Sunday, March 29, 2020

എഥേറിയയുടെ തീർത്ഥയാത്ര



വിശുദ്ധനാടിനെ സംബന്ധിച്ചുള്ള ആദ്യത്തെ ദീർഘരേഖകളിൽ ഒന്ന് എഥേറിയയുടെ യാത്രാവിവരണമാണ്. എ.ഡി. 380 നോടടുത്താണ് അവരുടെ ജറുശലേം സന്ദർശനം എന്നാണ് പൊതുവെ കണക്കാക്കപ്പെടുന്നത്.

പല പ്രശസ്ത ചരിത്രകാരന്മാരും അവസാന വാക്കായി  എഥേറിയയുടെ എഴുത്തുകളെ പരാമർശിക്കാറുണ്ട്.


തർജമ: ജോർജ് ജോസഫ് ഇഞ്ചക്കാട്ടിൽ


*   *   *   *   *   *


എഥേറിയയുടെ തീർത്ഥയാത്ര


സീനായി ലക്ഷ്യമിട്ട്



... കാൽനടയായി ഞങ്ങൾ ഒരു സ്ഥലത്ത് എത്തി. ഞങ്ങൾ യാത്ര ചെയ്ത് എത്തേണ്ട പർവ്വതനിരകൾ അവിടെ വ്യക്തമായി കാണാമായിരുന്നു. ഇവ ഒരു വലിയ, വിശാലമായ, അതിമനോഹരമായ, പൂർണ്ണമായും പരന്ന ഒരു താഴ്‌വരയിലേക്ക് രൂപപ്പെട്ടു. ഈ താഴ്‌വരയുടെ മറുവശത്ത് സീനായി പർവ്വതനിരകൾ തെളിവോടെ പ്രകടമാണ്; ദൈവത്തിന്‍റെ വിശുദ്ധ പർവതം. പർവ്വതനിരകൾ ആരംഭിക്കുന്ന ഈ പ്രദേശത്തോട് ചേർന്നായിരുന്നു (സംഖ്യ പുസ്തകം 11:34) ദുർമോഹികളുടെ ശവപ്പറമ്പ്. ആ ഭാഗത്തോട് അടുത്തപ്പോൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന ഗൈഡുകൾ ഇങ്ങനെ പറഞ്ഞു, "ഇവിടെയെത്തുന്ന സന്ദർശകർ പ്രാർത്ഥനകൾ അർപ്പിക്കുന്ന ഒരു രീതിയുണ്ട്. ഇവിടെ നിന്നാണല്ലോ ദൈവത്തിന്‍റെ പർവ്വതം ആദ്യമായി കാണുവാൻ സാധിക്കുന്നത്." ഞങ്ങൾ അവർ പറഞ്ഞതുപോലെ ചെയ്തു. മേൽപ്പറഞ്ഞ വിശാലമായ താഴ്‌വരയിലൂടെ ഏതാണ്ട് 4 മൈൽ ദൂരമുണ്ട് ദൈവത്തിന്‍റെ പർവ്വതത്തിലേക്ക്.

വിശാലമായ ആ താഴ്‌വര, ദൈവത്തിന്‍റെ പർവ്വതത്തിന്‍റെ അടിഭാഗത്ത്, ഞങ്ങൾക്ക് മനസ്സിലാക്കുവാൻ സാധിച്ചിടത്തോളവും ഗൈഡുകൾ പറഞ്ഞുതന്നതിൻപ്രകാരവും പതിനാറു മൈൽ നീളത്തിലും നാലു മൈൽ വീതിയിലും വിശാലമായി പരന്നു കിടന്നിരുന്നു. പർവ്വതത്തിലേക്ക് എത്തിപ്പെടണമെങ്കിൽ ഈ വിശാലമായ താഴ്‌വര മുറിച്ചു കടക്കേണ്ടതാണ്. വിശുദ്ധനായ മോശ നാല്പതു രാവും നാല്പതു പകലും ദൈവത്തോട് ഒരുമിച്ച് കഴിഞ്ഞത് ഈ പർവ്വതത്തിന് മുകളിൽ ആയിരുന്നു (പുറപ്പാട് 26:18). ഇസ്രായേൽ ജനമാകട്ടെ ഈ 40 ദിവസക്കാലം മോശയെ കാത്തിരുന്നത് ഈ താഴ്‌വാരത്തിലും. ഇവിടെ തന്നെയാണ് ഇസ്രായേൽ ജനം കാളക്കുട്ടിയെ ഉണ്ടാക്കിയത് (പുറപ്പാട് 32). ആ സ്ഥലം കൃത്യമായി തിരിച്ചറിയത്തക്കവണ്ണം ഒരു വലിയ കല്ല് അവിടെ ഉറപ്പിച്ചു നിർത്തിയിട്ടുണ്ട്. ഈ താഴ്വരയിലാണ് മോശെ തന്‍റെ അമ്മായിയപ്പന്‍റെ ആടുകളെ മേയ്ച്ചുപോന്നതും ആ സമയം താഴ്‌വരയുടെ മുകൾഭാഗത്ത് കത്തുന്ന മുൾപ്പടർപ്പിൽ യഹോവ രണ്ടു തവണ മോശയെ വിളിച്ചു സംസാരിച്ചതും (പുറപ്പാട് 3:1). ഞങ്ങളുടെ യാത്രയുടെ മാർഗ്ഗരേഖയനുസരിച്ച് ഞങ്ങൾക്ക് വ്യക്തതയോടെ കാണുവാൻ സാധിക്കുന്ന ദൈവത്തിന്‍റെ പർവ്വതത്തിലേക്ക് ആരോഹണം ചെയ്യേണ്ടിയിരിക്കുന്നു. നിശ്ചയിച്ച പാതയുടെ ക്രമം നോക്കിയാൽ ഈ ആരോഹണം ആയാസരഹിതമാണ്. തുടർന്ന് താഴ്വരയുടെ മുഖ്യ ബിന്ദുവിലേക്ക് അവരോഹണം ചെയ്യണം; അവിടെയാണ് മുൾപ്പടർപ്പിന്‍റെ സ്ഥാനം. ഈ അവരോഹണവും ആയാസം ഉള്ളതല്ല. അങ്ങനെ ആദ്യം ആരോഹണം ചെയ്ത്, കാണേണ്ടതെല്ലാം കണ്ടു താഴേക്ക് സാവകാശം ഇറങ്ങി മുൾപ്പടർപ്പിന്‍റെ സ്ഥലത്തേക്ക് എത്തിപ്പറ്റുവാൻ നിശ്ചയിച്ചു. അതിനുശേഷം താഴ്വരയിലൂടെ മുഴുവനും നടക്കുവാൻ, ദൈവമക്കൾക്കൊപ്പം നടക്കുവാൻ തീരുമാനിച്ചു. ഗൈഡുകൾ വേദഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്ന ഓരോ പ്രദേശവും വ്യക്തമായി വിശദീകരിച്ചു തന്നു. അങ്ങനെ ഈ സന്ദർശനം പ്രയോജനകരമാകുവാൻ അവസരം ആയി. ഫാറാനിൽ (സെപ്റ്റുവജന്‍റ് - പാരാൻ) നിന്ന് എത്തിയ ശേഷം ഞങ്ങൾ പ്രാർത്ഥന നടത്തിയിടത്തു നിന്ന് ആരംഭിച്ചു താഴ്‌വരയുടെ മധ്യഭാഗം കടന്ന് ദൈവത്തിന്‍റെ പർവ്വതത്തിലേക്ക് നീങ്ങേണ്ടിരിക്കുന്നു.

lഇപ്പോൾ ഈ പർവ്വതനിരകൾ മുഴുവൻ ഒരൊറ്റ കൊടുമുടി പോലെ തോന്നിക്കുന്നു; എന്നാൽ അവയോട് അടുക്കുന്തോറുമാണ് അവ ഒന്നിലധികം ഉണ്ടെന്ന് മനസ്സിലാകുന്നത്. ഈ പർവ്വത സമൂഹം ഒന്നായി 'ദൈവത്തിന്‍റെ പർവ്വതം' എന്ന് അറിയപ്പെടുന്നു. എന്നാൽ അവയിൽ ഒരു കൊടുമുടി മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമാണ്. അവിടെയാണ് ദൈവം ഇറങ്ങിവന്നത്. ഈ കൊടുമുടി മറ്റുള്ളവയുടെ മധ്യഭാഗത്താണ് (പുറപ്പാട് 19:18, 20) കാണപ്പെടുന്നത്. കൊടുമുടികളെല്ലാം തന്നെ ഞാൻ ഇന്നേവരെ കണ്ടിട്ടില്ലാത്തവണ്ണം വളരെ ഉയർന്നവയാണ്; എന്നാൽ മധ്യഭാഗത്ത് നിൽക്കുന്ന കൊടുമുടി (ദൈവം ഇറങ്ങി വന്ന കൊടുമുടി) മറ്റുള്ളവയേക്കാൾ ഒക്കെ ഉയരത്തിലായി കാണാൻ സാധിക്കുന്നു. ഈ കൊടുമുടിയിലേക്ക് കയറിച്ചെന്നപ്പോഴാണ് മറ്റുള്ളവയെല്ലാം എത്രയോ താഴെയാണ് എന്ന സത്യം ഞങ്ങൾക്ക് തിരിച്ചറിയുവാൻ സാധിച്ചത്. അവ വെറും ചെറിയ കുന്നുകൾ പോലെയാണ് ഞങ്ങൾക്ക് തോന്നിയത്. ഇത് തീർച്ചയായും വളരെ അത്ഭുതകരമായി തോന്നുന്നു. ഇതിൽ ഒരു ദൈവീക പരിപാലനയുണ്ട് എന്നതിൽ സംശയം വേണ്ട. മധ്യത്തിലുള്ള ഏറ്റവും ഉയർന്നു കാണപ്പെട്ട കൊടുമുടിയെയാണ് 'സീനായി' എന്ന് വിളിക്കുന്നത്. ഇവിടെ ദൈവമഹത്വം ഇറങ്ങി വന്നു. എങ്കിലും അത് മനസ്സിലാക്കണമെങ്കിൽ അതിന്‍റെ ചുവട്ടിൽ ചെന്ന് നിൽക്കുക തന്നെ വേണം, ആരോഹണം ചെയ്യുന്നതിനു മുമ്പായി. അതിനുശേഷം, നമ്മുടെ ചിരകാല സ്വപ്നം സാക്ഷാത്കരിച്ച ശേഷം താഴേക്കിറങ്ങുമ്പോൾ കൊടുമുടിയുടെ മറുവശം കാണുവാൻ സാധിക്കുന്നു; ആരോഹണത്തിനു മുമ്പായി ഇത് സാധ്യമല്ല. ദൈവത്തിന്‍റെ പർവ്വതത്തിലേക്ക് എത്തുന്നതിനു മുമ്പ് തന്നെ മറ്റു സഹോദരങ്ങളിൽ നിന്ന് ഈ കാര്യം മനസ്സിലാക്കിയിരുന്നുവെങ്കിലും ഇവിടെ എത്തിച്ചേർന്ന ശേഷമാണ് അതിന്‍റെ ഉത്തുംഗഭാവം തിരിച്ചറിയുവാൻ ഇടയായത്.

