ള അലങ്കാരങ്ങളും ധാരാളം. ദേവാലയത്തിലെ വിശുദ്ധ പാത്രങ്ങൾ സ്വർണത്തിൽ പണിയപ്പെട്ടവയാണ്. ഈ പാത്രങ്ങൾ ആ ദിവസം പുറത്തെടുക്കുന്നു. അവയുടെ എണ്ണവും ഭാരവും തിട്ടപ്പെടുത്തുക പ്രയാസമത്രേ. തന്‍റെ മാതാവിന്‍റെ നിർദ്ദേശപ്രകാരം കോൺസ്റ്റന്‍റയിന്‍ രാജാവാണ് ഇത്രയേറെ വിലപിടിപ്പുള്ളവണ്ണം ഇവയൊക്കെ അലങ്കരിച്ച് മോടി പിടിപ്പിച്ചത്. ഈദൃശ ആർഭാട അലങ്കാരങ്ങൾ ദേവാലയങ്ങളിലും യരുശലേമിലെ ഇതര വിശുദ്ധ ഇടങ്ങളിലും കാണാൻ സാധിക്കുന്നുണ്ട്. ഇനി നമ്മൾ പറഞ്ഞു വന്ന കാര്യത്തിലേക്ക് തിരികെ പോകാം. ഈ ദിവസത്തിന് ഉപയുക്തമായ വേദഭാഗ വായനകളും പ്രബോധനങ്ങളും ഗീതാലാപനങ്ങളും ഒക്കെ ഗോൽഗോഥായിലെ ദേവാലയത്തിൽ പൂർത്തീകരിക്കുന്നു. ആറാം മണിയോടെ ആരാധനാ സംബന്ധിയായ ചടങ്ങുകൾക്ക് അവസാനമാകുന്നു (കുറിപ്പ്: എഥേറിയ എടുത്തു പറയുന്നില്ലെങ്കിലും വിശുദ്ധ കുർബാനയർപ്പണം ഈ സമയത്തിനകം നടന്നിട്ടുണ്ടാകും.)
3. പെരുന്നാളിന്‍റെ അഷ്ട ദിനാഘോഷങ്ങൾ
രണ്ടാം ദിവസവും മൂന്നാം ദിവസവും വിശ്വാസികൾ നേരത്തെ വിശദമാക്കിയ ക്രമപ്രകാരം ഗോൽഗോഥായിലെ ദേവാലയത്തിലേക്ക് പോകുന്നു. ഈദൃശ ആനന്ദാനുഭൂതികളോടെ മൂന്നുദിവസം ആറാം മണി വരെ കോൺസ്റ്റന്‍റയിന്‍ രാജാവ് പണികഴിപ്പിച്ച ഈ ദേവാലയത്തിൽ പെരുന്നാൾ ആഘോഷങ്ങൾ നടക്കുന്നു. നാലാം ദിവസമാകട്ടെ, ഇതേപോലെതന്നെ പെരുന്നാൾ ആഘോഷങ്ങൾ നടക്കുന്നത് ഒലിവ് മലയിലെ എലിയോന ദേവാലയത്തിലാണ്. അഞ്ചാം ദിവസം യെരുശലേമിൽ നിന്ന് ആയിരത്തി അഞ്ഞൂറിൽപ്പരം വാര അകലെയുള്ള ലാസേറിയം ദേവാലയത്തിലും ആറാം ദിവസം സീയോനിലും (ഈ ദേവാലയം ലാസറിന്‍റെ നാമത്തിലാണെന്ന് മനസ്സിലാക്കുന്നു; ഇവിടെ ലാസറിന്‍റെ പുനരുത്ഥാന പെരുന്നാൾ ആഘോഷിക്കുന്നുണ്ട്). ഏഴാം ദിവസം നേരത്തെ പറഞ്ഞിട്ടുള്ള ചെറിയ ദേവാലയത്തിലും എട്ടാം ദിവസം കുരിശിന്നടുത്തും ആഘോഷങ്ങൾ ക്രമീകരിക്കപ്പെട്ടിരിക്കുന്നു. അങ്ങനെ നേരത്തെ പറഞ്ഞിരിക്കുന്ന എല്ലാ വിശുദ്ധ സ്ഥലങ്ങളിലുമായി പെരുന്നാൾ ആഘോഷിക്കുന്നു. ഇതോടു സമാനമായിത്തന്നെ ഈ എട്ടു ദിവസങ്ങളിൽ ബേത് ലഹേമിലും അതേ ആഹ്ളാദാരവങ്ങളോടെ പെരുന്നാൾ ആഘോഷം നടക്കുന്നു. വൈദികരും സന്യാസികളും ഈ ആഘോഷങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. ഇത് കഴിഞ്ഞ് എല്ലാവരും രാത്രിയോടെ മെത്രാന്‍റെ സാന്നിധ്യത്തിൽ യെരുശലേമിലേക്കു മടങ്ങുന്നു. രാത്രിയിൽ ഗീതാലാപനങ്ങളുമായി വിശ്വാസികളും സന്യാസികളും ദേവാലയത്തിൽ ഉണ്ടാകും. ഈ ദിവസങ്ങളിലെല്ലാം മെത്രാൻ യരുശലേമിൽ തന്നെയുണ്ടാകണമെന്ന് നിഷ്കർഷിക്കപ്പെട്ടിട്ടുണ്ട്. ഈ അനുഗൃഹീത ആഘോഷങ്ങളിൽ ഭാഗഭാക്കാകുവാൻ വലിയ ജനക്കൂട്ടം, സന്യാസിമാരും അത്മായരും, സ്ത്രീപുരുഷ ഭേദമെന്യേ യരുശലേമില്‍ സന്നിഹിതരാകുന്നുണ്ട്.
4. വിശുദ്ധ കുർബാന
ദനഹാപ്പെരുന്നാളിന്‍റെ നാല്പതാം ദിവസം വളരെയധികം പ്രാധാന്യത്തോടെ ആചരിച്ചുപോന്നിരുന്നു. അന്ന് ദേവാലയത്തിൽ എത്തിച്ചേരുന്ന എല്ലാവരും പങ്കെടുക്കുന്ന ഒരു പ്രദക്ഷിണം ഉണ്ട്. കര്‍ത്താവിന്‍റെ ഉയിർപ്പു പെരുന്നാൾ ആഘോഷങ്ങളുടെ ചടങ്ങുകൾ പോലെതന്നെ ഇതോട് അനുബന്ധിച്ച് നടക്കുന്നുണ്ട്. സന്നിഹിതരായിരിക്കുന്ന പുരോഹിതരും അവർക്കുശേഷം മെത്രാനും പ്രബോധനങ്ങൾ നടത്തുന്നു. സുവിശേഷത്തിൽ വിശദീകരിച്ചിരിക്കുന്ന 'ദേവാലയ പ്രവേശം', അതായത് യേശുവിന്‍റെ ജനനപെരുന്നാളിനു ശേഷം നാല്പതാം ദിവസം, യേശുവിനെ ദേവാലയത്തിലേക്ക് യൗസേഫും മറിയയും കൊണ്ടുവന്ന സംഭവം ഇവിടെ ഓർക്കുന്നു. വന്ദ്യ വയോധികനായ ശെമയോനും ഫെനുവേലിന്‍റെ പുത്രിയും പ്രവാചകിയുമായ ഹന്നയും ശിശുവായ യേശുവിനെ ഈ അവസരത്തിൽ ആണല്ലോ കണ്ടത്. പ്രബോധനങ്ങളിൽ ഇവർ പറഞ്ഞ വാക്കുകളും യൗസേഫും മറിയയും സമർപ്പിച്ച വഴിപാടുകളും ധ്യാനവിഷയമാകുന്നുണ്ട്. ആചാരങ്ങളനുസരിച്ചുള്ള ചടങ്ങുകളും വിശുദ്ധ രഹസ്യങ്ങളുടെ ആഘോഷവും (വിശുദ്ധ കുർബാനാര്‍പ്പണം) നടക്കുന്നു; അതേ തുടർന്ന് എല്ലാവരും പിരിഞ്ഞു പോകുന്നു.