സീനായ് ആരോഹണം


ഞങ്ങൾ പർവ്വതത്തിന് സമീപമെത്തുമ്പോൾ നേരം വൈകിയിരുന്നു; അത് ഒരു ശാബത് ദിവസവും ആയിരുന്നു. അവിടെയുള്ള ഒരു ആശ്രമത്തിലാണ് ഞങ്ങൾ ആദ്യം ചെന്നത്. അവിടെ താമസിച്ചിരുന്ന സന്യാസിമാർ ഞങ്ങളെ വളരെ സ്നേഹത്തോടെ സ്വീകരിച്ചു. വളരെ നല്ല ഒരു അനുഭവം ആയിരുന്നു അവരുടെ പെരുമാറ്റ രീതികൾ. അവിടെത്തന്നെ ഒരു ദേവാലയവും ഒരു പുരോഹിതനും ഉണ്ട്. രാത്രി അവിടെ കഴിച്ചുകൂട്ടിയ ശേഷം പിറ്റേന്ന്, അതായത് കർത്തൃ ദിവസം രാവിലെ തന്നെ അവിടുത്തെ പുരോഹിതനോടും സന്യാസിമാരോടുമോപ്പം പർവ്വതനിരകൾ ഒന്നൊന്നായി കയറുവാൻ തുടങ്ങി. മുകളിലോട്ടുള്ള കയറ്റം പർവ്വതം ചുറ്റിയുള്ള പാതകളിൽ കൂടിയല്ല, മറിച്ച് ഏതാണ്ട് കുത്തനെ തന്നെയാണ്, ഒരു വലിയ മതിലിൽ കയറുന്നതിനു സമാനമെന്നോണം. അങ്ങനെ കയറിയ ശേഷം നേരെ താഴോട്ട് ഇറങ്ങി അതിനു ചുവട്ടിൽ എത്തുമ്പോൾ അടുത്തതിലേക്ക് കയറുവാൻ സാധിക്കുന്നു. ഒച്ചിന്‍റെ ഇഴയൽ പോലെ സാവകാശമാണ് ഈ പ്രക്രിയ. അങ്ങനെ അവസാനം മധ്യഭാഗത്തുള്ള പർവ്വതത്തിന് ചുവട്ടിൽ എത്തുന്നു. ഇത് 'സീനായ് പർവ്വതം.' യേശുക്രിസ്തുവിന്‍റെ അനുഗ്രഹത്താലും ഞങ്ങൾക്കൊപ്പം കയറുന്ന വിശുദ്ധ വ്യക്തികളുടെ പ്രാർത്ഥനകളാലും നാല് മണിക്കൂറുകൾ കൊണ്ട് സീനായ് മലയുടെ നെറുകയിൽ എത്തുവാൻ സാധിച്ചു. ഇത് ദൈവത്തിന്‍റെ വിശുദ്ധ പർവതം. ഇവിടെയാണ് ന്യായപ്രമാണ കല്പനകൾ നൽകപ്പെട്ടത്. ഇവിടെയാണ് ദൈവമഹത്വം ഇറങ്ങി വന്നതും പുകയാൽ ആവരണം ചെയ്യപ്പെട്ടതും (പുറപ്പാട് 10:18). ഏതായാലും ഈ കയറ്റം കുറച്ച് കഠിനമായി അനുഭവപ്പെട്ടു. ഇരിപ്പിടങ്ങളിൽ ഇരുത്തി കയറ്റി കൊണ്ടു പോകുവാൻ സൗകര്യമുണ്ടെങ്കിലും, മുകളിലേക്ക് കയറുമ്പോൾ അത് അത്ര സുഖകരമാവില്ല. അതുകൊണ്ട് നടന്നുതന്നെ ഞാൻ കയറ്റം പൂർത്തിയാക്കി. യാത്ര കഠിനമായിരുന്നുവെങ്കിലും ഒട്ടുംതന്നെ ക്ഷീണം അനുഭവപ്പെട്ടില്ല. കാരണം എന്‍റെയുള്ളിൽ നിറഞ്ഞു നിന്ന വാഞ്ച ദൈവം പൂർത്തീകരിച്ചു തന്നുവല്ലോ. സീനായ് മലമുകളിൽ ഒരു ദേവാലയം ഉണ്ട്. ദൈവം ഇറങ്ങി വന്ന ആ കൃത്യമായ സ്ഥലത്ത് തന്നെയാണ് ഈ ചെറിയ ദേവാലയം നിൽക്കുന്നത്. അത്ര പ്രൗഢിയൊന്നും പ്രകടമല്ല എങ്കിലും ദൈവകൃപയുടെ സാന്നിധ്യം അവിടെ അനുഭവിക്കുവാൻ സാധിച്ചു. ദൈവാനുഗ്രഹത്താൽ ആ ദേവാലയത്തിന്‍റെ പടിവാതിൽക്കൽ ഞങ്ങൾ എത്തിയപ്പോൾ അതിന്‍റെ ചുമതലക്കാരനായ ഒരു പുരോഹിതൻ തന്‍റെ അറക്കുള്ളിൽ നിന്നും പുറത്തേക്ക് വന്നു. വന്ദ്യ വയോധികനായ ഒരു സന്യാസിവര്യൻ. തന്‍റെ നന്നേ ചെറുപ്പത്തിൽ തന്നെ സന്യാസവ്രതം സ്വീകരിച്ച ഈ മുനിശ്രേഷ്ഠൻ തീർച്ചയായും അവിടെ ആകുവാൻ സർവഥാ യോഗ്യൻ തന്നെ എന്നതിന് യാതൊരു സംശയവും വേണ്ട. മറ്റ് പുരോഹിതരും ഇറങ്ങിവന്നു ഞങ്ങളോടും ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു മറ്റ് സന്യാസിമാരോടും ഒപ്പം കുറച്ച് സമയം ചെലവഴിച്ചു. അവർക്കാർക്കും തന്നെ പ്രായാധിക്യത്തിന്‍റെയോ ശാരീരിക അസ്വസ്ഥതകളുടെയോ യാതൊരുവിധ ക്ഷീണവും ഉണ്ടായിരുന്നില്ല. മധ്യഭാഗത്തെ പർവ്വതത്തിന്‍റെ ഏറ്റവും മുകൾഭാഗത്ത് ഇവരാരും താമസിക്കുന്നില്ല. അവിടെ ദേവാലയവും മോശ ഇരുന്ന ഗുഹയും അല്ലാതെ മറ്റൊന്നും ഇല്ല (പുറപ്പാട് 33:22). മോശയുടെ ഗ്രന്ഥത്തിൽ നിന്നുള്ള വേദപാരായണവും ഞങ്ങളുടെ നേർച്ച കാഴ്ചകളുടെ സമർപ്പണവും പൂർത്തിയാക്കിയ ശേഷം ഞങ്ങൾ അവരോട് യാത്ര പറഞ്ഞു. അപ്പോൾ അവിടുത്തെ പുരോഹിതർ അവിടെ പർവ്വതത്തിൽ വളരുന്ന പഴങ്ങൾ ചേർത്ത് ഞങ്ങൾക്ക് ഭക്ഷണം വിളമ്പി. വിശുദ്ധ പർവതമായ സീനായ് നിറയെ പാറക്കെട്ടുകൾ മാത്രമാണുള്ളത്. മുൾപടർപ്പുകളോ കുറ്റിച്ചെടികളോ ഒന്നുംതന്നെ അവിടെ ഇല്ല. അതേസമയം, ഏറെക്കുറെ പർവ്വതത്തിന്‍റെ താഴെയുള്ള പ്രദേശത്തുള്ള ഒരു ചെറിയ ഭാഗം വളരെ പരിമിതമായി കാർഷികവിളകൾക്ക് സന്യാസിമാർ ഉപയോഗിക്കുന്നുണ്ട്. ചെറിയതോതിൽ ഫലവൃക്ഷങ്ങളും ഭക്ഷ്യയോഗ്യമായ ചെടികളും അവർ നട്ടുപിടിപ്പിച്ചിരിക്കുന്നു. അവിടെ നിന്നുള്ള ഫലമൂലാദികൾ സന്യാസിമാർ തങ്ങളുടെ ഭക്ഷണ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നു. സ്വന്തം പ്രയത്നം മാത്രം ഉപയുക്തമാക്കിയാണ് അവരുടെ കൃഷി. ഇവയിൽ നിന്നുള്ള പഴവർഗങ്ങൾ ചേർത്താണ് ഞങ്ങൾ യാത്ര പറയുന്ന നേരം അവർ ഭക്ഷണം വിളമ്പിയത്. ഇവ ഭക്ഷിച്ച് തൃപ്തരായ ശേഷം അവിടെയുള്ള പ്രത്യേക സ്ഥലങ്ങളെപ്പറ്റി ഞാൻ സന്യാസിമാരോട് തിരക്കി. അത്തരം സ്ഥലങ്ങൾ പരിചയപ്പെടുത്തിത്തരുവാൻ സസന്തോഷം അവർ തയ്യാറാകുകയും ചെയ്തു. മോശ രണ്ടാമതും സീനായി മല മുകളിൽ (പുറപ്പാട് 34:4) ചെന്നപ്പോൾ കഴിച്ചുകൂട്ടിയ ഗുഹ അവർ കാണിച്ചു. ഇസ്രായേൽജനം പാപത്തിൽ വീണതിനെ തുടർന്ന് ആദ്യം ലഭിച്ച കൽപ്പനകൾ അടങ്ങിയ കൽപ്പലകകൾ മോശ നശിപ്പിച്ച ശേഷം വീണ്ടും മലമുകളിലേക്ക് കയറിപോയിരുന്നുവല്ലോ. അങ്ങനെയാണല്ലോ കൽപ്പനകൾ മോശക്ക് വീണ്ടും ലഭ്യമായത്. ഞങ്ങൾക്ക് കാണുവാൻ താല്പര്യമുള്ള മറ്റു പ്രദേശങ്ങൾ പരിചയപ്പെടുത്തി തരൂവാൻ സന്യാസിമാർ തയ്യാറായി. അതിനു മുമ്പ് ഇത് വായിക്കുന്ന എല്ലാവരുടെയും ശ്രദ്ധയിലേക്ക് ഒന്നു രണ്ടു കാര്യങ്ങൾ കൊണ്ടുവരണമെന്ന് ഞാൻ ആഗ്രഹിക്കുകയാണ്. ഞങ്ങൾ നിൽക്കുന്ന സ്ഥലത്ത് നിന്നു നോക്കുമ്പോൾ, ദേവാലയത്തിന്‍റെ ചുറ്റുമുള്ള മതിൽകെട്ടിനടുത്തു നിന്ന്‌, അതായത് സീനായി മലയുടെ ഏറ്റവും ഉയരത്തിൽ നിന്ന് നോക്കുമ്പോൾ, ഞങ്ങൾ കയറി വരുവാൻ പ്രയാസപ്പെട്ട പർവ്വതനിരകൾ, ഇപ്പോൾ ഞങ്ങൾ നിൽക്കുന്ന ഇടത്തിൽ നിന്ന് എത്രയോ താഴെ ആയിട്ടാണ് കാണപ്പെടുന്നത്! മറ്റു പർവതങ്ങൾ കൊച്ചുകൊച്ചു കുന്നുകൾ പോലെ കാണപ്പെടുന്നു. ഈ മധ്യഭാഗത്തുള്ള പർവതം മറ്റുള്ളവയേക്കാലൊക്കെ എത്രയോ ഗാoഭീര്യം നിറഞ്ഞതും അത്യുന്നതത്തിൽ ആണെന്നും ബോധ്യമാകുന്നു.

അവിടെ നിന്നുകൊണ്ട് പാലസ്തീൻ, ഈജിപ്ത്, പാർത്യൻ സമുദ്രം ഒക്കെ കാണുവാൻ സാധിച്ചു (മെഡിറ്ററേനിയന്‍റെ കിഴക്കു ഭാഗം). ഇവ അലക്സാന്ത്രിയയിലേക്കും അതിർവരമ്പുകൾ ഇല്ലാതെ വിവിധ പ്രദേശങ്ങളിലേക്കും വഴി തുറക്കുന്നത് പോലെ തോന്നുന്നു. ഞങ്ങളുടെ സഹായികളായിരുന്ന വിശുദ്ധരായ സന്യാസിമാർ ഇവയെല്ലാം വ്യക്തമായി ഞങ്ങൾക്ക് വിശദീകരിച്ചു തന്നു.


ഹോറേബ്



ഈ പർവ്വതാരോഹണം ഞങ്ങളുടെ മനസ്സിൽ നിറഞ്ഞു നിന്നിരുന്ന തീക്ഷ്ണമായ വാഞ്ചകൾ സാക്ഷാത്കരിക്കപ്പെടുവാൻ സംഗതിയായി. തുടർന്ന് ഞങ്ങൾ താഴേക്ക് ഇറങ്ങുവാൻ ആരംഭിച്ചു. അങ്ങനെ ഇറങ്ങിവരുന്ന വഴി ഇതോടു ചേർന്നുള്ള മറ്റൊരു പർവ്വതത്തിലേക്ക് കയറി. ഈ പർവതമാണ് നമ്മൾ അറിയുന്ന 'ഹോറേബ്.' ഇവിടെയും ഒരു ദേവാലയം ഉണ്ട്. വിശുദ്ധ പ്രവാചക ശ്രേഷ്ഠനായ ഏലിയാ ദീർഘദർശി ഇസ്രയേലിന്‍റെ ആഹാബ് രാജാവിനെ ഭയന്ന് ഓടിപ്പോയത് ഹൊറേബ് പർവ്വതത്തിലേക്കാണ്. ഇവിടെ വച്ച് ദൈവം വിളിച്ച് ഇങ്ങനെ ചോദിച്ചു, "ഏലിയാവേ, നീ ഇവിടെ എന്തു ചെയ്യുകയാകുന്നു?" (1 രാജാക്കന്മാർ 19:9). രാജാക്കന്മാരുടെ പുസ്തകത്തിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. ഇവിടെ ഉള്ള ദേവാലയത്തിന്‍റെ വാതിൽക്കൽ നിന്ന് നോക്കിയാൽ ഏലിയാവ് ഒളിച്ചിരുന്ന ഗുഹ കാണുവാൻ സാധിക്കും. ദൈവത്തിനു ബലിയർപ്പിക്കുവാൻ കല്ലിൽ ഏലിയാവ് നിർമിച്ച ബലിപീഠവും ഇവിടെ നിന്നു നോക്കുമ്പോൾ നമുക്ക് കാണുവാൻ സാധിക്കും. അങ്ങനെയുള്ള ഓരോ കാര്യങ്ങളും ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന സന്യാസി ശ്രേഷ്ഠന്മാർ കാണിച്ചുതന്നു കൊണ്ടേയിരുന്നു. അവിടെ ഞങ്ങൾ രാജാക്കന്മാരുടെ പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ പാരായണം ചെയ്യുകയും നേർച്ചകാഴ്ചകൾ സമർപ്പിച്ച് പ്രാർത്ഥന നടത്തുകയും ചെയ്തു. ഞങ്ങൾക്ക് കാണുവാൻ താല്പര്യം ഉണ്ടായിരുന്ന വേദപുസ്തക സ്മാരകങ്ങളിൽ എത്തുമ്പോൾ ബന്ധപ്പെട്ട വേദഭാഗങ്ങൾ വായിക്കുകയും പ്രാർത്ഥിക്കുകയും ചെയ്ത് നേർച്ചകാഴ്ചകൾ സമർപ്പിക്കുന്ന ഒരു രീതി ഞങ്ങൾ ആദ്യം മുതലേ പിന്തുടർന്നു പോന്നിരുന്നു. ഇതേ തുടർന്ന് ഞങ്ങൾ എത്തിയത് വിശുദ്ധനായ പുരോഹിതൻ അഹറോൻ ഇസ്രായേൽ ജനത്തിലെ 70 മൂപ്പന്മാരുമൊത്തു, ഇസ്രായേല്യ മക്കൾക്കുള്ള ന്യായപ്രമാണം സ്വീകരിക്കുവാൻ, ദൈവസന്നിധിയിലേക്ക് കടന്നുചെന്ന് മോശയെ കാത്തുനിന്ന സ്ഥലത്താണ്. സന്യാസിമാർ ഇത് ഞങ്ങൾക്ക് വിശദീകരിച്ചു തന്നു (പുറപ്പാട് 14:9-14). തുറസ്സായി കിടക്കുന്ന ഈ ഭാഗത്ത് പരന്ന പ്രതലത്തോടു കൂടിയ ഒരു വലിയ പാറ ഉണ്ട്. അത് ഏതാണ്ട് വൃത്താകൃതിയിലാണ്. ഇവിടെയാണ് അഹരോനും കൂട്ടരും കാത്തുനിന്നത്. ഇതിന്‍റെ മധ്യഭാഗത്ത് കല്ലിൽ പണിതീർത്ത ഒരു ബലിപീഠവും കാണാം. മോശയുടെ പുസ്തകത്തിൽ നിന്ന് ബന്ധപ്പെട്ട ഭാഗം പാരായണം ചെയ്ത് ഒരു സങ്കീർത്തനവും ആലപിച്ചു. പ്രാർഥിച്ചശേഷം ഞങ്ങൾ താഴേക്കിറങ്ങി.