(കുറിപ്പ്: മേൽപ്പറഞ്ഞ പെരുന്നാൾ ഫെബ്രുവരി 14 നോ 15 നോ ആയിരുന്നു ആചരിക്കാറ്. അതായത് ജനുവരി 6-ന്‍റെ ദനഹാപ്പെരുന്നാളിനു ശേഷം നാൽപ്പതാം ദിവസം)
IV
നോമ്പ്
പീഡാനുഭവവാരം ആചരിക്കുന്നതിന്‍റെ രീതികൾ ഇങ്ങനെയാണ്: ഉയിർപ്പു പെരുന്നാളിനു മുമ്പ് 40 ദിവസം നോമ്പ്, ഉപവാസം ആയിരിക്കണം. അതനുസരിച്ച് എട്ട് ആഴ്ചകൾ ഉയിർപ്പിന് മുമ്പ് ക്രമപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ എട്ട് ആഴ്ചകൾ നീക്കിവെക്കുവാനുള്ള കാരണം കര്‍ത്തൃ ദിവസങ്ങളിലും ഉയിർപ്പിന് തലേന്നത്തേത് ഒഴിച്ചുള്ള ശാബത് ദിവസങ്ങളിലും നോമ്പും ഉപവാസവും പാടില്ല എന്നത് കണക്കിലെടുത്തുകൊണ്ടാണ്. ഉയിർപ്പിനു തൊട്ടു തലേ ദിവസം നോമ്പ്, ഉപവാസം നിർബന്ധമാണല്ലോ. ആ ഒരു ദിവസം ഒഴിച്ചുള്ള ശാബത് ദിവസങ്ങൾ ആണ്ടടക്കം നോമ്പും ഉപവാസവും പാടില്ല. അങ്ങനെ എട്ട് ആഴ്ചകളിൽ നിന്ന് 15 ദിവസം കുറയുമ്പോൾ 41 ദിവസം ആകും. ഇതാണ് ഉയിർപ്പു പെരുന്നാളിനോട് ചേർന്നുള്ള നോമ്പ്, ഉപവാസ ദിനങ്ങൾ.
1. ഞായറാഴ്ച ദിവസങ്ങളിലെ ആരാധന
കര്‍ത്തൃ ദിവസം ആദ്യത്തെ കോഴി കൂവൽ കഴിയുമ്പോൾ ചെറിയ ദേവാലയത്തിൽ നിന്നുകൊണ്ട് മെത്രാൻ സുവിശേഷഭാഗം പാരായണം ചെയ്യുന്നു. കര്‍ത്തൃ ദിവസങ്ങളിൽ, ആണ്ടടക്കം, സുവിശേഷ വായന കർത്താവിന്‍റെ പുനരുത്ഥാന സംബന്ധിയായ സംഭവങ്ങൾ മാത്രമായിരിക്കും. ഈ കാര്യങ്ങൾ തന്നെ കുരിശിന്‍റെ ഭാഗത്തും ചെയ്യുന്നു. വർഷം മുഴുവൻ കര്‍ത്തൃ ദിനാചരണം ഇങ്ങനെ തന്നെയായിരിക്കും. നേരം വെളുക്കുന്നതു വരെ ഇത് നീണ്ടു നിൽക്കുന്നു. പ്രഭാതമാകുമ്പോൾ എല്ലാവരും 'മാർട്ടീരിയം' എന്നു കൂടി വിളിക്കുന്ന വലിയ ദേവാലയത്തിലേക്ക്, അതായത് കുരിശിനു പിമ്പിൽ ഗോൽഗോഥായിലെ വലിയ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. കര്‍ത്തൃ ദിവസം ചെയ്യേണ്ടതായ എല്ലാ കാര്യങ്ങളും അതാതിന്‍റെ ക്രമപ്രകാരം ഇവിടെ ചെയ്യുന്നു. ഇവിടത്തെ ശുശ്രൂഷകൾ പര്യവസാനിക്കുന്ന മുറയ്ക്ക് ഗീതാലാപനത്തോടു കൂടി എല്ലാവരും ചെറിയ ദേവാലയത്തില്‍ എത്തുന്നു. എല്ലാ കര്‍ത്തൃ ദിവസങ്ങളിലും ഒരേപോലെ തന്നെ ഇവ നിര്‍വഹിക്കപ്പെടുന്നു. അപ്പോഴേക്കും അഞ്ചാം മണി ആയിട്ടുണ്ടാകും. ആരാധനയുടെ തുടർ ഭാഗങ്ങൾ അതാത് സമയങ്ങളിൽ ചെറിയ ദേവാലയത്തിലും കുരിശിനു സമീപവും മറ്റ് വിശുദ്ധ ഇടങ്ങളിലും ക്രമമായി അനുഷ്ഠിക്കപ്പെട്ട് പൂർണമാകുന്നു.
2. മറ്റു ദിവസങ്ങളിലെ ആരാധന
ആഴ്ചയുടെ രണ്ടാം ദിവസം ആദ്യത്തെ കോഴി കൂവലോടെ എല്ലാവരും ചെറിയ ദേവാലയത്തിലേക്ക് പോകുന്നു. ആണ്ടടക്കം ഇത് അങ്ങനെ തന്നെ ആയിരിക്കും. പതിവുപ്രകാരം വേണ്ടതായ എല്ലാ കാര്യങ്ങളും അവിടെ അനുഷ്ഠിക്കപ്പെടുന്നു. മൂന്നാം മണിയാകുമ്പോൾ വീണ്ടും വിശ്വാസിസമൂഹം ചെറിയ ദേവാലയത്തിലേക്ക് ചെല്ലുന്നു. ക്രമപ്രകാരം വേണ്ടതായ കാര്യങ്ങളൊക്കെ പൂർത്തീകരിക്കുന്നു. ആറാം മണി നേരത്തും അങ്ങനെ തന്നെ ചെയ്യുന്നു. വര്‍ഷം മുഴുവൻ ഈ അനുഷ്ഠാനങ്ങൾ ഇതേപോലെ തന്നെ ആയിരിക്കും. ഒമ്പതാം മണി നേരത്തും അങ്ങനെ തന്നെ ഓരോ ചടങ്ങുകളും അനുഷ്ഠിക്കുന്നു. എല്ലാ വിശുദ്ധ ഇടങ്ങളിലും ഇവകൾക്ക് യാതൊരു മാറ്റവും ഉണ്ടാകുകയില്ല. ആഴ്ചയിൽ മൂന്നാം ദിവസം ഓരോ അനുഷ്ഠാനങ്ങളും രണ്ടാം ദിവസം നടന്നതുപോലെ തന്നെ ആയിരിക്കും.
3. ബുധനും വെള്ളിയും
വീണ്ടും ആഴ്ചയിലെ നാലാം ദിവസം രാത്രിയിൽ തന്നെ വിശ്വാസികൾ ചെറിയ ദേവാലയത്തിൽ എത്തുന്നു. പതിവുപോലെയുള്ള ചടങ്ങുകൾ പ്രഭാതം വരെയും പിന്നീട് മൂന്നാം മണി നേരത്തും ആറാം മണി നേരത്തും സാധാരണയുള്ള പ്രാർത്ഥനകളും വായനകളും ക്രമപ്രകാരം പൂർത്തീകരിക്കുന്നു. ഒമ്പതാം മണി ആകുമ്പോഴേക്കും എല്ലാവരും സീയോനിലേക്ക് പോകുന്നു. ആഴ്ചയിലെ നാലാം ദിവസവും ആറാം ദിവസവും, ആണ്ടടക്കം, ഈ രീതിയാണ് പിന്തുടർന്നു വരുന്നത്. ഈ ദിവസങ്ങളിൽ അവിടെ ഉപവാസം ക്രമീകരിച്ചിരിക്കുന്നു എന്നതാണ് ഇതിനു കാരണം. വിശ്വാസ പഠിതാക്കളും ഈ രീതി തന്നെയാണ് അനുവർത്തിക്കുന്നത്. എന്നാൽ ഈ ദിവസങ്ങളിൽ ഒരു രക്തസാക്ഷിദിനം വരികയാണെങ്കിൽ മാത്രം ഇതിനു മാറ്റം വരുന്നു. പുറപ്പാട് 1.1-2.10, യോവേൽ 1.14-20, ആവർത്തനം 6.4-7.10, ഇയ്യോബ് 6.2-7.13 മുതലായ വേദഭാഗങ്ങൾ ഈ ആരാധനയിൽ ഉപയോഗിക്കുന്നു. എന്തെങ്കിലും കാരണവശാൽ നാലാമത്തെയോ ആറാമത്തെയോ ദിവസം ഒരു രക്തസാക്ഷിദിനം വരുമെങ്കിൽ അന്ന് ഒമ്പതാം മണിയുടെ ആരാധനയ്ക്കായി സീയോനിലേക്ക് പോകുന്ന രീതി ഇല്ല. ഒമ്പതാം മണിയുടെ ആരാധന സീയോനിൽ നടത്തുന്നത് ആണ്ടടക്കം ചെയ്തുപോരുന്ന ആചാരങ്ങൾക്ക് അനുസൃതമായി തന്നെ ആയിരിക്കും. നേര്‍ച്ച സമർപ്പണം മാത്രം ഉണ്ടായിരിക്കുകയില്ല. മെത്രാന്‍റെയും പുരോഹിതരുടെയും അർത്ഥസമ്പുഷ്ടമായ പ്രബോധനങ്ങൾ ആരാധനയുടെ ഭാഗമാണ്. ഇവിടെ ചടങ്ങുകൾ പൂർണമാകുന്നതോടെ ഗീതാലാപനങ്ങളോടെ മെത്രാൻ ചെറിയ ദേവാലയത്തിലേക്ക് ആനയിക്കപ്പെടുന്നു. വൈകുന്നേരത്തെ പ്രാർത്ഥനകൾ നടത്തുന്നത് ചെറിയ ദേവാലയത്തിലും കുരിശിന്‍റെ സമീപത്തും ആണ്. അവിടെ ഗീതങ്ങൾ ആലപിക്കുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്യുന്നു. മറ്റു ദിവസങ്ങളെ അപേക്ഷിച്ച് ബുധൻ, വെള്ളി ദിവസങ്ങളിൽ ആരാധന പൂർണമാകുമ്പോൾ കൂടുതൽ വൈകിയിട്ടുണ്ടാവും. ഇത് വർഷം മുഴുവൻ ഉള്ള പതിവാണ്. ആഴ്ചയിലെ അഞ്ചാം ദിവസത്തെ ശുശ്രൂഷകൾ എല്ലാം തന്നെ രണ്ടും മൂന്നും ദിവസങ്ങൾക്കു സമാനമായിത്തന്നെയാണ്. നേരത്തെ വിശദീകരിച്ചതുപോലെ നാലും ആറും ദിവസങ്ങളിലെ ചിട്ടകള്‍ എല്ലാം, ഒമ്പതാം മണി നേരം സീയോനിൽ പോകുന്നതുവരെ, ഒരേ പോലെ തന്നെയാണ്; മെത്രാനെ ചെറിയ ദേവാലയത്തിലേക്ക് ആനയിക്കുന്നതുൾപ്പെടെ.
4. ശനിയാഴ്ച
ആഴ്ചയിലെ ആറാം ദിവസം ചെറിയ ദേവാലയത്തിൽ സീയോനിൽ നിന്ന് വിശ്വാസികൾ എത്തിച്ചേരുന്ന മുറയ്ക്ക് പ്രഭാതം വരെയും ഗീതാലാപനം നടത്തിക്കൊണ്ടാണ് ശാബത് ആയിരുന്ന ശനിയാഴ്ചയിലേക്കു കടക്കുന്നത്. സൂര്യന്‍ ഉദിക്കുമ്പോഴേക്കും നേർച്ചകാഴ്ചകൾ സമർപ്പിച്ച് ആരാധനയ്ക്ക് പര്യവസാനമാകുന്നു. രാത്രി മുഴുവൻ സങ്കീർത്തനാലാപനം നടക്കുന്നു. വേദവായനകളും ഇതോടു ചേർന്ന് മാറി മാറി ഉണ്ടാകും. സൂര്യോദയത്തോടെ മാത്രമാണ് ആരാധനയുടെ ചടങ്ങുകൾ അവസാനിക്കുന്നത്. ശാബത് ദിവസം മറ്റു ദിവസങ്ങളെ അപേക്ഷിച്ച് നേരത്തെ കാര്യങ്ങൾ തീരുന്നതിനാൽ ഉപവാസവും നേരത്തെ തന്നെ പൂർത്തീകരിക്കപ്പെടുന്നു. ഉപവാസത്തിന്‍റെ ചിട്ടകൾപ്രകാരം കര്‍ത്തൃ ദിവസം അഞ്ചാം മണിയോടു കൂടെ ആരാധനകൾ പൂർണ്ണമാകുകയും ദീർഘനേരം ഉപവാസം അനുഷ്ഠിച്ചവര്‍ക്ക് അധികം വൈകാതെ ഭക്ഷണം കഴിക്കുവാൻ അവസരം ഒരുങ്ങുകയും ചെയ്യുന്നു. ശാബതിന്‍റന്ന് ഉപവാസം നേരത്തെ അവസാനിപ്പിക്കുന്നത് കര്‍ത്തൃ ദിവസം പ്രഭാത ഭക്ഷണം കഴിക്കുവാൻ സഹായകരമാണ്. ചെറിയ ദേവാലയത്തിലെ ആരാധന നേരത്തെ അവസാനിപ്പിക്കുവാന്‍ കാരണം ഇത് തന്നെയാണ്. ഉപവാസം അനുഷ്ഠിക്കുന്നവരും അല്ലാത്തവരും ചെറിയ ദേവാലയത്തിൽ ഈ രീതി തന്നെ പിന്തുടരുന്നു.
5. ഉപവാസം
40 ദിവസത്തെ നോമ്പുകാലത്ത് ഉപവാസം അനുഷ്ഠിക്കുന്ന രീതി ഇങ്ങനെയാണ്: കര്‍ത്തൃ ദിവസം ആരാധന തീരുന്ന മുറയ്ക്ക് ഭക്ഷണം കഴിച്ചാല്‍, അതായത് അഞ്ചാം മണി നേരത്തോ, ആറാം മണി നേരത്തോ ഭക്ഷണം കഴിച്ചാല്‍, പിന്നീട് ആ ആഴ്ചയില്‍ അടുത്ത ശാബത് അവസാനിക്കുന്നതുവരെ ഭക്ഷണം കഴിക്കുന്നില്ല; അതായത് ശാബത് നാളിലെ ആരാധന തീരുന്നതുവരെ. ഈ രീതിയാണ് അവർ പിന്തുടർന്നു പോന്നത്.
ശാബത് ദിവസം രാവിലെ ഭക്ഷണം കഴിച്ചശേഷം വീണ്ടും കഴിക്കുന്നത് കര്‍ത്തൃ ദിവസം ദേവാലയത്തിൽ നിന്ന് പുറത്തുവന്ന ശേഷം. അതായത് അഞ്ചാം മണി നേരത്തോ, അത് കഴിഞ്ഞോ ആയിരിക്കും. നേരത്തെ പറഞ്ഞപോലെ ഇതിനുശേഷം അടുത്ത ശാബത് ദിനം വരെ പ്രഭാത ഭക്ഷണം കഴിക്കുകയില്ല. അതായത് ഇവിടുത്തെ രീതിയനുസരിച്ച് പുരുഷന്മാരും സ്ത്രീകളും ഭക്ഷണം കഴിക്കുന്നുവെങ്കിൽ ദിവസം ഒരു നേരം മാത്രമാണ് കഴിക്കുക. ഇത് 40 ദിവസത്തെ നോമ്പ് കാലത്ത് മാത്രം ആകണമെന്നില്ല, ആണ്ടടക്കവും ആകാം. അങ്ങനെയുള്ളവര്‍ ആഴ്ച മുഴുവന്‍ ഉപവസിക്കുവാന്‍ പ്രയാസം നേരിടുന്നുവെങ്കിൽ ആഴ്ചയുടെ മദ്ധ്യ ദിവസം രാത്രി ഭക്ഷണം കഴിക്കുന്നു. ഈ രീതിയും പ്രയാസമായി തോന്നുന്നവർ 40 ദിവസത്തെ നോമ്പുകാലത്ത് ആഴ്ചയിൽ രണ്ടു ദിവസം മാത്രം ഉപവസിക്കുകയാണ് പതിവ്. ഇനി അതിലും ബുദ്ധിമുട്ടുണ്ടെങ്കിൽ രാത്രി ഭക്ഷണം മാത്രം കഴിക്കുന്ന രീതി, 40 ദിവസവും ക്രമപ്പെടുത്തുന്നു.
ഓരോരുവനും എത്രകണ്ട് ഉപവാസം അനുഷ്ഠിക്കുന്നു എന്ന ഒരു കണക്കെടുപ്പ് നടത്താറില്ല. ഓരോരുവനും അവനവന്‍റെ കഴിവനുസരിച്ച് മാത്രമാണ് ഉപവാസം അനുഷ്ഠിക്കുന്നത്. കൂടുതൽ ദിവസം ഉപവസിച്ചവരെ പുകഴ്ത്തുകയോ കുറവ് ദിവസം ഉപവസിച്ചവരെ ഇകഴ്ത്തുകയോ ചെയ്യുന്ന ഒരു രീതി ഒരിക്കലും ഇല്ല. 40 ദിവസത്തെ നോമ്പു കാലത്ത് ഭക്ഷണരീതി ഏതാണ്ട് ഇങ്ങനെയാണ്: വളരെ നേർമയായ അപ്പം, എണ്ണ ചേർത്ത അപ്പം, വൃക്ഷങ്ങളില്‍ നിന്നുള്ള ഫലമൂലാദികൾ എന്നിവയൊന്നും ഈ കാലത്ത് രുചിച്ചു നോക്കുക പോലുമില്ല. വെള്ളവും മാവും മാത്രം ചേർത്ത് ഉണ്ടാക്കിയ പരുക്കന്‍ അപ്പം ആണ് കഴിക്കുന്നത്. ഒരാഴ്ചത്തെ ഉപവാസം കഴിയുമ്പോൾ ചെറിയ ദേവാലയത്തിൽ ചെല്ലുന്നത് ആറാം ദിവസം വൈകുന്നേരം മുതൽ ശാബതു നാള്‍ പ്രഭാതം വരെ സീയോനിൽ നിന്ന് സങ്കീർത്തനാലാപനം നടത്തിക്കൊണ്ടാണ്. 40 ദിവസത്തെ നോമ്പു കാലത്ത് ആദ്യത്തെ ആഴ്ചയിലെന്നപോലെതന്നെ രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ് ആഴ്ചകളിലും യാതൊരു ഭേദവും കൂടാതെ അനുഷ്ഠാനങ്ങൾ നടക്കുന്നു.