മുൾപ്പടർപ്പ്



പർവതങ്ങളിലേക്കുള്ള പ്രവേശനം ആരംഭിച്ചിട്ട് ഏതാണ്ട് എട്ടു മണിക്കൂറോളം ആയിരിക്കുന്നു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഈ പ്രദേശത്ത് കാലുകുത്തിയത്. പർവതനിരകളിൽ നിന്നും പുറത്തു കടക്കണം എങ്കിൽ ഇനി ഏതാണ്ട് മൂന്നു മൈൽ കൂടി നടക്കേണ്ടതുണ്ട്. പർവ്വതനിരകളിലേക്ക് കടന്നുവന്ന മാർഗത്തിലൂടെ അല്ല മടക്കം; കാരണം ഈ പ്രദേശത്തുള്ള വിശുദ്ധ സ്ഥലങ്ങളെല്ലാം കാണണമെങ്കിൽ മറുഭാഗത്ത് കൂടെ നടന്നു വരേണ്ടതുണ്ട്. അങ്ങനെ വേണം ദൈവത്തിന്‍റെ പർവതത്തിന്‍റെ അടിവശത്തുള്ള താഴ്വരയിൽ, അതിന്‍റെ കേന്ദ്രസ്ഥാനത്ത് എത്തിച്ചേരേണ്ടത്. താഴ്‌വരയുടെ കേന്ദ്രബിന്ദുവിലൂടെ കടന്നു വരുമ്പോഴാണ് വിശുദ്ധ വ്യക്തികൾ കഴിഞ്ഞുകൂടിയിരുന്ന അറകളും മറ്റും കാണുവാൻ സാധ്യമാകുന്നത്. മുൾപ്പടർപ്പ് നിൽക്കുന്ന സ്ഥാനത്ത് ഒരു ദേവാലയം ഉണ്ട്. മുൾപ്പടർപ്പ് ഇന്നും സജീവമാണ്, അത് പൊട്ടി മുളച്ചുകൊണ്ടേയിരിക്കുന്നു. ഏതാണ്ട് 10 മണിക്കൂർ ആയപ്പോഴേക്കും മലമുകളിൽ നിന്നുള്ള അവരോഹണം പൂർത്തിയാകുകയും ഞങ്ങൾ മുൾപ്പടർപ്പിനു സമീപം എത്തിച്ചേരുകയും ചെയ്തു. ഈ മുൾപ്പടർപ്പിനെക്കുറിച്ചാണ് നേരത്തെ ഞാൻ സൂചിപ്പിച്ചത്. ഇതിൽ നിന്നാണ് ദൈവം മോശയോട് സംസാരിച്ചത്. ഇതിന്‍റെ സ്ഥാനം താഴ്‌വരയുടെ കേന്ദ്രബിന്ദുവിൽ തന്നെയാണ്. ഈ ഭാഗത്ത് നിരവധി അറകളും ഒരു ദേവാലയവും സ്ഥിതി ചെയ്യുന്നു. ദേവാലയത്തിന്‍റെ മുൻവശത്ത് അതി മനോഹരമായ ഒരു പൂന്തോട്ടം ഉണ്ട്. ഇതിൽ സമൃദ്ധമായ ജലസ്രോതസ്സിന്‍റെ സാന്നിധ്യമുണ്ട്. മുൾപ്പടർപ്പ് ഈ പൂന്തോട്ടത്തിൽ തന്നെയാകത്തക്കവണ്ണമാണ് ഇതിന്‍റെ ക്രമീകരണം. മുൾപടർപ്പിൽ നിന്ന് ദൈവം സംഭാഷിച്ചപ്പോൾ മോശ എവിടെയാണൊ നിന്നിരുന്നത്, ആ സ്ഥലം കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. ദൈവം മോശയോട് ഇങ്ങനെ പറഞ്ഞു, "നിന്‍റെ കാലിൽ നിന്ന് ചെരുപ്പ് അഴിച്ചു കളയുക; എന്തെന്നാൽ നീ നിൽക്കുന്ന ആ സ്ഥലം വിശുദ്ധമാകുന്നു" (പുറപ്പാട് 3:5). പത്തു മണിക്കൂറോളം കഴിഞ്ഞിരുന്നതിനാൽ ഞങ്ങൾ വളരെ വൈകി എന്ന് എടുത്തു പറയേണ്ടതില്ലല്ലോ. അതുകൊണ്ട് നേർച്ചകാഴ്ചകൾ സമർപ്പിക്കുവാൻ സാധിച്ചില്ല. എന്നാൽ, ദേവാലയത്തിലും മുൾപടർപ്പിലും പ്രാർത്ഥനകൾ നടത്തുകയും മോശയുടെ പുസ്തകത്തിൽ നിന്നുള്ള വേദഭാഗങ്ങൾ വായിക്കുകയും ചെയ്തു. പൂന്തോട്ടത്തിൽ മുൾപ്പടർപ്പിനു സമീപം ആ വിശുദ്ധ ഗണത്തോട് ചേർന്ന് ഭക്ഷണം കഴിച്ചു. അന്ന് രാത്രി അവിടെ താമസിച്ചു, പിറ്റേന്ന് അതിരാവിലെ ഞങ്ങൾക്കുവേണ്ടി നേർച്ചകാഴ്ചകൾ അർപ്പിക്കുവാൻ അവിടുത്തെ പുരോഹിതരോട് അഭ്യർത്ഥിച്ച് ഞങ്ങൾ അവിടെ നിന്നും മടങ്ങി. പുരോഹിതർ നേർച്ചകാഴ്ചകൾ അർപ്പിക്കുകയും ചെയ്തു.


താഴ്‌വരയിലെ കാഴ്ചകളും ഫറാനിലേക്കുള്ള മടക്കവും



ഞങ്ങളുടെ യാത്രയുടെ പാത താഴ്‌വരയുടെ മധ്യഭാഗത്തു കൂടി അതിന്‍റെ ദീർഘ ഭാഗം മുഴുവൻ താണ്ടിക്കൊണ്ടാണ് വേണ്ടിയിരുന്നത്. ഇത് ഇസ്രയേൽ ജനം തങ്ങളുടെ വാഗ്ദത്ത നാട്ടിലേക്കുള്ള പ്രയാണത്തിൽ സഞ്ചരിച്ച വഴി തന്നെയാണ്. യാത്രാവേളയിൽ ആയിരുന്നല്ലോ മോശ ദൈവത്തിന്‍റെ പർവ്വതത്തിലേക്ക് കയറിയതും ഇറങ്ങിവന്നതും. ഞങ്ങൾക്കൊപ്പമുണ്ടായിരുന്ന സന്യാസ ശ്രേഷ്ഠർ ഈ പാതയിൽ ഉള്ള ഓരോ പ്രദേശവും ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നു. കഴിഞ്ഞ രാത്രി ഞങ്ങൾ കഴിച്ചുകൂട്ടിയ സ്ഥലം താഴ്വരയുടെ കേന്ദ്രസ്ഥാനമായിരുന്നു. അവിടെയായിരുന്നല്ലോ കത്തുന്ന മുൾപടർപ്പിൽ നിന്ന് ദൈവം മോശയോടു സംസാരിച്ചത്. ദൈവം മോശയോട് "നിന്‍റെ കാലിൽ നിന്ന് ചെരുപ്പ് അഴിച്ചു കളയുക; എന്തെന്നാൽ നീ നിൽക്കുന്ന സ്ഥലം വിശുദ്ധമാകുന്നു" എന്ന് അവിടെ വച്ച് പറയുകയും ചെയ്തു. ഇന്നത്തെ യാത്ര ആരംഭിച്ചതു മുതൽ ഇതുപോലെയുള്ള വിവിധ സ്ഥലങ്ങൾ സന്യാസിമാർ ഞങ്ങൾക്ക് പരിചയപ്പെടുത്തി തന്നു. മോശ മലമുകളിൽ ആയിരുന്ന സമയം ഇസ്രായേൽ ജനം പാളയമടിച്ചു താമസിച്ച ഭാഗം ഞങ്ങൾ കണ്ടു. അതുപോലെ ഇസ്രായേൽ ജനം കാളക്കുട്ടിയെ ഉണ്ടാക്കി ആരാധിച്ച സ്ഥലവും കാണുവാൻ സാധിച്ചു. അവിടെ ആ സ്ഥലത്ത് ഒരു വലിയ കല്ല് ഉറപ്പിച്ചു നിർത്തിയിട്ടുണ്ട്. മുമ്പോട്ട് നീങ്ങിയപ്പോൾ താഴ്വരയെ അഭിമുഖീകരിക്കുന്ന സീനായി മലയുടെ മുകൾ ഭാഗം ഞങ്ങൾക്ക് കാണാനായി. ഇസ്രായേൽജനം കാളക്കുട്ടിയുടെ മുമ്പിൽ ആനന്ദനൃത്തം ആടുന്നത് അവിടെ നിന്നു കൊണ്ടാണ് മോശ കണ്ടത് (പുറപ്പാട് 32;19). സന്യാസിമാർ ഒരു വലിയ പാറ ഞങ്ങൾക്ക് കാണിച്ചു തന്നു. നൂന്‍റെ മകൻ യോശുവായുമൊത്ത് മോശ കൽപ്പനകൾ അടങ്ങിയ കല്പലകകൾ കയ്യിൽ പിടിച്ചുകൊണ്ട് മലയിറങ്ങി വന്നപ്പോൾ ജനങ്ങളുടെ ആനന്ദനൃത്തം കണ്ട് കോപാകുലനായി; മോശ കല്പലകകൾ ഈ പാറപ്പുറത്തേക്ക് വലിച്ചെറിഞ്ഞാണ് നശിപ്പിച്ചു കളഞ്ഞത്. ഇസ്രായേൽ ജനം അക്കാലത്ത് പാളയം അടിച്ചു താമസിച്ചിരുന്ന ഭാഗം ഞങ്ങൾ കണ്ടു. പാളയം അടിച്ചതിന്‍റെ അടിസ്ഥാനശിലകൾ ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. ഇന്നും അവ തികച്ചും ഭദ്രമായ നിലയിൽ തന്നെയാണ്. ലേവ്യ ഗോത്രത്തിൽപ്പെട്ടവരോട് ഓരോ പാളയവും കയറിയിറങ്ങി സഹോദരങ്ങളെ നിഗ്രഹിക്കുവാൻ പർവ്വതം ഇറങ്ങിവന്ന മോശ ആജ്ഞാപിച്ച സ്ഥലവും കാണുവാൻ സാധിച്ചു.  ജനം ഉണ്ടാക്കിയ കാളക്കുട്ടിയെ മോശയുടെ ആജ്‌ഞ അനുസരിച്ച് കത്തിച്ചു  കളഞ്ഞ സ്ഥലം അവർ പരിചയപ്പെടുത്തിത്തന്നു. പുറപ്പാട് പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന നീരുറവ (ദാഹിച്ചുവലഞ്ഞ ജനത്തിന് വെള്ളം ഒരുക്കിക്കൊടുത്ത നീരുറവ) ഈ വഴിയിലാണ് (പുറപ്പാട് 32:20). അതും ഞങ്ങൾ കണ്ടു.