V
വിശുദ്ധ വാരവും ഉയിർപ്പു പെരുന്നാളും
1. ഓശാന ഞായറാഴ്ചയുടെ തലേ ശനിയാഴ്ച - ബഥാന്യയില്‍
ഏഴാമത്തെ ആഴ്ചയുടെ ആരംഭത്തിൽ, അതായത് ഉയിർപ്പ് പെരുന്നാളിന് രണ്ടാഴ്ച ബാക്കിയുള്ളപ്പോൾ, ചടങ്ങുകള്‍ എല്ലാം അവയ്ക്ക് മുമ്പുള്ള ആഴ്ചകളിൽ എങ്ങനെ ആയിരുന്നുവോ അതേപോലെ തന്നെ ആയിരിക്കും. എന്നാല്‍ ഒരേയൊരു വ്യത്യാസം ഇതാണ്: ആദ്യത്തെ ആറ് ആഴ്ചകളിലും ചെറിയ ദേവാലയത്തിൽ നടത്തിയിരുന്ന ആരാധനകൾ ഏഴാമത്തെ ആഴ്ച സീയോനില്‍ ആയിരിക്കും. ക്രമങ്ങൾക്ക് യാതൊരു വ്യത്യാസവും ഉണ്ടായിരിക്കുകയില്ല. സങ്കീർത്തനാലാപനങ്ങളും ഗീതാലാപനങ്ങളും ആ ദിവസത്തോടും ആരാധന നടക്കുന്ന ഇടത്തോട്ടും ബന്ധപ്പെട്ടവയായിരിക്കും.
ശാബത് ദിവസം പുലരുമ്പോള്‍ മെത്രാന്‍റെ കാഴ്ചയര്‍പ്പണം നടക്കുന്നു. ആരാധനയുടെ അവസാനം പ്രധാന ശെമ്മാശന്‍ ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു പറയുന്നു: "ഏഴാം മണിയോടെ ലാസേറിയത്തില്‍ ഒരുമിച്ചുകൂടത്തക്കവണ്ണം എല്ലാവരും തയ്യാറാകണം." (കുറിപ്പ്: പഴയ അർമ്മീനിയൻ വേദവായനക്കുറിപ്പിൽ ഇങ്ങനെ കാണുന്നുണ്ട്: "പെസഹായ്ക്കു മുമ്പുള്ള ആറാം ദിവസം, ശാബത് നാളിൽ എല്ലാവരും ലാസേറിയം എന്ന ദേവാലയത്തിൽ വന്നുചേരുന്നു." സങ്കീര്‍ത്തനം 30.3, 1 തെസ്സലോനിക്യര്‍ 4.12-17, വി. യോഹന്നാന്‍ 11.55-12.11 എന്നീ വേദഭാഗങ്ങൾ ആരാധനയിൽ വായിക്കുന്നു.) അങ്ങനെ ഏഴാം മണിയോടെ വിശ്വാസിസമൂഹം ബെഥാന്യയിലെ ലാസേറിയം ദേവാലയത്തിൽ എത്തിച്ചേരുന്നു. നഗരത്തിൽ നിന്ന് രണ്ടു മൈൽ അകലെയാണ് ബെഥാന്യ. യെരുശലേമില്‍ നിന്ന് യാത്രയാകുമ്പോൾ ഏതാണ്ട് അഞ്ഞൂറിലധികം വാര നടക്കേണ്ടി വരുന്നു (കുറിപ്പ്: ഇവിടെയും ചെറിയ ആശയക്കുഴപ്പമുണ്ട്). ഇവിടെ ഒരു ദേവാലയം സ്ഥിതിചെയ്യുന്നിടത്താണ് ലാസറിന്‍റെ സഹോദരി മറിയം യേശുവിനെ എതിരേറ്റത് (വി. യോഹന്നാൻ 11.29, 30). മെത്രാന്‍ കടന്നുവരുന്നതോടെ സന്യാസിശ്രേഷ്ഠര്‍ എല്ലാവരും വിശ്വാസി സമൂഹവും ഈ ദേവാലയത്തില്‍ പ്രവേശിക്കുന്നു. ഗീതാലാപനത്തെത്തുടര്‍ന്ന് ലാസറിന്‍റെ സഹോദരി കർത്താവിനെ കണ്ടതായ വേദഭാഗം പാരായണം ചെയ്യുന്നു. പ്രാർത്ഥനയ്ക്കുശേഷം മെത്രാൻ വിശ്വാസി സമൂഹത്തെ അനുഗ്രഹിക്കുന്നു. തുടർന്ന് ഗീതാലാപനത്തോടെ എല്ലാവരും ലാസേറിയം ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. ലാസേറിയവും പരിസരപ്രദേശങ്ങളും ചുറ്റുമുള്ള കൃഷിയിടങ്ങൾപോലും ഈ സമയത്ത് ജനനിബിഡമാകുന്നു. സന്ദര്‍ഭത്തിനു ചേരുന്ന ഗീതങ്ങൾ ആലപിക്കുന്നു; ഉചിതമായ വേദഭാഗങ്ങൾ വായിക്കുന്നു. ആരാധനയുടെ ചടങ്ങുകൾ അവസാനിക്കുന്നതിനു മുമ്പ് ഉയിർപ്പു പെരുന്നാളിനോട് ബന്ധപ്പെട്ട കാര്യങ്ങൾ ജനങ്ങൾക്ക് അറിയിപ്പായി നൽകുന്നു. തുടർന്ന് പുരോഹിതൻ ഒരു ഉയർന്ന പീഠത്തിലേക്കു കയറി നിന്നുകൊണ്ട് സുവിശേഷഭാഗം വായിക്കുന്നു: "പെസഹായിക്കു ആറ് ദിവസം മുമ്പ് യേശു, താൻ മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർപ്പിച്ച ലാസർ പാർത്തിരുന്ന ബെഥാന്യയിൽ വന്നു. ..." ഈ വായനയുടെ പൂർത്തീകരണത്തോടെ അറിയിപ്പുകൾ നൽകി ചടങ്ങുകൾ പര്യവസാനിക്കുന്നു. ഈ ദിവസം ഇങ്ങനെ നടത്തുന്നതിനു കാരണം സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച് ഈ സംഭവങ്ങൾ നടക്കുന്നത് പെസഹായ്ക്ക് ആറു ദിവസം മുമ്പാണ്. ശാബത് മുതൽ ആഴ്ചയുടെ അഞ്ചാം ദിവസം വരെ ആറ് ദിവസം ഉണ്ടല്ലോ. അന്ന് അത്താഴശേഷമാണല്ലോ രാത്രിയിൽ തന്നെ കർത്താവ് ബന്ധനസ്ഥനാക്കപ്പെട്ടത്. ഇതേത്തുടർന്ന് എല്ലാവരും നഗരത്തിൽ ചെറിയ ദേവാലയത്തിലേക്കു തന്നെ പോകുന്നു; ആചാരപ്രകാരം അവിടെ തുടർന്നുള്ള ആരാധനകള്‍ നടക്കുന്നു.
2. ഓശാന ഞായർ
(a) ദേവാലയങ്ങളിലെ ആരാധന
അടുത്ത ദിവസം കര്‍ത്തൃ ദിവസമാണ്. പീഡാനുഭവ വാരത്തിന്‍റെ ആരംഭം. പീഡാനുഭവ വാരം 'വലിയ ആഴ്ച' എന്ന് വിളിക്കപ്പെടുന്നു. ചെറിയ ദേവാലയത്തിലും കുരിശിനു സമീപവുമായി കോഴി കൂവുന്ന സമയം മുതൽ പ്രഭാതം വരെ ക്രമപ്രകാരം ആരാധനകൾ നടക്കുന്നു. കര്‍ത്തൃ ദിനത്തിലെ പ്രഭാതം പൊട്ടി വിരിയുന്നതോടെ വിശ്വാസി സമൂഹം മാര്‍ട്ടീരിയം എന്നു വിളിക്കപ്പെടുന്ന വലിയ ദേവാലയത്തിലേക്ക് ചെല്ലുന്നു. നമ്മുടെ കർത്താവ് നിഷ്ക്കരുണം പീഡകൾ സഹിച്ച ഗോല്‍ഗോഥായില്‍ കുരിശിനു പിറകിലായി സ്ഥിതിചെയ്യുന്നതിനാലാണ് ഈ ദേവാലയം മാര്‍ട്ടീരിയം എന്ന് വിളിക്കപ്പെടുന്നത്. ക്രമാനുസൃതമുള്ള ആരാധനകൾ പൂർത്തീകരിക്കപ്പെടുന്നതോടെ പ്രധാന ശെമ്മാശൻ ഉച്ച ശബ്ദത്തിൽ ഇങ്ങനെ പറയുന്നു: "ഈയാഴ്ച എല്ലാ ദിവസവും, നാളെ മുതൽ, എല്ലാവരും ഒമ്പതാം മണിയോടെ മാര്‍ട്ടീരിയത്തിൽ, അതായത് വലിയപള്ളിയില്‍ എത്തിച്ചേരേണ്ടതാണ്." വീണ്ടും ശബ്ദം ഉയർത്തി അദ്ദേഹം പറയുന്നു; "ഇന്ന് ഏഴാം മണിയോടെ എല്ലാവരും 'എലിയോന'യില്‍ കൂടിവരേണ്ടതാണ്." ഇവിടത്തെ ചടങ്ങുകൾ പൂർണ്ണമാകുന്ന തോടെ, അതായത് മാര്‍ട്ടീരിയത്തിലെ ചടങ്ങുകൾ, ഗീതാലാപനത്തോടെ മെത്രാൻ ചെറിയ ദേവാലയത്തിലേക്ക് ആനയിക്കുപ്പെടുന്നു. കര്‍ത്തൃ ദിനത്തിലെ ക്രമപ്രകാരമുള്ള ചടങ്ങുകൾ പൂർത്തിയാകുന്ന മുറയ്ക്ക് എല്ലാവരും ഭക്ഷണം കഴിക്കുവാനായി സ്വഭവനങ്ങളിലേക്ക് നീങ്ങുന്നു. ഏഴാം മണിയുടെ ആരംഭത്തോടെ ഒലിവുമലയിലെ എലിയോന ദേവാലയത്തിൽ എത്തിച്ചേരേണ്ടതുണ്ട്. നമ്മുടെ കർത്താവ് ജനങ്ങളെ പഠിപ്പിക്കുവാൻ പലപ്പോഴും ഇരുന്നിരുന്ന ഗുഹ ഇവിടെയാണ്.
(b) ഒലിവീന്തൽ തലകളുമായി ഒലിവ് മലയിൽ നടക്കുന്ന പ്രദക്ഷിണം
ഏഴാം മണിയാകുന്നതോടെ വിശ്വാസിസമൂഹം ഒലിവ് മലയിൽ, അതായത് എലിയോനയിൽ എത്തിച്ചേരുന്നു. മെത്രാനോടൊപ്പം അവർ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. ഈ ദിവസത്തിന് അനുയോജ്യമായ ഗീതങ്ങൾ ആലപിക്കുകയും വേദഭാഗങ്ങൾ വായിക്കുകയും ചെയ്യുന്നു. ഇവയെല്ലാം സാധാരണ പതിവനുസരിച്ച് തന്നെയത്രേ. ഒമ്പതാം മണിയാകുമ്പോഴേക്കും എല്ലാവരും ഒലിവ് മലയിൽ തന്നെയുള്ള ഇംബൊമന്‍ എന്ന ഭാഗത്ത് എത്തുന്നു. നമ്മുടെ കർത്താവ് സ്വർഗ്ഗാരോഹണം ചെയ്തത് ഇവിടെ നിന്നാണ്. ഇവിടെയും ഗീതാലാപനങ്ങളോടെയാണ് ജനം കടന്നുവരുന്നത്. സ്വർഗ്ഗാരോഹണം ചെയ്ത ആ സ്ഥലത്ത് മെത്രാന്‍ എത്തുമ്പോഴേക്കും പതിവിന്‍പ്രകാരം ജനം എല്ലാം ഇരിക്കുന്നു. ശെമ്മാശന്മാര്‍ ഈ സമയം നില്‍ക്കുകയായിരിക്കും. ഉചിതമായ, സന്ദര്‍ഭത്തിനും സ്ഥലത്തിനും ഉചിതമായ, ഗീതാലാപനങ്ങളും വേദവായനകളും പ്രാര്‍ത്ഥനകളും സാധാരണ പതിവുപോലെ തന്നെ നടക്കുന്നു. പതിനൊന്നാം മണിയോടെ, കുട്ടികൾ ഒലിവീന്തൽ തലകളെടുത്ത്, "ദാവീദിന്‍ പുത്രന് ഓശാന, കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു, അത്യുന്നതങ്ങളിൽ ഓശാന," എന്നു പാടിക്കൊണ്ട് കർത്താവിനെ എതിരേറ്റ അതേ സ്ഥലത്ത് എല്ലാവരും കൂടി വരുന്നു. ഉടനെതന്നെ മെത്രാനും വിശ്വാസിഗണവും ഒലിവ് മലയുടെ മുകളിൽ നിന്ന് കാൽനടയായി പ്രദക്ഷിണം ആരംഭിക്കുന്നു. അവർ ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ടാണ് നടക്കുന്നത്, "കർത്താവിന്‍റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവനാകുന്നു." ചുറ്റുപാടുകളിൽ ഉള്ള കുട്ടികൾ എല്ലാവരും ഒലിവിന്‍റെ കമ്പുകൾ കയ്യിൽ പിടിച്ചുകൊണ്ട് പ്രദക്ഷിണത്തിൽ പങ്കാളികളാകുന്നു. നടക്കാന്‍ പ്രായമായിട്ടില്ലാത്ത കുഞ്ഞുങ്ങളെ മാതാപിതാക്കൾ കൈയ്യിലെടുത്തുകൊണ്ട് ഇതിൽ പങ്കുചേരുന്നു. അവർ, അന്ന് കർത്താവിനെ എങ്ങനെ ആനയിച്ചുവോ, അതേപോലെ മെത്രാനെയും ആനയിക്കുന്നു. കൂടിവന്നിരിക്കുന്ന വിശ്വാസ സമൂഹം ഒന്നായി, സ്ഥാനമാന വലുപ്പം ഗണിക്കാതെ, കാൽനടയായി മെത്രാനെ അനുധാവനം ചെയ്യുന്നു. മേല്പറഞ്ഞ അതേ വാചകങ്ങൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞുകൊണ്ടാണ് വിശ്വാസി സമൂഹം ഒലിവ് മലയിൽ നിന്ന് മെത്രാന്‍റെയൊപ്പം നഗരത്തിലേക്ക് നടക്കുന്നത്. ജനസമൂഹത്തിന് ശാരീരികമായ ക്ഷീണം ഉണ്ടാകാതെയിരിക്കുവാൻ ഈ പ്രദക്ഷിണം വളരെ സാവകാശമാണ് നടത്തുന്നത്. അവർ ചെറിയ ദേവാലയത്തിലേക്ക് സാവകാശം എത്തിച്ചേരുന്നു. അവിടെ എത്തുമ്പോഴേക്കും വളരെ വൈകിയിട്ടുണ്ടാകാമെങ്കിലും കുരിശിനു സമീപം വൈകുന്നേരത്തെ പ്രാർത്ഥന കൂടി നടത്തിയശേഷം മാത്രമായിരിക്കും പിരിഞ്ഞു പോകുന്നത്.
(3) ഹാശാ ആഴ്ചയിലെ തിങ്കൾ
അടുത്ത ദിവസം, അതായത് ആഴ്ചയിലെ രണ്ടാമത്തെ ദിവസം ആദ്യത്തെ കോഴി കൂവല്‍ തുടങ്ങി എല്ലാ കാര്യങ്ങളും പ്രഭാതമാകുന്നതുവരെ ചെറിയ ദേവാലയത്തിൽ നടക്കുന്നു. നാല്പതു ദിവസത്തെ നോമ്പിന്‍റെ നാളുകളിൽ എങ്ങനെ ആയിരുന്നുവോ അതേപോലെ തന്നെ മൂന്നാം മണിയുടെയും ആറാം മണിയുടെയും ആരാധനകൾ പൂർണമാകുന്നു. ഒമ്പതാം മണിയോടെ പ്രാർത്ഥനകൾ മാര്‍ട്ടീരിയത്തിൽ അതായത് വലിയ ദേവാലയത്തിലാണ്. ഇവിടെ ഗീതാലാപനം, ഉചിതമായ വേദഭാഗ വായനകൾ, പ്രാർത്ഥനകൾ ഇവ ഇടവിട്ടിടവിട്ട് കഴിക്കുന്നു. സമയം ആകുമ്പോഴേക്കും വൈകുന്നേരത്തെ പ്രാർത്ഥനയും നടത്തി വിശ്വാസികൾ മാര്‍ട്ടീരിയത്തിൽ നിന്ന് പിരിയുന്നു. ഈ സമയം മെത്രാന്‍ ചെറിയ ദേവാലയത്തിൽ പ്രവേശിക്കുന്നു. അവിടെ ഒരു ഗീതം ആലപിക്കുകയും പ്രാർത്ഥന നടത്തുകയും ചെയ്തിട്ട് മെത്രാന്‍ ആദ്യം വിശ്വാസ പഠിതാക്കളെയും തുടർന്ന് വിശ്വാസികളെയും അനുഗ്രഹിക്കുന്നു. ഇതോടെ ജനം പിരിഞ്ഞു പോവുകയും ചെയ്യുന്നു. വേദവായനകളിൽ ഉല്പത്തി 1.1-3.20, സദൃശ്യവാക്യങ്ങൾ 1.1-9, യെശയ്യാവ് 9.1-8 ഇവ ഉൾപ്പെടുന്നു.