അതേ തുടർന്ന് ഞങ്ങൾക്ക് കാണുവാൻ ഇടയായത് മോശയ്ക്ക് ലഭിച്ച പോലെ വേറെ 70 പേർക്ക് ആത്മാവിനെ ലഭിച്ച സ്ഥലമാണ് (സംഖ്യാ പുസ്തകം 11:25). മാംസ ഭക്ഷണത്തോട് ഇസ്രായേൽ ജനം തീവ്രമായ അത്യാർത്തി പ്രകടിപ്പിച്ച സ്ഥലം സന്യാസിമാർ കാണിച്ചുതന്നു. ദൈവത്തിന് അപ്രിയം തോന്നുമാറ് ജനം പിറുപിറുത്തപ്പോൾ പാളയത്തിൽ പകുതിയോളം ഇസ്രായേൽ മക്കൾ അഗ്നിക്കിരയായ സംഭവം സംഖ്യാ പുസ്തകത്തിൽ പറയുന്നുണ്ടല്ലോ. മോശയുടെ പ്രാർത്ഥനയെ തുടർന്നാണ് അഗ്നി ശമിച്ചത്. അഗ്നി ജ്വലനം എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്ഥലം കാണുവാനും സാധിച്ചു. മന്നയും കാടപക്ഷികളും വർഷിക്കപ്പെട്ട ഭാഗവും സന്യാസിമാർ ഞങ്ങൾക്ക് കാണിച്ചു തന്നു. അങ്ങനെ മോശയുടെ വിശുദ്ധ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ള വിവിധ സംഭവങ്ങൾ നടന്ന സ്ഥലങ്ങൾ കണ്ടു മനസ്സിലാക്കാൻ ഞങ്ങൾക്ക് സംഗതിയായി. അതായത് ദൈവത്തിന്‍റെ പര്‍വതമായ വിശുദ്ധ സീനായി മലയുടെ താഴ്‌വാര പ്രദേശത്ത് നടന്ന സംഭവങ്ങൾ. ഈദൃശ അനുഭവങ്ങൾ ഒന്നൊന്നായി എണ്ണിപറയുമ്പോള്‍ അഥവാ രേഖപ്പെടുത്തുമ്പോള്‍ അത് വളരെ ദൈർഘ്യമുള്ള ഒരു വിവരണം ആയിപ്പോകും. തന്നെയുമല്ല ചിലതൊക്കെ ഓർമ്മയിൽ നിൽക്കുന്നുണ്ടാവുകയുമില്ല. ആയതിനാൽ വിശുദ്ധ ഗ്രന്ഥപാരായണ വേളയിൽ ഈ സംഭവങ്ങൾ വരുമ്പോൾ എന്‍റെ ഈ എളിയ വിവരണവും കൂട്ടിച്ചേർത്ത് മനസ്സിലാക്കുന്നത് അഭികാമ്യമായിരിക്കും. കൂടാതെ ഇസ്രായേൽ മക്കൾ മിസ്രയീമിൽ നിന്നു പുറപ്പെട്ടശേഷം ഒരു വർഷം പൂർത്തിയാക്കി ആദ്യ പെസഹ ആചരിച്ചത് ഈ താഴ്വാരത്ത് തന്നെ ആയിരുന്നു. ഈ താഴ്വാര പ്രദേശത്ത് ഇസ്രായേൽ മക്കള്‍ കുറെക്കാലം കഴിച്ചു കൂട്ടുകയും ഉണ്ടായി. മോശ രണ്ടു തവണ സീനായി മലമുകളിലേക്ക് കയറുകയും ഇറങ്ങുകയും ചെയ്തത് ദൈവം മലമുകളിൽ മോശയ്ക്ക് പല കാര്യങ്ങളും കാണിച്ചുകൊടുത്തത്, മോശയുടെ തിരിച്ചുവരവിനായി ജനം അക്ഷമയോടെ കാത്തിരുന്നത്, ദൈവവുമായുള്ള സമ്പർക്കം സാധ്യമാകത്തക്കവണ്ണം സമാഗമനകൂടാരം നിർമ്മിച്ചത് ഇത്യാദി കാര്യങ്ങളൊക്കെ ഈ കാലയളവിലാണ് സംഭവിച്ചത്. ആദ്യമായി സമാഗമന കൂടാരം ഒരുക്കിയ സ്ഥലം സന്യാസിമാർ ഞങ്ങൾക്ക് കാണിച്ചു തന്നു (പുറപ്പാട് 11.17). സമാഗമന കൂടാരത്തിന്‍റെ നിർമ്മിതി സീനായി മലമുകളിൽ ദൈവം മോശയ്ക്ക് നേരിട്ടു പറഞ്ഞുകൊടുത്തത് അനുസരിച്ച് മാത്രമായിരുന്നു. ദുർമോഹികളുടെ ശവപ്പറമ്പ് ഈ താഴ്വര അവസാനിക്കുന്ന ഭാഗത്താണ്. ഇവിടെ നിന്നായിരുന്നുവല്ലോ ഞങ്ങൾ യാത്ര ആരംഭിച്ചത് (സംഖ്യാ പുസ്തകം 11.34). അതായതു തുടങ്ങിയ ഇടത്തു തന്നെ ഞങ്ങള്‍ മടങ്ങിയെത്തി; നേരത്തെ സൂചിപ്പിച്ചിരുന്ന പർവ്വതനിരകൾ ഒക്കെ ഈ യാത്രാവേളയിൽ കടന്നുപോകുവാൻ ഞങ്ങൾക്ക് സാധിച്ചു. ഞങ്ങള്‍ ഇവിടെ ഓർമിക്കുന്ന ഒരു കാര്യം, വന്ദ്യവയോധികരും ശാരീരിക ബലക്ഷയം സംഭവിച്ചവരുമായ സന്യാസി ശ്രേഷ്ഠര്‍ക്ക് ഞങ്ങൾ മലമുകളിൽ എത്തിയപ്പോൾ ഇറങ്ങിവരുവാന്‍ സാധിച്ചില്ലെങ്കിലും നേർച്ചകാഴ്ച അർപ്പിക്കുന്ന വേളയിൽ ഞങ്ങൾ അവർ കഴിച്ചുകൂട്ടുന്ന അറകളിൽ ചെന്ന് അവരെ സന്ദർശിക്കുകയും ഹൃദ്യമായവിധം അവർ ഞങ്ങളെ സ്വാഗതം ചെയ്യുകയും ചെയ്തതായ സംഭവമാണ്. ഞങ്ങളെ അനുധാവനം ചെയ്ത വിശുദ്ധരായ സന്ന്യാസിശ്രേഷ്ഠർക്കൊപ്പം ഇസ്രായേൽ മക്കൾ കടന്നുപോയ പ്രദേശത്തുള്ള എല്ലാ വിശുദ്ധ സ്ഥലങ്ങളും ദൈവത്തിന്‍റെ പർവതത്തിലേക്കുള്ള യാത്രയിലും മടക്കത്തിലുമായി കാണുവാൻ സാധിച്ചത് വലിയ ആത്മസാക്ഷാത്കാരത്തിന്‍റെ അനുഭവമായിരുന്നു. തുടർന്ന് ദൈവനാമത്തിൽ ശരണപ്പെട്ടുകൊണ്ട് ഞങ്ങൾ ഫാറാനിലേക്കു മടങ്ങി. ഈ ഓരോ കാര്യങ്ങളിലും ദൈവത്തോട് കൃതജ്ഞത അർപ്പിക്കുവാൻ ഞാൻ ബാധ്യസ്ഥയാണ്. ഈ യാത്രയിൽ ലഭിച്ച ദൈവീക കൃപകളെക്കുറിച്ച് എണ്ണി പറയുവാൻ ഞാൻ അശക്തയാണ്. ഞങ്ങൾക്ക് മാർഗ്ഗനിർദ്ദേശം നൽകുകയും ഒപ്പം വരികയും ചെയ്ത വിശുദ്ധരായ സന്ന്യാസിശ്രേഷ്ടർക്ക് നന്ദി പറയുവാൻ വാക്കുകൾ കൊണ്ട് സാധ്യമല്ല. ഈയൊരു അനുഭവത്തിന് യാതൊരുവിധത്തിലും ഞാൻ അർഹയല്ല. ഈ ചെറിയവള്‍ക്ക് സന്യാസിശ്രേഷ്ഠര്‍ അവരുടെ അറകളിൽ വെച്ച് എത്ര ശ്രേഷ്ഠമായ സ്വാഗതമാണ് അനുവദിച്ചത്. വിശുദ്ധ വേദത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഈ സ്ഥലങ്ങളൊക്കെ കാണുവാനുള്ള എന്‍റെ ആഗ്രഹം നിവൃത്തിക്കപ്പെട്ടുവല്ലോ.ദൈവത്തിന്‍റെ പർവതത്തിന്‍റെ പ്രാന്ത പ്രദേശത്ത് താമസിക്കുന്ന ഈ സന്യാസിശ്രേഷ്ഠര്‍ ഫാറാന്‍ വരെ ഞങ്ങളെ അനുധാവനം ചെയ്യുകയും ചെയ്തു. വലിയ കായികക്ഷമത ആവശ്യമുള്ള ഒന്നായിരുന്നു അവരുടെ സേവനം.

ഫാറാനിൽ നിന്ന് ക്ലിസ്മയിലേക്ക്



ദൈവത്തിന്‍റെ പർവതത്തിൽ നിന്ന് 35 മൈൽ ദൂരെയുള്ള ഫാറാനിൽ എത്തിയ ശേഷം അവിടെ രണ്ടു ദിവസത്തേക്ക് ഞങ്ങൾ വിശ്രമിക്കേണ്ടതായി വന്നു. അങ്ങനെ രണ്ടു ദിവസം ശാന്തമായി കഴിച്ചുകൂട്ടിയ ശേഷം ഫാറാൻ മരുഭൂമിയിലെ ഒരു സ്ഥലത്ത് എത്തിച്ചേർന്നു. അടുത്ത ദിവസം ധാരാളം വെള്ളം ഉള്ള ഒരു പ്രദേശത്ത് എത്തി. പർവതനിരകളിലൂടെയുള്ള ചെറിയ യാത്രയെ തുടർന്ന് ചെന്നു ചേർന്നത് കടലോര പ്രദേശത്താണ്. അങ്ങനെ ഞങ്ങളുടെ യാത്രാമാർഗ്ഗം പർവ്വതനിരകളിൽ നിന്ന് കടലോരത്തു കൂടിയായി. യാത്രാവേളയിൽ ഒരു വശം സമുദ്രം മാത്രം. ഇടയ്ക്കിടയ്ക്ക് തിരമാലകൾ കയറി വന്ന് അവിടവിടെ മൃഗങ്ങളുടെ കാലുകളെ മൂടുന്നത് കാണാം. താമസിയാതെതന്നെ സമുദ്രം ഉൾവലിഞ്ഞതായി കാണുവാൻ സാധിക്കുന്നു. ഈ ഉൾവലിയൽ ഇരുന്നൂറോ നാനൂറോ അഞ്ഞൂറിലുമധികമോ വാര വരെയുമാകാം. അപ്പോൾ യാത്ര വെറും മണൽപ്പുറത്തു കൂടെയാണ്. ഗതാഗതത്തിന് ഉപയുക്തമായ റോഡുകൾ ഇല്ലാത്തതിനാൽ മണലിന്‍റെ മുകളിൽ കൂടെ തന്നെയാണ് യാത്ര; ഒരു മരുഭൂയാത്രയ്ക്കു സമാനം. ഫാറാനിലെ തദ്ദേശവാസികൾ തങ്ങളുടെ ഒട്ടകങ്ങളുമായി ഈ മണൽപ്പുറത്ത് കൂടെയാണ് ദൈനംദിന യാത്രകൾ നടത്തുന്നത്. വഴിതെറ്റാതിരിക്കാൻ അവിടവിടെയായി അടയാളങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. പകൽ യാത്രകളിൽ ഈ അടയാളങ്ങൾ നോക്കി അവർ ലക്ഷ്യസ്ഥാനത്തെത്തിച്ചേരുന്നു. അതേസമയം രാത്രി യാത്രകളിൽ ഒട്ടകങ്ങൾക്ക് അടയാളങ്ങൾ മനസ്സിലാക്കി ശരിയായ ദിശയിൽ മുമ്പോട്ടു നയിക്കുവാൻ സാധിക്കുന്നു. ചുരുക്കത്തിൽ രാത്രികാല യാത്രകളാണ് കൂടുതൽ വേഗത്തിലും സുരക്ഷയിലും അവർക്ക് നടത്തുവാൻ സാധിക്കുന്നത്. സാധാരണ യാത്രികർക്ക് നല്ല റോഡ് മാർഗം യാത്ര ചെയ്യുവാൻ സാധിക്കുന്നതിലും വേഗം ഈ മണൽപ്പുറത്തു കൂടെ യാത്ര ചെയ്യാൻ തക്ക വൈദഗ്ധ്യം ഈ തദ്ദേശവാസികൾ ആർജിച്ചിട്ടുണ്ട്. അങ്ങനെ മടക്കയാത്രയിൽ ഞങ്ങൾ പർവ്വതനിരകളോട് വിടപറഞ്ഞു സമുദ്രതീരത്തു കൂടെ യാത്ര ചെയ്തു. ഇസ്രായേൽ മക്കളുടെ പുറപ്പാട് യാത്രയും ഇതോട് സദൃശ്യമായിരുന്നല്ലോ. അവരും സീനായ് മലയിൽ നിന്ന് പർവത നിരകൾ കടന്നു താഴ്‌വരയിലൂടെ ഞങ്ങൾ യാത്ര ചെയ്ത മാർഗത്തിലൂടെ തന്നെ സമുദ്രതീരത്ത്, ചെങ്കടലിന്റെ തീരത്ത് എത്തി. ഇതേ പാതയിൽ കൂടെ ഞങ്ങൾ മടക്കയാത്ര നടത്തിയപ്പോൾ ഇസ്രയേൽ മക്കൾ മോശയുടെ പുസ്തകത്തിൽ പറയും പോലെ മുമ്പോട്ട് യാത്ര ചെയ്തു (സംഖ്യ പുസ്തകം 10:12, 33:36). അങ്ങനെ ഞങ്ങൾ ക്ലിസ്മയിലേക്ക് വന്ന വഴി തന്നെ മടങ്ങി. മണൽപ്പുറത്തു കൂടെയുള്ള യാത്ര ഞങ്ങളെ തളർത്തിയിരുന്നതിനാൽ വിശ്രമത്തിനായി ക്ലിസ്മയിൽ തങ്ങേണ്ടി വന്നു.