(4) ഹാശാ ആഴ്ചയിലെ ചൊവ്വ
ആഴ്ചയുടെ മൂന്നാം ദിവസം ആരാധന സംബന്ധമായ ചടങ്ങുകള്‍ എല്ലാം തന്നെ രണ്ടാം ദിവസത്തേതിന് സമാനമാണ്. എന്നാല്‍ ഒരു വ്യത്യാസം പ്രകടമായി കാണാന്‍ സാധിക്കുന്നു. രാത്രിയാകുമ്പോള്‍ മാര്‍ട്ടീറിയത്തിലെ ആരാധനയും ചെറിയ ദേവാലയത്തിലെ ചടങ്ങുകളും പൂര്‍ത്തിയായശേഷം അവിടെ നിന്ന് നേരെ, രാത്രിയില്‍ തന്നെ വിശ്വാസിസമൂഹം എലിയോനയിലേക്ക് പുറപ്പെടുന്നു. എല്ലാവരും അവിടെ എത്തിച്ചേരുന്നതോടെ മെത്രാന്‍, നമ്മുടെ കര്‍ത്താവ് ഒലിവ് മലയില്‍ തന്‍റെ ശിഷ്യന്മാരെ പഠിപ്പിക്കാറുണ്ടായിരുന്ന ഗുഹയില്‍ പ്രവേശിക്കുന്നു (വി. മത്തായി 243.3). മെത്രാന്‍ അവിടെ നിന്നുകൊണ്ട് സുവിശേഷ ഭാഗം വായിക്കുന്നു. 'നിങ്ങളെ ആരും വഴിതെറ്റിക്കാതെ സൂക്ഷിച്ചുകൊള്ളണം' (വി. മത്തായി 24.4) എന്നു തുടങ്ങുന്ന ഭാഗമാണ് അദ്ദേഹം വായിക്കുന്നത്. അതിനുശേഷം പ്രാര്‍ത്ഥന നടത്തി, ആദ്യം വിശ്വാസപഠിതാക്കളെയും അതിനുശേഷം വിശ്വാസികളെയും അനുഗ്രഹിക്കുന്നു. തുടര്‍ന്ന് എല്ലാവരും പിരിയുന്നു. ഇവിടെ നിന്ന് സ്വഭവനങ്ങളിലേക്ക് ജനം മടങ്ങുന്നു, കാരണം രാത്രി വളരെ ആയിരിക്കുന്നു.
(5) ഹാശാ ആഴ്ചയിലെ ബുധന്‍
ആഴ്ചയുടെ നാലാം ദിവസമായ ബുധനാഴ്ചയും ആരാധനാ സംബന്ധിയായ എല്ലാ ചടങ്ങുകളും തിങ്കളാഴ്ചയും ചൊവ്വാഴ്ചയും നടന്നതുപോലെയാണ്, രാവിലെ കോഴി കൂകും മുതല്‍ക്കു തന്നെ. എന്നാല്‍ ഒരു പ്രത്യേകത ഈ ദിവസം ഉള്ളത് ഇതാണ്. മാര്‍ട്ടീറിയത്തിലെ ചടങ്ങുകള്‍ അവസാനിച്ചു കഴിയുമ്പോഴേക്കും രാത്രിയില്‍ ഗീതാലാപനങ്ങളോടെ മെത്രാന്‍ ചെറിയ ദേവാലയത്തിലേക്കു ആനയിക്കപ്പെടുന്നു. അദ്ദേഹം അവിടെ അഴിക്കകത്ത് നില്‍ക്കുമ്പോള്‍ പുരോഹിതന്‍ സുവിശേഷഭാഗം വായിക്കുന്നു. വായനാഭാഗം യൂദാ ഇസ്ക്കാരിയോത്താ യഹൂദ നേതാക്കളുടെ അടുത്തുചെന്ന് കര്‍ത്താവിനെ ഒറ്റിക്കൊടുക്കുവാനുള്ള തന്‍റെ സന്നദ്ധത അറിയിക്കുന്ന സംഭവമാണ് (വി. മത്തായി 24.14, 15). തനിക്ക് ആവശ്യമായ പ്രതിഫലവും അയാള്‍ ഉറപ്പാക്കുന്നു. ഈ ഭാഗം വായിക്കുമ്പോള്‍ ദേവാലയം ഏങ്ങലടികളും നിലവിളികളും വിലാപസ്വരങ്ങളുംകൊണ്ട് നിറയുന്നു. വിശ്വാസികള്‍ക്ക് ഒട്ടും താങ്ങാന്‍ പറ്റുന്നതല്ല ഈയൊരു സംഭവം. തുടര്‍ന്ന് പ്രാര്‍ത്ഥനയ്ക്കു ശേഷം മെത്രാന്‍ വിശ്വാസപഠിതാക്കളെയും വിശ്വാസികളെയും അനുഗ്രഹിക്കുന്നു. ഇതോടെ ജനം പിരിഞ്ഞു പോകുന്നു.
6. പെസഹാ വ്യാഴം
(a) ബലിയര്‍പ്പണം രണ്ട് തവണ
ആഴ്ചയുടെ അഞ്ചാം ദിവസം കാര്യങ്ങള്‍ എല്ലാം ആദ്യത്തെ കോഴി കൂവല്‍ മുതല്‍ പ്രഭാതം വരെ ചെറിയ ദേവാലയത്തില്‍ സാധാരണ ക്രമപ്രകാരം നടക്കുന്നു. മൂന്നാം മണി നേരത്തും ആറാം മണി നേരത്തും അങ്ങനെ തന്നെയാണ് ക്രമങ്ങള്‍. എന്നാല്‍ എട്ടാം മണിയാകുന്നതോടെ വിശ്വാസികള്‍ മാര്‍ട്ടീറിയത്തില്‍ സമ്മേളിക്കുകയാണ് പതിവ്. ഇത് മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് കുറച്ചു നേരത്തെയാണ്. ചടങ്ങുകള്‍ അതനുസരിച്ച് നേരത്തെ പൂര്‍ണമാകുന്നു. അവിടെ നടക്കേണ്ടുന്നതായ ചടങ്ങുകള്‍ എല്ലാം പതിവ് രീതികളിന്‍പ്രകാരം നടക്കുകയും മാര്‍ട്ടീറിയത്തില്‍ തന്നെ വി. ബലിഅര്‍പ്പണം (കുര്‍ബാന) പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. പത്തു മണിയോടെ ജനസമൂഹം പിരിഞ്ഞുപോകുന്നു. പിരിയുന്നതിനു മുമ്പായി മുഖ്യ ശെമ്മാശന്‍ ഉച്ചത്തില്‍ ഇങ്ങനെ വിളിച്ചു പറയുന്നു: 'രാത്രിയില്‍ ഒന്നാം മണി നേരത്ത് എല്ലാവരും എലിയോനയില്‍ കൂടിവരേണ്ടതാണ്; ഇന്ന് രാത്രി കാഠിന്യമേറിയ ക്രമങ്ങള്‍ അവിടെ നടക്കേണ്ടതുണ്ടല്ലോ.' മാര്‍ട്ടീറിയത്തില്‍ നിന്ന് പിരിയുന്ന ജനം കുരിശിനു സമീപം കൂടി വരുന്നു. അവിടെ ഒരു ഗീതം മാത്രം ആലപിക്കുകയും പ്രാര്‍ത്ഥന നടത്തുകയും ചെയ്തശേഷം മെത്രാന്‍ ബലി അര്‍പ്പിക്കുന്നു. ഈയൊരൊറ്റ ദിവസം അല്ലാതെ ആണ്ടടക്കം, മറ്റൊരു ദിവസവും കുരിശിനു സമീപം ബലിയര്‍പ്പണം നടക്കാറില്ല. ഇവിടെ നിന്ന് ജനം ചെറിയ ദേവാലയത്തില്‍ പ്രവേശിക്കുകയും മെത്രാന്‍ ഒരു പ്രാര്‍ത്ഥനയ്ക്കു ശേഷം പതിവനുസരിച്ച് ആദ്യം വിശ്വാസപഠിതാക്കളെയും അതിനുശേഷം വിശ്വാസിസമൂഹത്തെയും അനുഗ്രഹിക്കുന്നു. ഇതോടെ എല്ലാവരും പിരിഞ്ഞു പോകുന്നു.
(b) ഒലിവ് മലയില്‍ രാത്രിസമയം
എല്ലാവരും അവരവരുടെ ഭവനങ്ങളിലേക്കു മടങ്ങി ഭക്ഷണം കഴിഞ്ഞശേഷം എലിയോനയിലേക്ക്, ഒലിവ് മലയില്‍ അപ്പോസ്തോലന്മാരുമായി നമ്മുടെ കര്‍ത്താവ് കഴിയാറുണ്ടായിരുന്ന ഗുഹയിലെ ദേവാലയത്തിലേക്ക് എത്തിച്ചേരുന്നു. അവിടെ ഗീതാലാപനം, സന്ദര്‍ഭത്തിന് അനുയോജ്യമായ വേദഭാഗ പാരായണം, പ്രാര്‍ത്ഥനകള്‍, സുവിശേഷ വായനകള്‍ ഇവ മാറി മാറി ചെയ്തുകൊണ്ട് യേശുക്രിസ്തു പലപ്പോഴും ഇരിക്കാറുണ്ടായിരുന്ന അതേ സ്ഥലത്തു തന്നെ ഏതാണ്ട് അഞ്ചാം മണി വരെ ഇരിക്കുന്നു. ആറാം മണിയോടെ ഗീതാലാപനം നടത്തിക്കൊണ്ട് കര്‍ത്താവ് സ്വര്‍ഗാരോഹണം ചെയ്ത ഇംബൊമന്‍ എന്ന ഭാഗത്ത് എത്തുന്നു. അവിടെയും സന്ദര്‍ഭത്തിന് അനുയോജ്യമായ ഗീതാലാപനം, വേദവായനകള്‍ ഇവയൊക്കെ നടത്തിയശേഷം മെത്രാന്‍ ഉചിതമായ പ്രാര്‍ത്ഥനകള്‍ നടത്തി ചടങ്ങുകള്‍ അവസാനിപ്പിക്കുന്നു.
(c) ഗത്സീമോനില്‍
ആദ്യത്തെ കോഴി കൂവലോടെ എല്ലാവരും ഇംബൊമനില്‍ നിന്ന് ഗീതാലാപനത്തോടെ താഴേക്ക് ഇറങ്ങി യേശു പ്രാര്‍ത്ഥിച്ച ഇടത്ത് എത്തിച്ചേരുന്നു: 'താനോ, ഒരു കല്ലേറു ദൂരം അവരില്‍ നിന്നും മാറി അകലെപ്പോയി മുട്ടുകുത്തി പ്രാര്‍ത്ഥിച്ചു' (വി. ലൂക്കോസ് 22.41). ഇവിടെ വളരെ മനോഹരമായ ഒരു ദേവാലയം ഉണ്ട്. മെത്രാന്‍റെയൊപ്പം ജനസമൂഹം ഈ ദേവാലയത്തിലേക്ക് പ്രവേശിക്കുന്നു. ഈ ദിവസത്തിനും സാഹചര്യത്തിനും അനുയോജ്യമായ പ്രാര്‍ത്ഥനകളും സുവിശേഷ വായനകളും ഗീതാലാപനങ്ങളും നടത്തുന്നു. യേശു ഇവിടെ വച്ച് തന്‍റെ ശിഷ്യന്മാരോട് പറഞ്ഞു, 'പരീക്ഷയില്‍ ഉള്‍പ്പെടാതിരിപ്പാന്‍ ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിപ്പിന്‍' (വി. മര്‍ക്കോസ് 14.38). ഈ വേദഭാഗം മുഴുവനും വായിച്ചശേഷം പ്രാര്‍ത്ഥന നടത്തുന്നു. തുടര്‍ന്ന്, എല്ലാവരും, പ്രായം കുറഞ്ഞ കുട്ടികള്‍ ഉള്‍പ്പെടെ മെത്രാന്‍റെയൊപ്പം കാല്‍നടയായി ഗത്സീമോനിലേക്ക് യാത്രയാകുന്നു. ജനങ്ങളുടെ ആധിക്യവും കുത്തനെയുള്ള മലകയറ്റവും തത്ഫലമായ ശാരീരികക്ഷീവും കണക്കിലെടുത്ത് ഈ യാത്ര വളരെ സാവകാശമാണ്. തന്നെയുമല്ല, ദീര്‍ഘനാളത്തെ ഉപവാസവും ശരീരത്തിന് ക്ഷീണം തോന്നിപ്പിക്കുമല്ലോ. പ്രകാശം പരത്തുവാന്‍ ഇരുന്നൂറോളം മെഴുകുതിരികള്‍ കത്തിച്ച് പിടിച്ചിരിക്കും. ഗത്സീമോനില്‍ എത്തുമ്പോള്‍ ഉചിതമായ ഗീതാലാപനം, വേദവായനകള്‍, പ്രാര്‍ത്ഥനകള്‍ ഇവ നടത്തുന്നു. തുടര്‍ന്ന് യേശു ബന്ധനസ്ഥനാക്കപ്പെട്ട സുവിശേഷഭാഗം വായിക്കുന്നു. ഈ വായന നടക്കുമ്പോള്‍ ജനങ്ങള്‍ക്കിടയില്‍ ഉച്ചത്തിലുള്ള വിലാപവും ഏങ്ങലടികളും മാറത്തടികളും നിലവിളികളും ഒക്കെ ഉണ്ടാകും. ഈ വിലാപ ശബ്ദം നഗരത്തില്‍ വരെ കേള്‍ക്കാം എന്നാണ് പറയപ്പെടുന്നത്.
(d) യെരുശലേമിലേക്ക് മടക്കം
ഇതേത്തുടര്‍ന്ന് ഗീതങ്ങള്‍ ആലപിച്ചുകൊണ്ട് ജനസമൂഹം അപ്പാടെ നഗരത്തിലേക്ക് നടക്കുന്നു. നഗര കവാടം എത്തുമ്പോള്‍ ഒരുവന് മറ്റൊരുവനെ തിരിച്ചറിയുവാന്‍ തക്ക വെളിച്ചം കഷ്ടിച്ച് ഉണ്ടായിരിക്കും. ജനം മുഴുവന്‍ യാാതൊരു വലിപ്പച്ചെറുപ്പവും പ്രകടിപ്പിക്കാതെ നഗരമദ്ധ്യത്തില്‍കൂടെ നടക്കുന്നു. ഒരൊറ്റയാള്‍പോലും ആരാധനയുടെ ഈ അന്തരീക്ഷത്തില്‍നിന്ന് പിന്‍വാങ്ങുന്നതെപ്പറ്റി ചിന്തിക്കുന്നു പോലുമില്ല. ഇതേ പാതയിലൂടെ മെത്രാനും പ്രധാന കവാടം കടന്ന് നഗരമദ്ധ്യത്തിലൂടെ കുരിശിന്‍റെയടുത്തേക്ക് ആനയിക്കപ്പെടുന്നു.