ക്ലിസ്മയിൽ നിന്ന് അറേബ്യ നഗരം വരെ



നേരത്തെ ഞാൻ ഈജിപ്തിൽ പോയിരുന്നത് കൊണ്ട് ഗോഷാൻ പ്രദേശം എനിക്ക് പരിചിതമായിരുന്നു. എങ്കിലും വീണ്ടും അവിടേക്ക് പോകുവാൻ ഞാൻ സന്നദ്ധയായത് റാംസെ പ്രദേശം വിട്ട് ഇസ്രായേൽ മക്കൾ യാത്ര തുടർന്ന് ചെങ്കടൽ ഭാഗത്ത് എത്തിച്ചേരുന്നത് വരെയുള്ള സ്ഥലങ്ങൾ മുഴുവനും കാണണം എന്ന ആഗ്രഹം കൊണ്ടു മാത്രമാണ്. അന്ന് അവർ എത്തിച്ചേർന്ന ചെങ്കടൽ പ്രദേശം ഇപ്പോൾ ക്ലിസ്മ എന്ന പേരിലാണ് അറിയപ്പെടുന്നത്. അവിടെ സ്ഥിതി ചെയ്യുന്ന ഒരു കോട്ടയുടെ പേരിൽ നിന്നാണ് ക്ലിസ്മ എന്ന പേര് ആ പ്രദേശത്തിന് കിട്ടിയത്. അതുകൊണ്ട് ക്ലിസ്മയിൽ നിന്ന് അറേബ്യ എന്ന നഗരത്തിലേക്ക് യാത്രയാകുവാൻ ഞാൻ ആഗ്രഹിച്ചു. ഗോഷാൻ (ഉൽപ്പത്തി 46:34) പ്രദേശത്താണ് അറേബ്യ നഗരം സ്ഥിതിചെയ്യുന്നത്. ആ ഭൂപ്രദേശം ഒന്നാകെ ഈ നഗരത്തിന്‍റെ പേരിൽ അറേബ്യ എന്നു തന്നെ അറിയപ്പെടുന്നു. ഗോഷാൻ എന്ന ഈ ദേശം ഈജിപ്തിന്‍റെ ഭാഗമാണെങ്കിൽ തന്നെയും അറിയപ്പെടുന്നത് അറേബ്യ എന്നാണ്. ഈ പ്രദേശം ഈജിപ്‌തിന്‍റെ ഇതര ഭാഗങ്ങളുമായി തുലനം ചെയ്യുമ്പോൾ പലവിധത്തിലും ഏറെ മെച്ചമാണ്. ക്ലിസ്‌മായിൽ അതായത് ചെങ്കടൽ പ്രദേശത്ത് നാല് മരുഭൂ കേന്ദ്രങ്ങളുണ്ട് (ഡെസേർട്ട് സ്റ്റേഷൻ). മരുഭൂമിയിൽ ആയിട്ടുകൂടി ഇവിടെയെല്ലാം ആർമിയുടെ ആസ്ഥാനങ്ങൾ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. സാധാരണ പടയാളികളും ഓഫീസർമാരും ഇവിടെ സേവനമനുഷ്ഠിക്കുന്നു. ഒരു കേന്ദ്രത്തിൽ നിന്ന് മറ്റൊരു കേന്ദ്രത്തിലേക്കുള്ള യാത്രയിൽ ഈ ഉദ്യോഗസ്ഥർ ഞങ്ങളെ അനുധാവനം ചെയ്തിരുന്നു. ഞങ്ങളുടെയൊപ്പം പുരോഹിതരും സന്യാസിമാരും ഉണ്ടായിരുന്നു. വിവിധ പ്രദേശങ്ങൾ ഇവർ ഞങ്ങളെ കാണിച്ചുതരികയും, വിശദീകരിച്ച് തരികയും ചെയ്തു. വേദപുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്ന ഈ പ്രദേശങ്ങൾ നേരിട്ട് കാണുവാൻ ഞാൻ അതിയായി ആഗ്രഹിച്ചിരുന്നു. ഞങ്ങളുടെ യാത്രാവേളയിൽ ഇവയിൽ ചിലത് ഞങ്ങളുടെ ഇടതുവശത്ത് ആയിരുന്നുവെങ്കിൽ മറ്റ് ചിലത് വലതുവശത്തായിരുന്നു. കൂട്ടത്തിൽ ചിലത് ഞങ്ങൾ യാത്ര ചെയ്തിരുന്ന പാതയോടു വളരെ അടുത്തു തന്നെയായിരുന്നു. മറ്റ് ചിലത് ഏറെ അകലെയും. ഞങ്ങളുടെ യാത്രാപാതയിൽ തന്നെയുള്ള സ്ഥലങ്ങളും ഉണ്ടായിരുന്നു. ഇസ്രായേൽ മക്കൾ തങ്ങളുടെ യാത്രയിൽ കുറേദൂരം നേരെ ചലിച്ചെങ്കിൽ, തുടർന്ന് വലതു ഭാഗത്തേക്കും, പിന്നീട് ഇടതു ഭാഗത്തേക്കും ഏറെ ദൂരം ഉൾവലിഞ്ഞു നടന്നു എന്നു ഇവിടെ ഞാൻ രേഖപ്പെടുത്തുമ്പോൾ നിങ്ങൾ സ്നേഹത്തോടെ അത് വിശ്വസിക്കും എന്ന് ഞാൻ വിചാരിക്കുന്നു. ചെങ്കടൽ തീരത്ത് എത്തുന്നതുവരെ അവരുടെ യാത്രയിൽ ഈ പ്രത്യേകത ഉണ്ടായിരുന്നു. വശങ്ങളിലേക്ക് മാത്രമല്ല പിന്നിലേക്കും അവർ നടന്നിരുന്നു എന്നാണ് മനസ്സിലാക്കാൻ സാധിച്ചത്. പിഹറീത്തോ (പുറപ്പാട് 14:2) എന്ന സ്ഥലം ഞങ്ങളുടെ എതിർവശത്തായിട്ട് സന്യാസിമാർ കാണിച്ചുതന്നു. അപ്പോൾ ഞങ്ങൾ മഗ്ദുൽ (പുറപ്പാട് 14:2) ദേശത്ത് ആയിരുന്നു. അവിടെ ഇപ്പോൾ ഒരു കോട്ട സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ റോമൻ പടയാളികളുടെ മേൽനോട്ടം വഹിക്കുവാൻ ഒരു ഓഫീസറും ഉണ്ട്. അവിടുത്തെ സമ്പ്രദായമനുസരിച്ച് ഈ പടയാളികൾ അടുത്ത കോട്ട വരെ ഞങ്ങളെ അനുധാവനം ചെയ്തു. ബാൽസെഫുൻ (പുറപ്പാട്  14:2) പ്രദേശം ഞങ്ങളെ കാണിച്ചുതരികയും താമസിയാതെ അവിടെ എത്തിച്ചേരുകയും ചെയ്തു (പുറപ്പാട്  14:10). ചെങ്കടലിന്‍റെ നിരപ്പിൽ നിന്ന് ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സമതലമാണ് ബാൽസെഫുൻ. ഒരു വശത്ത് നേരത്തെ പറഞ്ഞിട്ടുള്ള പർവ്വതനിരകൾ കാണാം. ഇവിടെനിന്ന് നോക്കിയപ്പോഴാണ് ആർത്തലച്ചു വരുന്ന മിസ്രയീം സേനാവ്യൂഹത്തെ കണ്ട് ഇസ്രായേൽ മക്കൾ ഭയന്ന് നിലവിളിച്ചത്. എഥാം (പുറപ്പാട് 13:20) അഥവാ ഓനാം എന്ന സ്ഥലം ഞങ്ങൾ കണ്ടു. ഇവിടം വിജനപ്രദേശത്തോട് ചേർന്ന് സ്ഥിതിചെയ്യുന്നു. താഴ്‌വരയുടെ മധ്യഭാഗത്ത് അല്പം ഉയർന്നു സ്ഥിതിചെയ്യുന്ന സുക്കോത്ത് ഇതിനോട് വളരെ അടുത്താണ്. ഇവിടെയാണ് ഇസ്രായേൽ മക്കൾ പാളയം അടിച്ചത്. ഇവിടെ വച്ച് പെസഹാ ആചരണവുമായി ബന്ധപ്പെട്ട നിയമാവലികൾ അവർക്ക് ലഭ്യമായി (പുറപ്പാട് 12:43).  ഇസ്രായേൽ മക്കൾ പണിതുയർത്തിയ പീതോം നഗരം (പുറപ്പാട് 1:11) കാണുവാനും ഈ യാത്രയിൽ ഞങ്ങൾക്ക് സാധിച്ചു. പീതോം ഇന്ന് ഒരു കോട്ടയാണ്. ജോസഫ് തന്‍റെ പിതാവായ യാക്കോബിനെ വർഷങ്ങൾക്കു ശേഷം കണ്ടത് ഗോഷാൻ ദേശത്തിന്‍റെ പടിവാതിൽക്കൽ വെച്ചായിരുന്നു എന്ന് ഉല്പത്തി പുസ്തകം 46:29 ൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഇത് ഒരു ഗ്രാമം മാത്രമായിരിക്കുന്നു. പീതോം നഗരത്തിൽ വച്ച് ഞങ്ങൾ ഈജിപ്റ്റ് പ്രദേശത്തേക്ക് പ്രവേശിച്ചു കഴിഞ്ഞിരുന്നു. ഗോഷാൻ വിശാലമായ ഒരു ഗ്രാമപ്രദേശമാണ്. ഇവിടെ ഒരു ദേവാലയവും രക്തസാക്ഷി സ്മാരകങ്ങളും വിശുദ്ധ സന്യാസികളുടെ താമസ സൗകര്യങ്ങൾക്കുള്ള അറകളും ധാരാളമായി കാണപ്പെട്ടു. ഞങ്ങളുടെ രീതികൾ അനുസരിച്ച് ഓരോ സന്യാസിമാരെയും ഞങ്ങൾ സന്ദർശിച്ചു. ഗോഷാനിലെ ഈ ഗ്രാമത്തിന് ,'ഹെറോ' എന്ന ഒരു പേരുണ്ട്. ഗോഷാൻ പ്രദേശത്തേക്ക് കടന്നാൽ ഏതാണ്ട് 16 മൈൽ യാത്ര ചെയ്യുമ്പോഴാണ് 'ഹെറോ' എന്ന ഗ്രാമ കേന്ദ്രത്തിൽ എത്തിപ്പെടുക. ഇത് ഈജിപ്ത് രാജ്യാതിർത്തിക്കുള്ളിലാണ്. ഈ പ്രദേശം ഏറെ പ്രകൃതിരമണീയമാണ്. നൈൽ നദിയുടെ ഒരു കൈവഴി ഈ ഭാഗത്ത് കൂടി ഒഴുകുന്നു. ഞങ്ങൾ 'ഹെറോ' ഗ്രാമത്തോട് വിടപറഞ്ഞു അറേബ്യാ നഗരത്തിൽ പ്രവേശിച്ചു. ഈ നഗരവും ഗോഷാൻ ഭൂഭാഗത്ത് തന്നെയാണ് സ്ഥിതിചെയ്യുന്നത്. ഈജിപ്തിന്‍റെ ഫറവോ ജോസഫിനോട് പറഞ്ഞ വാക്കുകൾ ഇങ്ങനെയായിരുന്നല്ലോ: "നിന്‍റെ അപ്പനും സഹോദരന്മാരും നിന്‍റെ അടുക്കൽ വന്നിരിക്കുന്നുവല്ലോ. മെസ്റേൻ ദേശം നിന്റെ മുമ്പിൽ ഇരിക്കുന്നു. ദേശത്തിന്റെ നല്ല ഭാഗത്ത് അവർ പാർക്കട്ടെ. ഗോഷാൻ ദേശത്ത് അവരെ പാർപ്പിച്ചുകൊള്ളുക" (ഉൽപ്പത്തി 47:6).

റെംസെ



റെംസെ നഗരം അറേബ്യ നഗരത്തിൽ നിന്ന് നാല് മൈലോളം ദൂരത്താണ് സ്ഥിതി ചെയ്യുന്നത്. അറേബ്യ നഗരത്തിലേക്ക് യാത്ര ചെയ്യുമ്പോൾ ഞങ്ങൾക്ക് റെംസെ നഗരമധ്യത്തിൽ കൂടി കടന്നുപോകേണ്ടിയിരുന്നു. ഇന്ന്

റെംസെ നഗരം ഒരു തുറന്ന പ്രദേശമാണ്. ഇവിടെ തീർത്തും ആൾത്താമസം ഇല്ല. എങ്കിലും നഗരം തിരിച്ചറിയുവാൻ യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല. കാരണം, നഗര വിസ്തൃതി അത്ര ഏറെയായിരുന്നു. ധാരാളം കെട്ടിടങ്ങൾ ഈ നഗരത്തിന്‍റെ സവിശേഷതയായിരുന്നു. അതിന്‍റെ അവശിഷ്ടങ്ങൾ, അവയുടെ വീഴ്ച്ചക്ക് ശേഷം ഇപ്പോൾ കാണുവാൻ സാധിക്കുമ്പോൾ തന്നെ അവ നിലനിന്നിരുന്ന നാളുകളിലെ ഗാംഭീര്യം മനസ്സിലാക്കുവാൻ സാധിക്കും. ഇന്ന് അവിടെ കാണുവാൻ സാധിക്കുന്ന ഒരേ ഒരു കാഴ്ച 'തേബൻ' എന്നു പറയുന്ന വലിയ ഒരു കല്ലു മാത്രമാണ്. ഈ കല്ലിൽ വളരെ വലിപ്പമുള്ള രണ്ടു പ്രതിമകൾ കാണുവാൻ സാധിക്കുന്നുണ്ട്. ഈ പ്രതിമകൾ വിശുദ്ധരായ മോശ, അഹറോൻ എന്നിവരുടെതാണ് എന്ന് പറയപ്പെടുന്നു. അവരുടെ ബഹുമാനാർത്ഥം ഇസ്രായേൽ മക്കൾ കൊത്തി എടുത്തതാണത്രേ ഇവ. പിതാക്കന്മാർ നട്ടുപിടിപ്പിച്ച ഒരു കാട്ടത്തി മരവും അവിടെ കാണുവാൻ ഉണ്ട്. അത് വളരെ പഴയതും വലുപ്പം കുറവുള്ളതുമാണെങ്കിലും ഇപ്പോഴും അത് ഫലം കായ്ക്കുന്നു. നിവൃത്തിയുള്ളിടത്തോളം എല്ലാവരും അതിലെ പഴങ്ങൾ പറിച്ചെടുക്കുന്നു. അത് അവർക്ക് ഗുണകരമാകുന്നുണ്ടത്രേ. അറേബ്യയിലെ മെത്രാനിൽ നിന്നാണ് ഈ വിവരം ഞങ്ങൾക്ക് കിട്ടുന്നത്. ആ വൃക്ഷത്തിന്‍റെ ഗ്രീക്ക് പദം അദ്ദേഹം ഞങ്ങൾക്ക് പറഞ്ഞു തന്നു. ആ വാക്കിനർത്ഥം സത്യത്തിന്റെ വൃക്ഷം എന്നാണ്. റെംസെയിൽ വന്ന് ഈ പിതാവ് ഞങ്ങളെ സ്വാഗതം ചെയ്തു. അദ്ദേഹം ഒരു വന്ദ്യ വയോധികൻ ആണ്. തീഷ്ണമായ ഭക്തി ജീവിതം അദ്ദേഹത്തിന്റെ സവിശേഷതയാണ്. സന്യാസം തെരഞ്ഞെടുത്ത നാൾ മുതൽ അദ്ദേഹം തീർഥയാത്രികരെ വളരെ ഉപചാരപൂർവം സ്വീകരിച്ചുവരുന്ന ഒരു വിശുദ്ധനാണ്. ഞങ്ങളെ സ്വാഗതം ചെയ്ത ശേഷം അദ്ദേഹം അവിടെയുള്ള എല്ലാ കാര്യങ്ങളും ഞങ്ങൾക്ക് വിശദീകരിച്ചു തന്നു. രണ്ടു പ്രതിമകളുടെ കാര്യവും കാട്ടത്തി മരത്തിന്‍റെ കാര്യവും ഒക്കെ ഭംഗിയായി പറഞ്ഞു തന്നു. ഈ വിശുദ്ധനായ മെത്രാൻ മിസ്രയീമിലെ ഫറവോനെപ്പറ്റി പല കാര്യങ്ങളും ഞങ്ങൾക്ക് മനസ്സിലാക്കിത്തന്നു. ഇസ്‌റയേൽ മക്കൾ രക്ഷപ്പെട്ടുവെന്നറിഞ്ഞപ്പോൾ അവരുടെ പിന്നാലെ പോകുന്നതിനു മുമ്പായി തന്‍റെ സർവ്വ സൈന്യ സന്നാഹങ്ങളുമൊത്ത് റെംസെ നഗരം അഗ്നിക്കിരയാക്കി. അതിനു ശേഷം മാത്രമാണ് അദ്ദേഹം ഇസ്രായേൽ മക്കളെ അന്വേഷിച്ചു പുറപ്പെട്ടത്.

അറേബ്യ നഗരത്തിൽ ദനഹാ പെരുന്നാൾ; യരുശലേമിലേക്ക് മടക്കം



ഞങ്ങൾ അറേബ്യയിൽ എത്തിച്ചേർന്നത് ഏറ്റവും സന്തോഷകരവും അനുഗ്രഹകരവും ആയ ഒരു പെരുന്നാൾ ദിവസത്തിന്‍റെ തലേന്ന് ആയിരുന്നു; ദനഹാ പെരുന്നാളിന്‍റെ തലേന്ന്. ദേവാലയത്തിൽ പ്രത്യേക പ്രാർഥനകളുടെ സമയമായിരുന്നു അത്. അവിടുത്തെ വിശുദ്ധനായ മെത്രാൻ ഞങ്ങൾ രണ്ടു ദിവസം കൂടി അവിടെത്തന്നെ കഴിച്ചുകൂട്ടുവാൻ നിർദ്ദേശിച്ചു. അദ്ദേഹം തികച്ചും വിശുദ്ധിയുള്ള ഒരു സന്യാസി ശ്രേഷ്ഠനാണ് , ഒരു യഥാർത്ഥ ദൈവഭക്തൻ. ഞാൻ 'തെബായിഡ്' എന്ന സ്ഥലത്തായിരുന്നപ്പോൾ മുതൽ അദ്ദേഹത്തെ പരിചയമുണ്ട്. ശൈശവ പ്രായം മുതൽ അദ്ദേഹം വളർന്നുവന്നത് ഏകാന്തതയിൽ ഒരു അറയ്ക്കുള്ളിൽ ആയിരുന്നു. സന്യാസം സ്വീകരിച്ച ശേഷമാണ് അദ്ദേഹം മെത്രാൻ പദവിയിലേക്ക് ഉയർത്തപ്പെട്ടത്. ജീവിതം മുഴുവൻ വിശുദ്ധിയിൽ കഴിച്ചുകൂട്ടി ഈ നിലയിൽ എത്തിയ ഈ മെത്രാൻ വേദഗ്രന്ഥങ്ങൾ ആഴമായി പഠിച്ചിട്ടുണ്ട്. ഇവിടെ നിന്ന്, ഞങ്ങളെ അനുധാവനം ചെയ്തിരുന്ന പടയാളികളെ ഞങ്ങൾ മടക്കിയയച്ചു. റോമൻ ചിട്ടകൾ പ്രകാരമാണ് അവർ ഞങ്ങൾക്കൊപ്പം യാത്രചെയ്തത്. പ്രശ്നങ്ങൾ ഉടലെടുത്തേക്കാം എന്ന് സംശയിക്കപ്പെടുന്ന പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ഇവരുടെ സംരക്ഷണം അത്യന്താപേക്ഷിതമാണ്. ഇനിയങ്ങോട്ടുള്ള പൊതു പാത ഈജിപ്തിൽ കൂടെ ആയതിനാൽ പടയാളികളെ ബുദ്ധിമുട്ടിക്കേണ്ട യാതൊരു കാര്യവുമില്ല. ഈ പൊതു പാത അറേബ്യ നഗരത്തിൽ നിന്ന് 'തെബായിഡ്' നഗരത്തിലൂടെ പെലൂസിയം പ്രദേശത്ത് എത്തിച്ചേരുന്നു. അറേബ്യ നഗരത്തിൽ നിന്ന് മുമ്പോട്ടുള്ള ഞങ്ങളുടെ യാത്ര ഗോഷാൻ പ്രദേശത്തു കൂടി തന്നെ ആയിരുന്നു. ഈ പാതയിൽ മുന്തിരിപ്പഴവും മനോഹരമായ പുഷ്പങ്ങളും വള്ളികളിലും ചെടികളിലും പടർന്നുപന്തലിച്ചു ശോഭയോടെ നിൽക്കുന്ന കാഴ്ച ആകർഷകമായിരുന്നു. നൈൽ നദീതീരത്തെ കൃഷിയിടങ്ങളും പൂന്തോട്ടങ്ങളും വിശാലമായ എസ്റ്റേറ്റുകളും ഒക്കെ ഈ പാതയുടെ പ്രത്യേകതകളാണ്. ഒരു കാലത്ത് ഇവയൊക്കെ ഇസ്രയേൽ മക്കൾക്ക് സ്വന്തം ആയിരുന്നല്ലോ. കൂടുതലായി ഞാൻ എന്താണ് പറയേണ്ടത്? ഗോഷാനേക്കാൾ മനോഹരമായ ഒരു ഭൂപ്രദേശം മറ്റെങ്ങും ഞാൻ കണ്ടിട്ടുണ്ടെന്ന് തോന്നുന്നില്ല. രണ്ടു ദിവസത്തെ ഗോഷാൻ പ്രദേശത്ത് കൂടിയുള്ള യാത്രയോടെ ഞങ്ങൾ അറേബ്യ നഗരത്തിൽ നിന്ന് 'റ്റാറ്റ്നിസ്' എന്ന സ്ഥലത്ത് എത്തിച്ചേർന്നു. ഇവിടെയാണ് വിശുദ്ധനായ മോശ ജനിച്ചത്. മോശയുടെ ജന്മ സ്ഥലം ഏതാണെന്ന് വിശുദ്ധ വേദപുസ്തകം രേഖപ്പെടുത്തിയിട്ടില്ല. റ്റാറ്റ്നിസ്' എന്ന ഈ സ്ഥലം ഒരിക്കൽ ഫറവോന്‍റെ പട്ടണമായിരുന്നു. ഞാൻ അലക്സാണ്ട്രിയയിലും തെബായിഡിലും ആയിരുന്ന അവസരത്തിൽ ഈ പ്രദേശങ്ങൾ പരിചയപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും കൂടുതൽ വ്യക്തമായി റെംസെ മുതൽ ദൈവത്തിന്‍റെ പർവതമായ സീനായി വരെ ഇസ്രായേൽ ജനം സഞ്ചരിച്ച എല്ലാ പ്രദേശങ്ങളെപ്പറ്റിയും പഠിക്കണമെന്ന ആഗ്രഹം എനിക്ക് ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഗോഷാൻ പ്രദേശത്തേക്കും തുടർന്ന്

റ്റാറ്റ്നിസിലേക്കും എത്തുവാൻ ഞാൻ തീരുമാനിച്ചത്. റ്റാറ്റ്നിസിൽ നിന്ന് എനിക്ക് സുപരിചിതമായ പാതയിൽ കൂടെ പെലൂസിയം എന്ന സ്ഥലത്ത് കാൽനടയായി ഞങ്ങൾ എത്തി. ഇവിടെ നിന്ന് നേരത്തെ യാത്ര ചെയ്ത പ്രദേശങ്ങളിൽ കൂടെ തന്നെ, ഈജിപ്തിന്‍റെ വിവിധ ഭാഗങ്ങളിലൂടെ, കാൽനടയായി ഞങ്ങൾ പാലസ്തീന്‍റെ അതിർത്തിയിൽ വന്നുചേർന്നു. തുടർന്ന് യേശുക്രിസ്തുവിന്‍റെ അനന്തമായ കൃപയാൽ പാലസ്തീനിലെ വിവിധ പ്രദേശങ്ങൾ കടന്ന് 'ഏലിയാ' എന്നു കൂടി വിളിക്കപ്പെടുന്ന യെരുശലേം നഗരത്തിൽ മടങ്ങിയെത്തി.

യോര്‍ദ്ദാന്‍ താഴ്‌വരയിൽ ഒരു സന്ദർശനം 


യെരുശലേമിൽ കുറച്ചുനാൾ ചെലവഴിച്ചിട്ട് ദൈവേഷ്ടപ്രകാരം ദൂരെ അറേബ്യയിലേക്ക് പോകുവാൻ ഞാൻ ആഗ്രഹിച്ചു. ദൈവം മോശയോട് കയറിച്ചെല്ലുവാൻ കൽപ്പിച്ച നെബോ പർവ്വതം ആയിരുന്നു ഞാൻ ലക്ഷ്യമിട്ടത്. ദൈവം മോശയോട് അരുളിച്ചെയ്തു: "നീ യെരീഹോയ്ക്കു നേരെ മോവാബ് ദേശത്തുള്ള ഈബാറീം പർവതത്തിൽ നെബോ മലമുകളിൽ കയറി ഞാൻ ഇസ്രയേൽ മക്കൾക്ക് അവകാശമായി കൊടുക്കുന്ന കനാൻ ദേശത്തെ നോക്കി കണ്ടുകൊള്‍ക. ... നീ കയറുന്ന മലയിൽ വച്ച് നീയും മരിച്ച് നിന്‍റെ ജനത്തോടു ചേരും. ... നീ ദേശത്തെ നിന്‍റെ മുമ്പിൽ കാണും; എങ്കിലും ഞാന്‍ ഇസ്രായേൽ മക്കൾക്കു കൊടുക്കുന്ന ദേശത്ത് നീ പ്രവേശിക്കുകയില്ല" (ആവർത്തന പുസ്തകം 32:48-52). ദൈവത്തിൽ പ്രത്യാശ വെക്കുന്നവരെ ക്രിസ്തു ഒരുനാളും കൈവിടുകയില്ല എന്നതിനാൽ എന്‍റെ ഈ ആഗ്രഹം സാക്ഷാത്കരിക്കപ്പെടുക തന്നെ ചെയ്യുമെന്ന പ്രത്യാശയിൽ ഞങ്ങൾ യരുശലേമിൽ നിന്ന് യാത്ര ആരംഭിച്ചു. ഞങ്ങൾക്കൊപ്പം ഒരു പുരോഹിതനും ഏതാനും ശെമ്മാശന്മാരും സന്യാസി സഹോദരങ്ങളും ഉണ്ടായിരുന്നു. യാത്ര ചെയ്ത് ഞങ്ങൾ യോര്‍ദ്ദാന്‍റെ തീരത്ത് വിശുദ്ധനായ യോശുവയുടെ നേതൃത്വത്തിൽ ഇസ്രായേൽ മക്കൾ കരകവിഞ്ഞൊഴുകുന്ന യോര്‍ദ്ദാന്‍ നദി കുറുകെ കടന്ന കൃത്യമായ സ്ഥലത്ത് എത്തിച്ചേർന്നു. നൂന്‍റെ മകൻ യോശുവയുടെ പുസ്തകത്തിൽ (3.14,15) ഈ സംഭവം പ്രതിപാദിക്കുന്നുണ്ട്. കുറച്ചുദൂരം പടിഞ്ഞാറോട്ടു മാറി രൂബൻ, ഗാദ് ഗോത്രങ്ങളും മനശെയുടെ പാതി ഗോത്രവും ചേർന്ന് പണിത ബലിപീഠം ഞങ്ങൾക്ക് കാണിച്ചു തന്നു. യോർദാൻ നദി മുറിച്ചു കടന്നു ഞങ്ങൾ ബെത്-ഹരാം (യോശുവാ 13.27, സംഖ്യാ പുസ്തകം 33.36) എന്ന പട്ടണത്തിൽ കാലുകുത്തി (പില്‍ക്കാലത്ത് ഈ പട്ടണം പുനർനിർമ്മാണം നടത്തി ലിവിയാസ് എന്ന് പേരിട്ടു. പുനർനിർമാണം നടത്തിയത് രാജാവായിരുന്ന ഹെരോദ് ആയിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യയുടെ പേര് ലിവിയ). ഈ പട്ടണം സമതലപ്രദേശം ആയിരുന്നു. ഇസ്രായേൽ മക്കള്‍ അവിടെ പാളയമടിച്ചു. ഇന്നും പാളയം അടിച്ചതിന്‍റെ അടിസ്ഥാനശിലകൾ അവിടെ കാണുവാനുണ്ട്. ഈ സമതലപ്രദേശം ഏറെ വിസ്തൃതിയുള്ള ഒന്നാണ്. അറേബ്യൻ പർവതനിരകൾക്ക് താഴെയായി യോർദ്ദാന്‍റെ മുകളിലാണ് ഇത് സ്ഥിതിചെയ്യുന്നത് (വിശുദ്ധ വേദപുസ്തകത്തിൽ പറയുന്ന മോവാബ് സമഭൂമിയുടെ ഭാഗമാണിത്). ആവർത്തന പുസ്തകം 34.8-ൽ നമ്മൾ ഇങ്ങനെ വായിക്കുന്നു: "ഇസ്രായേൽ മക്കൾ മോശയെക്കുറിച്ച് മോവാബ് സമഭൂമിയിൽ 30 ദിവസം വിലപിച്ചുകൊണ്ടിരുന്നു." മോശെയുടെ മരണശേഷം നൂന്‍റെ മകൻ യോശുവ ജ്ഞാനത്തിന്‍റെ ആത്മാവിനാൽ നിറയപ്പെട്ടത് ഇവിടെ വച്ചാണ് (ആവർത്തന പുസ്തകം 34.9). ആവർത്തനപുസ്തകം മോശം രചിച്ചതും ഇവിടെ വച്ചു തന്നെയാണ്. ഇസ്രായേൽ ജനസമൂഹത്തിന് മോശയുടെ ഗീതം പൂർണമായി പാടിക്കേൾപ്പിച്ച സ്ഥലവും ഇതു തന്നെ (ആവർത്തന പുസ്തകം 31.30). ദൈവപുരുഷനായ മോശ ഇസ്രായേൽ മക്കളെ ഗോത്രം ഗോത്രമായി ഇവിടെവച്ച് അനുഗ്രഹിച്ചു. തന്‍റെ മരണത്തിനു മുമ്പായി ജനത്തെ മോശ അനുഗ്രഹിച്ച സംഭവം ആവർത്തനപുസ്തകം മുപ്പത്തിമൂന്നാം അദ്ധ്യായം വിവരിക്കുന്നുണ്ട്. അതുകൊണ്ട് ഈ സമഭൂമിയിൽ എത്തിയപ്പോൾതന്നെ കൃത്യമായി ആ സ്ഥലത്ത് ഞങ്ങൾ എത്തുകയും പ്രാർത്ഥനകൾ നടത്തുകയും ചെയ്തു. ആവർത്തന പുസ്തകത്തിൽ നിന്ന് ചില ഭാഗങ്ങൾ വായിക്കുകയും മോശയുടെ ഗീതം ആലപിക്കുകയും ചെയ്തു. ഇസ്രയേല്‍മക്കൾക്ക് മോശ കൊടുത്ത അനുഗ്രഹ വചസുകൾ വായിച്ചശേഷം വീണ്ടും ഞങ്ങൾ പ്രാർത്ഥനകൾ നടത്തി. ദൈവത്തിന് കൃതജ്ഞത അര്‍പ്പിച്ച ശേഷം ഞങ്ങൾ യാത്ര തുടർന്നു. ഞങ്ങളുടെ യാത്രാവേളയിൽ പാലിക്കേണ്ട ചില ചിട്ടകളുണ്ട്. ഞങ്ങൾ ചെന്നുചേരുവാൻ ആഗ്രഹിക്കുന്ന ഒരു സ്ഥലത്ത് എത്തിയാൽ ആദ്യംതന്നെ പ്രാർത്ഥന നടത്തണം. തുടർന്ന് വിശുദ്ധ വേദപുസ്തക പാരായണം, സങ്കീർത്തനാലാപനം, വീണ്ടും പ്രാർത്ഥന. ഈ രീതി എപ്പോഴും ഞങ്ങൾ അനുവർത്തിച്ചു പോന്നു. ഇതിനു ശേഷം ഞങ്ങളുടെ ഉദ്ദേശ്യ നിവൃത്തിക്കായുള്ള കാര്യങ്ങൾ നിർവഹിക്കുന്നു. ഇവിടെ പ്രാർത്ഥനയും മറ്റും നടത്തിയശേഷം നെബോ മലയിലേക്കു നീങ്ങുവാൻ ആരംഭിച്ചു. ലിവിയാസിലെ പുരോഹിതന് ഇവിടുത്തെ കാര്യങ്ങൾ കൂടുതൽ നിശ്ചയം ഉള്ളതിനാൽ അദ്ദേഹം കൂടെ ഞങ്ങൾക്കൊപ്പം ഉണ്ടാകണമെന്ന ആഗ്രഹം ഞങ്ങൾ പ്രകടിപ്പിച്ചു. അദ്ദേഹം ഞങ്ങളോട് ഇങ്ങനെ പറഞ്ഞു: "പാറയിൽനിന്ന് മോശ ഇസ്രയേൽ മക്കൾക്ക് കുടിക്കുവാനുള്ള വെള്ളം നൽകിയ സ്ഥലം കാണണമെങ്കിൽ ആറ് മൈൽ ദൂരം വേറിട്ട ഒരു പാതയില്‍ കൂടെ യാത്ര ചെയ്യേണ്ടിവരും." അദ്ദേഹം ഇതു പറഞ്ഞ മാത്രയിൽ തന്നെ ആ പാതയില്‍ കൂടെ യാത്രയാകുവാന്‍ ഞങ്ങൾ തയ്യാറായി. ആ പുരോഹിതൻ ഞങ്ങൾക്ക് മുൻപേ നടന്നു. ഇവിടെ മറ്റൊരു ചെറിയ മലയുണ്ട്, അവിടെ ഒരു ദേവാലയവും. ഇത് നെബോയില്‍ നിന്ന് അത്ര അകലെയല്ല. വിശുദ്ധരായ കുറെ സന്യാസിമാർ ഇവിടെ താമസിക്കുന്നു.