7. ദുഃഖവെള്ളിയാഴ്ച
(a) പ്രഭാത നമസ്ക്കാരം
എല്ലാവരും കുരിശിനു സമീപം എത്തുമ്പോഴേക്കും നേരിയ തോതില്‍ പ്രകാശം ഉണ്ടായിരിക്കും. യേശുവിനെ പീലാത്തോസിന്‍റെ മുമ്പാകെ ഹാജരാക്കുന്നതും പീലാത്തോസ് യേശുവിനോടും യഹൂദ നേതാക്കളോടും സംവദിക്കുന്നതും ആയ സംഭവങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്ന വേദഭാഗങ്ങള്‍ സുവിശേഷങ്ങളില്‍ നിന്ന് ഈ സമയത്ത് വായിക്കുന്നു (വി. മത്തായി 27.2 മുതല്‍, മര്‍ക്കോസ് 15.1 മുതല്‍, ലൂക്കോസ് 23.1 മുതല്‍, യോഹന്നാന്‍ 18.28 മുതല്‍). ഇതേത്തുടര്‍ന്ന് മെത്രാന്‍ ജനസമൂഹത്തോട് സംസാരിക്കുന്നു. കഴിഞ്ഞ രാത്രിയിലെ ജനത്തിന്‍റെ ബുദ്ധിമുട്ടുകളും അതുപോലെ വരാന്‍ പോകുന്ന മണിക്കൂറുകളിലെ പ്രയാസങ്ങളും സാരമുള്ളതല്ല എന്നു പറഞ്ഞ് അദ്ദേഹം അവര്‍ക്ക് ആശ്വാസം പകര്‍ന്നു കൊടുക്കുന്നു. ദൈവത്തില്‍ പ്രത്യാശ വയ്ക്കുന്നവര്‍ക്ക് ഈ കഷ്ടതകള്‍ ആശ്വാസത്തിന്‍റേതായി മാറും എന്ന് അദ്ദേഹം ധൈര്യപ്പെടുത്തുന്നു. ജനത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് മെത്രാന്‍ അവരോട് പറയുന്നത് ഏതാണ്ട് ഇങ്ങനെയാണ്: 'ഇപ്പോള്‍ നിങ്ങള്‍ സ്വഭവനങ്ങളിലേക്കു മടങ്ങിപ്പോയി അല്പം വിശ്രമിക്കുക. എന്നിട്ട് രണ്ടാം മണിയോടെ ഇവിടേക്ക് തിരികെ വരിക. ആ സമയം മുതല്‍ ആറാം മണി വരെ കുരിശിന്‍റെ വിശുദ്ധമായ തടിക്കഷണം സ്പര്‍ശിച്ചുകൊണ്ട് അത് നമുക്ക് വീണ്ടെടുപ്പിന് കാരണമാകുന്നു എന്ന വിശ്വാസത്തില്‍ ബലപ്പെടുക. തുടര്‍ന്ന്, ആറാം മണി മുതല്‍ രാത്രിയാകുന്നതുവരെ കുരിശിന്‍റെ സമീപം കൂടിവന്ന് വേദവായനകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നമ്മെത്തന്നെ ഒരുക്കുക.'
(b) പീഡാനുഭവത്തിന്‍റെ തുടക്കം
കുരിശിനു സമീപത്തെ ചടങ്ങുകള്‍ തീര്‍ന്ന ശേഷം സൂര്യോദയത്തിനു മുമ്പു തന്നെ ജനസമൂഹം ഉത്സാഹത്തോടെ സീയോനിലേക്ക് പോകുന്നു. കര്‍ത്താവ് തന്‍റെ ശാരീരികപീഡകള്‍ അനുഭവിച്ചു തുടങ്ങിയ ആ സ്ഥലത്ത് പ്രാര്‍ത്ഥിക്കുവാനാണ് ഈ യാത്ര. മടക്കത്തില്‍ സ്വഭവനങ്ങളില്‍ അല്പനേരം വിശ്രമിച്ചിട്ട് വീണ്ടും അടുത്ത ചടങ്ങുകള്‍ക്ക് തയാറാകുന്നു (വി. യോഹന്നാന്‍ 18.28-19.16 ഭാഗം ഇവിടെ വായിക്കുന്നുണ്ട്).
(c) കുരിശിന്‍റെ ആരാധന
ഗോല്‍ഗോഥായില്‍ കുരിശിന് പിമ്പിലായി മെത്രാന് ഇരിക്കത്തക്കവണ്ണം ഒരു ഇരിപ്പിടം ആദ്യമേ തന്നെ തയാറാക്കുന്നു. മെത്രാന്‍ അവിടെ ഇരുന്നുകഴിയുമ്പോള്‍ അദ്ദേഹത്തിന്‍റെ മുമ്പിലായി മനോഹരമായ ലിനന്‍ തുണി കൊണ്ട് വിരിച്ച ഒരു മേശ ഒരുക്കുന്നു. ആ മേശ മേല്‍ രജതശോഭ പ്രകടമാകുന്ന ഒരു പെട്ടി വയ്ക്കുന്നു. ഈ പെട്ടിയില്‍ ആണ് കര്‍ത്താവിനെ ക്രൂശിച്ച കുരിശിന്‍റെ വിശുദ്ധ തടിക്കഷണം ഭദ്രമായി വച്ചിരിക്കുന്നത്. ഈ സമയം ശെമ്മാശന്മാര്‍ മേശയ്ക്കു ചുറ്റുമായി നില്‍ക്കുന്നുണ്ടാവും. തുടര്‍ന്ന്, പെട്ടി സാവകാശം തുറന്ന് അതില്‍ വെച്ചിരിക്കുന്ന തടിക്കഷണം പുറത്തേക്ക് എടുക്കുന്നു. ഈ തടിക്കഷണവും അതില്‍ ഉണ്ടായിരുന്ന മേലെഴുത്തും മേശമേല്‍ വയ്ക്കുന്നു. മെത്രാന്‍, തന്‍റെ ഇരിപ്പിടത്തില്‍ ഇരുന്നുകൊണ്ടു തന്നെ ഈ അതി വിശുദ്ധമായ തടിക്കഷണത്തിന്‍റെ രണ്ട് അറ്റത്തും തന്‍റെ കൈകള്‍ കൊണ്ട് മുറുക്കെ പിടിക്കുന്നു. അതിന്‍റെ സുരക്ഷയ്ക്കായി ശെമ്മാശന്മാരുടെ സംഘം അതിനു ചുറ്റും ജാഗ്രതയോടെ നില്‍ക്കുന്നുണ്ടാകും. ഇത്ര ശ്രദ്ധയോടെ ആ തടിക്കഷണം സൂക്ഷിക്കുന്നതിനു കാരണം വന്നുകൂടിയിരിക്കുന്ന വിശ്വാസിസമൂഹവും വിശ്വാസപഠിതാക്കളും ഓരോരുത്തരായി മുമ്പോട്ടുകടന്നുവന്ന് വിശുദ്ധ തടിക്കഷണത്തെ ചുംബിച്ചുകൊണ്ട് കടന്നുപോകുന്നു എന്നതുകൊണ്ടാണ്. ഒരിക്കല്‍ ഇങ്ങനെ കടന്നുവന്നവരില്‍ ഒരുവന്‍ ചുംബനം അര്‍പ്പിക്കുന്ന വേളയില്‍ അതില്‍നിന്ന് ഒരു കഷണം കടിച്ചെടുത്തുകൊണ്ട് പോയത്രെ. ഇത്തരം ഒരു മോഷണ ഉദ്യമം ആവര്‍ത്തിക്കപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയാണ് ശെമ്മാശന്മാരുടെ സംഘം വളരെ ശ്രദ്ധാലുക്കളായി മേശയ്ക്കു ചുറ്റും നില്‍ക്കുന്നത്. കൂടി വന്നിരിക്കുന്ന ജനസമൂഹം ഓരോരുത്തരായി വന്ന് തല വണങ്ങി തടിക്കഷണത്തെയും മേലെഴുത്തിനെയും സ്പര്‍ശിക്കുന്നു; ആദ്യം നെറ്റി കൊണ്ടും പിന്നീട് കണ്ണുകള്‍ കൊണ്ടും. അതിനുശേഷം തടിക്കഷണത്തെ ചുംബിച്ച് കടന്നുപോകുന്നു. ആരും ഒരിക്കലും തങ്ങളുടെ കൈകള്‍ കൊണ്ട് തടിക്കഷണത്തെ സ്പര്‍ശിക്കുകയില്ല. കുരിശിന്‍റെ ഭാഗമായ തടിക്കഷണത്തെ ചുംബിച്ചശേഷം വിശ്വാസികള്‍ കടന്നുപോകുന്ന ഭാഗത്ത് ഒരു ശെമ്മാശന്‍ നില്‍ക്കുന്നുണ്ടാവും. അദ്ദേഹം തന്‍റെ കരങ്ങളില്‍ ശലോമോന്‍റെ മോതിരവും രാജാക്കന്മാരെ അഭിഷേകം ചെയ്യാന്‍ ഉപയോഗിച്ചിരുന്ന എണ്ണ കരുതിയിരുന്ന കൊമ്പും പിടിച്ചിട്ടുണ്ടായിരിക്കും. കടന്നുപോകുന്ന വിശ്വാസികള്‍ ഈ കൊമ്പിനെ ചുംബിച്ച് മോതിരം ശ്രദ്ധയോടെ നോക്കിക്കണ്ട് അവിടെ നിന്നു മാറുന്നു. ഓരോരുത്തരും ഒരു വാതിലില്‍ക്കൂടി അകത്തുകടന്ന് അടുത്ത വാതിലില്‍ക്കൂടി പുറത്തേക്കു കടക്കുകയാണ്. ഇത് ഏതാണ്ട് ആറാം മണി വരെ തുടരുന്നു. ഈ ചടങ്ങ് നടക്കുന്നത്, തലേ ദിവസം, അതായത് ആഴ്ചയുടെ അഞ്ചാം ദിവസം 'ബലിയര്‍പ്പണം' നടത്തിയ അതേ സ്ഥലത്തു തന്നെയാണ്.