ഈ സന്യാസിമാർ വളരെ ഹാർദ്ദമായി ഞങ്ങളെ സ്വീകരിച്ചു. തന്നെയുമല്ല അവരുടെ അറകളിലേക്കു കടന്നുചെല്ലുവാന്‍ ഞങ്ങളെ അനുവദിക്കുകയും ചെയ്തു. അവരോടൊപ്പം പ്രാർത്ഥനയിൽ ഞങ്ങൾ പങ്കുചേർന്നു. പ്രാർത്ഥനയ്ക്കുശേഷം ലഘുഭക്ഷണം തന്ന് അവർ ഞങ്ങളെ സൽക്കരിച്ചു. ഈ സൽക്കാരം അവരുടെ ആതിഥേയത്വത്തിന്‍റെ അനുഗ്രഹകരമായ പ്രതിഫലനമായിട്ടാണ് കരുതപ്പെടുന്നത്. അവരുടെ അറകളുടെയും ദേവാലയത്തിന്‍റെയും മധ്യഭാഗത്തു കൂടെ ഒരു പാറയിൽ നിന്ന് സമൃദ്ധമായി ഒരു നീരുറവയെന്നവണ്ണം ജലം ഒഴുകുന്നു. കാഴ്ചയ്ക്ക് അതിമനോഹരവും നാവുകൾക്ക് അതി രുചികരവും ആയി ഈ ജലസ്രോതസ് അനുഭവപ്പെട്ടു. ഈ ജലത്തിന്‍റെ രുചിയുടെ മര്‍മത്തെക്കുറിച്ച് ഞങ്ങൾ അവരോട് ചോദിച്ചു. മരുഭൂമിയിൽ ഇസ്രയേൽ മക്കൾക്ക് മോശ കൊടുത്ത ജലം തന്നെയാണിതെന്ന് അവർ ഞങ്ങൾക്ക് പറഞ്ഞു തന്നു (സംഖ്യാ പുസ്തകം 20.11). തുടർന്ന് പ്രാർത്ഥന നടത്തുകയും മോശയുടെ പുസ്തകത്തിൽ നിന്നുള്ള വേദഭാഗം പാരായണം ചെയ്യുകയും ഒരു സങ്കീർത്തനം ആലപിക്കുകയും ചെയ്തു. അതിനുശേഷം ഞങ്ങൾക്കൊപ്പം വന്ന പുരോഹിതരോടും സന്യാസിമാരോടും ഒപ്പം ഞങ്ങൾ നെബോ മലയിലേക്ക് യാത്രയായി. അവിടെ ഉണ്ടായിരുന്ന സന്യാസിമാരില്‍ ഈയൊരു യാത്രയ്ക്ക് അനുയോജ്യമായ ശാരീരികക്ഷമതയുള്ളവരും ഞങ്ങൾക്കൊപ്പം ചേർന്നു. അവിടെനിന്നു നടന്ന് ഞങ്ങൾ നെബോ പര്‍വതത്തിന്‍റെ അടിഭാഗത്തെത്തി. പർവ്വതം വളരെ ഉയരം ഉള്ളതാണ്. എന്നാൽ അതിന്‍റെ അധികഭാഗവും കഴുതപ്പുറത്തിരുന്ന് കയറുവാൻ സാധിക്കും. ചില ഭാഗങ്ങൾ വളരെ കുത്തനെ ആയതിനാൽ കാൽനടയായിത്തന്നെ കയറുകയേ നിവൃത്തിയുള്ളൂ. ഞങ്ങൾ അങ്ങനെ തന്നെ ചെയ്തു.

നെബോ പർവ്വതം 


അങ്ങനെ ഞങ്ങൾ പർവതത്തിന്‍റെ മുകളിൽ എത്തി. അത്ര വലുപ്പം ഇല്ലാത്ത ഒരു ദേവാലയം നെബോ പർവ്വതത്തിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്നുണ്ട്. ദേവാലയത്തിനുള്ളിൽ പ്രസംഗപീഠം ഉണ്ടാവേണ്ട സ്ഥലത്ത് അല്പം ഉയരത്തിൽ ഒരു പ്രത്യേക ഭാഗം കാണാം. ഇതിന് സാധാരണരീതിയിൽ ഒരു ശവകുടീരത്തിന് ഉണ്ടാകേണ്ട വലുപ്പം ഉണ്ട്. ഇതെക്കുറിച്ച് ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്ന വിശുദ്ധ മനുഷ്യരോട് ചോദിച്ചപ്പോൾ കിട്ടിയ മറുപടി ഇങ്ങനെ ആയിരുന്നു: "വിശുദ്ധനായ മോശയെ മാലാഖമാർ കബറടക്കിയത് ഇവിടെ ആയിരുന്നു. 'ഇന്നുവരെയും ആരും അവന്‍റെ ശവക്കുഴിയുടെ സ്ഥാനം അറിയുന്നില്ല' എന്ന് ആവർത്തന പുസ്തകം 34:6-ല്‍ പറയുന്നു. കാരണം മോശയെ സംസ്കരിച്ചത് മാലാഖമാർ ആയിരുന്നു എന്നത് സ്പഷ്ടമാണല്ലോ. മോശയുടെ ശരീരം സംസ്കരിക്കപ്പെട്ട കൃത്യമായ സ്ഥലം ആർക്കും ഇന്നുവരെ കാണിച്ചുകൊടുക്കപ്പെട്ടിട്ടില്ല. അതേസമയം, ഈ സ്ഥലം ഇവിടെ താമസിച്ചിരുന്ന ഞങ്ങളുടെ പൂർവ പിതാക്കന്മാർ പരമ്പരാഗതമായി തലമുറകൾക്ക് കാണിച്ചു തന്നിട്ടുള്ളതാണ്. അങ്ങനെ പൂർവ്വ പിതാക്കന്മാർ കാണിച്ചു കൊടുത്ത ഈ സ്ഥലം ഞങ്ങൾ ഇപ്പോൾ നിങ്ങൾക്കും കാണിച്ചു തരുന്നു." തുടർന്ന് സാധാരണ ഞങ്ങൾ ചെയ്തുപോരുന്നതുപോലെ പ്രാർത്ഥന നടത്തുകയും വേദഭാഗ പാരായണം മുതലായവ നടത്തുകയും ചെയ്ത ശേഷം ദേവാലയത്തിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. ഈ സമയം അവിടെ ഉണ്ടായിരുന്ന പുരോഹിതരും വിശുദ്ധരായ സന്യാസിമാരും, അതായത് ആ പ്രദേശത്തെ കാര്യങ്ങൾ നന്നായി പരിചയം ഉള്ളവരുമായവർ ഞങ്ങളോട് ഇങ്ങനെ പറഞ്ഞു: "മോശയുടെ പുസ്തകങ്ങളിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങൾ കാണുവാൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ദേവാലയത്തിലൂടെ വെളിയിലേക്ക് വന്ന് ഈ മുകൾഭാഗത്തു നിന്നുകൊണ്ട് ആ വശത്ത് കൂടി നോക്കണം; അങ്ങനെ കാണുവാൻ സാധിക്കുന്ന സ്ഥലങ്ങളെപ്പറ്റി ഇവിടെ നിന്നുകൊണ്ടുതന്നെ ഞങ്ങൾ പറഞ്ഞു തരാം." വളരെ സന്തോഷത്തോടെ ഞങ്ങൾ ദേവാലയത്തിൽ നിന്ന് പുറത്തേക്കു വന്നു. ദേവാലയത്തിന്‍റെ വാതിൽക്കൽ നിന്നുകൊണ്ടുതന്നെ യോർദ്ദാൻ നദി ചാവുകടലിലേക്ക് ഒഴുകിച്ചെല്ലുന്നത് കാണുവാൻ സാധിച്ചു. ഞങ്ങൾ നിൽക്കുന്നതിന്‍റെ നേരെ താഴെയാണ് ഇതെന്ന് ഞങ്ങൾക്കു തോന്നി. മറുവശത്ത് യോർദാന്‍റെ ഞങ്ങളോട് അടുത്തുള്ള വശത്ത് ലിവിയാസ് മാത്രമല്ല യോർദാന്‍റെ അപ്പുറത്തുള്ള യെരിഹോയും കണ്ടു. ഇത്രയേറെ ഉയരെ, ദേവാലയത്തിന്‍റെ വാതിൽഭാഗത്തു നിന്നു തന്നെയാണ് ഇവ കണ്ടത്. വാഗ്ദത്ത നാടായ പലസ്തീന്‍റെ മിക്ക ഭാഗങ്ങളും യോര്‍ദ്ദാന്‍ പ്രദേശം മുഴുവനും അവിടെ നിന്ന് കാണാമായിരുന്നു. ഞങ്ങളുടെ ഇടതു വശത്തു നിന്നുകൊണ്ടു നോക്കുമ്പോൾ സോദോമ്യരുടെയും സോറിന്‍റെയും പ്രദേശങ്ങൾ മുഴുവൻ വ്യക്തമായിരുന്നു. പേരുകേട്ട അഞ്ച് പട്ടണങ്ങളിൽ ഇപ്പോൾ സോർ മാത്രമാണ് നിലവിലുള്ളത്. അതിന്‍റെ ഒരു സ്മാരകം കാണാനുണ്ടെങ്കിലും മറ്റു പട്ടണങ്ങളെക്കുറിച്ച് യാതൊന്നുംതന്നെ പ്രകടമായിരുന്നില്ല. അവയുടെ അവശിഷ്ടങ്ങൾ മാത്രം കുറെയൊക്കെ കൂമ്പാരങ്ങളായി കിടക്കുന്നുണ്ട്. ഉല്പത്തി പുസ്തകം 19:23-26 ഭാഗത്ത് നാം വായിക്കുന്ന ലോത്തിന്‍റെ ഭാര്യ ഒരു സ്മാരകശിലയായി മാറിയ ഭാഗം മുകളിൽ നിന്നു തന്നെ ഞങ്ങൾ കണ്ടു. പ്രിയപ്പെട്ടവരെ, ഒരു കാര്യം ഇവിടെ എടുത്തു പറയട്ടെ; നാം വായിക്കുന്ന 'ഉപ്പുതൂണ്‍' പ്രകടമായി കാണാൻ സാധ്യമല്ല, മറിച്ച് അവർ 'ഉപ്പുതൂണ്‍' ആയി മാറിയ സ്ഥലം മാത്രമാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്. 'ഉപ്പുതൂണ്‍' പില്‍ക്കാലത്ത് ചാവുകടല്‍ കയറി മൂടിപ്പോയി. അവിടെ 'ഉപ്പുതൂണ്‍' കണ്ടു എന്നു പറഞ്ഞു ഒരു തെറ്റായ ധാരണ നിങ്ങൾക്ക് പകർന്നു തരുന്നത് ശരിയല്ല എന്നതിനാലാണ് ഇത്രയും വിശദീകരിച്ചത്. സോറിലെ മെത്രാൻ ഞങ്ങളോട് പറഞ്ഞത് കുറെ വർഷങ്ങളായിട്ട് 'ഉപ്പുതൂണ്‍' പ്രത്യക്ഷമല്ല എന്നായിരുന്നു. സോറില്‍ നിന്ന് ഏതാണ്ട് ആറു മൈല്‍ ദൂരത്താണ് 'ഉപ്പുതൂണ്‍' നിന്നിരുന്ന സ്ഥലം. ഇന്ന് അവിടമാകെ വെള്ളത്താൽ മൂടപ്പെട്ടു കിടക്കുകയാണ്. ഞങ്ങൾ ദേവാലയത്തിന്‍റെ വലതു വശത്തേക്ക് നീങ്ങി. ഇവിടെ നിന്നു നോക്കുമ്പോൾ രണ്ട് നഗരങ്ങൾ കാണാൻ സാധിക്കുന്നു. അവയില്‍ ഒന്നിന്‍റെ പേര് ഹെശ്ബൂന്‍ (സംഖ്യാ പുസ്തകം 29:26, ആവർത്തനപുസ്തകം 4:46) എന്നാണ്. അമ്മോര്യ രാജാവായ സീഹോന്‍റെ അധീനതയിലായിരുന്നു ഈ പ്രദേശം. ബാശാൻ രാജാവായ ഓഗിന്‍റെ അധീനതയിലുള്ള എദ്രയി പട്ടണമായിരുന്നു മറ്റത് (സംഖ്യാ പുസ്തകം 21:33, ആവർത്തനപുസ്തകം 3:10). ഏദോം രാജാവിന്‍റെ കൈവശമായിരുന്ന പെയോർ പട്ടണവും ഇവിടെ നിന്നു തന്നെ ഞങ്ങൾ കണ്ടു (സംഖ്യാ പുസ്തകം 23:28, ആവർത്തനപുസ്തകം 4:46). ഇപ്പറഞ്ഞ എല്ലാ നഗരങ്ങളും വിവിധ മലകളിൽ സ്ഥിതിചെയ്യുന്നതായാണ് കണ്ടത്. അതേസമയം അവയുടെ കുറച്ചു താഴെയായി സമതല പ്രദേശവും ഉണ്ടായിരുന്നു. വിശുദ്ധനായ മോശയും ഇസ്രയേൽ മക്കളും ഈ നഗരങ്ങൾ പിടിച്ചെടുക്കുവാനായി യുദ്ധം ചെയ്തപ്പോൾ ഈ സമതലങ്ങളായിരുന്നു ഇടത്താവളം. ഈ താവളങ്ങളുടെ അവശിഷ്ടങ്ങൾ കുറെയൊക്കെ കാണാൻ സാധിക്കുന്നുണ്ടായിരുന്നു. ഇടതുവശത്തുള്ള മലമ്പ്രദേശത്തു കൂടി നോക്കുമ്പോൾ ചാവുകടലിന്‍റെ മുകളിലായി ഒരു ഒറ്റപ്പെട്ട പര്‍വതം കാണാം; ഇത് വീക്ഷണസ്ഥലം എന്ന പേരില്‍ അറിയപ്പെട്ടിരുന്നു. ബെയോറിന്‍റെ മകനായ ബാലാക്ക് പ്രവാചകനായ ബെലയാമിനെ ഈ പർവ്വവതത്തിൽ കയറ്റിനിർത്തിക്കൊണ്ടാണ് ഇസ്രായേൽ മക്കളെ ശപിക്കുവാൻ ആവശ്യപ്പെട്ടത്. പക്ഷേ, ദൈവം അത് അനുവദിച്ചില്ല എന്ന് നമ്മൾ വായിക്കുന്നുണ്ട്. ഏതായാലും കാണണം എന്ന് ആഗ്രഹിച്ചവയൊക്കെ കണ്ട് ഞങ്ങൾ ദൈവകൃപയാൽ മടക്കയാത്ര ആരംഭിച്ചു. ഞങ്ങൾ ഇവിടേയ്ക്കു വന്ന വഴിയില്‍ കൂടെ തന്നെ യെരീഹോ വഴി യെരുശലേമിലേക്ക് തിരിച്ചുപോയി.

ഊസ് ദേശം സന്ദർശിക്കുന്നു


കുറച്ചു നാളുകൾക്ക് ശേഷം ഊസ് ദേശം സന്ദർശിക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചു. വിശുദ്ധനായ ഇയ്യോബിന്‍റെ കബറിടം സന്ദർശിച്ച് പ്രാർത്ഥനകൾ അർപ്പിക്കുക എന്നതായിരുന്നു ഉദ്ദേശ്യം. അവിടെ നിന്ന് ധാരാളം വിശുദ്ധ സന്യാസിമാർ യെരുശലേമിൽ വരികയും വിശുദ്ധ സ്ഥലങ്ങൾ സന്ദർശിച്ച് പ്രാർത്ഥിക്കുകയും ചെയ്യുന്നത് എന്‍റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർ കണ്ടിട്ടുള്ള സ്ഥലങ്ങളെപ്പറ്റിയുള്ള വിവരങ്ങൾ മറ്റുള്ളവരുമായി കൈമാറുന്നതും ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. ഇതൊക്കെ കാണുകയും കേൾക്കുകയും ചെയ്തപ്പോൾ കുറച്ചു കഷ്ടപ്പെട്ട് ആയാലും എൻറെ ഉള്ളിലുള്ള തീക്ഷ്ണമായ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കേണ്ടതിന് കൂടുതൽ പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യണമെന്നു തന്നെ ഞാൻ തീരുമാനിച്ചു. ആഗ്രഹം സാക്ഷാത്കരിക്കുവാനുള്ള ഉദ്യമം കഷ്ടപ്പാടിന്‍റെ നിർവചനത്തിൽ ഉൾപ്പെടുമോ എന്ന് എനിക്ക് നിശ്ചയമില്ല. എൻറെ യാത്രയിൽ കൂടെ വരുവാൻ സന്നദ്ധത പ്രകടിപ്പിച്ച വിശുദ്ധരായ വ്യക്തികളും ഒരുമിച്ച് യെരുശലേമില്‍ നിന്ന് ഞങ്ങളുടെ സംഘം പുറപ്പെട്ടു. എത്തിച്ചേരുന്ന വിശുദ്ധ സ്ഥലങ്ങളിൽ പ്രാർത്ഥന നടത്തുക എന്ന ഉദ്ദേശ്യവും എന്‍റെ ഒപ്പം ഉള്ള സഹയാത്രികർക്ക് ഉണ്ട്. യെരുശലേമില്‍ നിന്ന് എട്ടു കേന്ദ്രങ്ങളില്‍ കൂടെ കാര്‍ണിയ എന്ന സ്ഥലത്ത് എത്തിച്ചേരുന്നവിധമായിരുന്നു ഞങ്ങൾ യാത്രാപദ്ധതി രൂപകല്പന ചെയ്തത്. ഇയ്യോബിന്‍റെ പട്ടണം ദയ്ഹാബാ എന്ന് നേരത്തെ അറിയപ്പെട്ടിരുന്നുവെങ്കിൽ ഇപ്പോൾ കാർണിയ എന്ന് അത് മാറ്റപ്പെട്ടിരിക്കുന്നു. ഈ പട്ടണം ഊസ് ദേശത്ത് സ്ഥിതി ചെയ്യുന്നു. ഇദുമിയ, അറേബ്യ നഗരങ്ങൾക്കു സമീപമാണ് ഈ പ്രദേശം. ഈ യാത്രയിൽ യോർദ്ദാൻ നദീതീരത്ത് അതിമനോഹരമായ ഒരു താഴ്വാരം ഉണ്ട്. ധാരാളം വൃക്ഷങ്ങളും ചെടികളും ഇവിടെ നിറയെ കാണാൻ സാധിക്കുന്നു. ജലസ്രോതസ്സുകളാലും ഇവിടം സമൃദ്ധമാണ്. സെദിമ എന്ന് പേരുള്ള ഒരു ഗ്രാമം ഈ താഴ്വാരത്ത് ഉണ്ട്. ഈ ഗ്രാമം സമതല ഭൂപ്രദേശത്തിന്‍റെ ഏതാണ്ട് മധ്യഭാഗത്ത് ആണ് സ്ഥിതിചെയ്യുന്നത്. അത്രകണ്ട് വലുതല്ലാത്ത ഒരു കുന്നിൻപ്രദേശം ഗ്രാമത്തിന്‍റെ കേന്ദ്ര ഭാഗത്തുണ്ട്. അതിന്‍റെ ആകൃതി ഏതാണ്ട് ഒരു ശവകുടീരത്തിനു സമാനമാണ്. മുകൾഭാഗത്ത് ഒരു ദേവാലയം കാണാം. കുന്നിൻപ്രദേശത്തിനു ചുറ്റുപാടും പുരാതനകാലത്തെ ചില കെട്ടു പണികളുടെ അവശിഷ്ടങ്ങൾ പ്രകടമാണ്. ഗ്രാമത്തിൽ തന്നെ പഴയകാല ശവകുടീരങ്ങളുടെ അവശിഷ്ടങ്ങൾ പോലെ തോന്നിക്കുന്ന ബാക്കിപത്രങ്ങൾ കാണാനുണ്ട്. അതിമനോഹരമായ ഈ പ്രദേശത്തെക്കുറിച്ച് ഞാൻ തിരക്കിയപ്പോൾ എനിക്ക് കിട്ടിയ മറുപടി ഇതാണ്: "രാജാവായിരുന്ന മൽക്കിസദേക്കിന്‍റെ പട്ടണമാണിത്. ശാലേം എന്നായിരുന്നു ഇതിന്‍റെ പേര്. എന്നാൽ കാലക്രമേണ ഭാഷയുടെ വിശുദ്ധിക്കു മങ്ങലേറ്റതോടെ ഈ പേര് സെദിമ എന്ന് രൂപാന്തരപ്പെട്ടു. ഗ്രാമ മദ്ധ്യത്തിൽ കാണപ്പെടുന്ന കുന്നിൻമുകളിലെ ദേവാലയം ഇപ്പോൾ മൽക്കിസദേക്കിന്‍റെ പേരില്‍ ആണ് അറിയപ്പെടുന്നത്. മൽക്കിസദേക്ക്, വിശുദ്ധ വേദപുസ്തകം പറയുന്നതുപോലെ അപ്പവും വീഞ്ഞും ഉപയോഗിച്ച് ദൈവസന്നിധിയിൽ വിശുദ്ധ ബലിയർപ്പിച്ചത് ഇവിടെയാണ്."

മല്‍ക്കീസദേക്കിന്‍റെ പട്ടണം


ഞങ്ങള്‍ യാത്ര ചെയ്തിരുന്ന മൃഗങ്ങളുടെ പുറത്തു നിന്നും താഴെയിറങ്ങി. അവിടുത്തെ ദേവാലയത്തിന്‍റെ ചുമതലയുള്ള പ്രധാന പുരോഹിതനും മറ്റ് വൈദികഗണവും ഞങ്ങളെ പ്രതീക്ഷിച്ചെന്നവണ്ണം അവിടെ കാത്തുനിന്നിരുന്നു. ഹാര്‍ദ്ദമായി സ്വീകരിച്ച് അവര്‍ ഞങ്ങളെ ദേവാലയത്തിനുള്ളിലേക്ക് ആനയിച്ചു. ഞങ്ങളുടെ പതിവനുസരിച്ച് പ്രാരംഭ പ്രാര്‍ത്ഥന നടത്തിയിട്ട് മോശയുടെ പുസ്തകത്തില്‍ നിന്നുള്ള ഭാഗങ്ങളും സങ്കീര്‍ത്തനവും വായിച്ചു. തുടര്‍ന്ന് സമാപന പ്രാര്‍ത്ഥനയും നടത്തി അവിടെ നിന്ന് താഴേക്കിറങ്ങി. താഴേക്കിറങ്ങിക്കഴിഞ്ഞപ്പോള്‍ പ്രധാന പുരോഹിതന്‍ ഞങ്ങളെ അഭിസംബോധന ചെയ്തു. വേദഗ്രന്ഥങ്ങളില്‍ അഗാധ പാണ്ഡിത്യം ആര്‍ജ്ജിച്ചിട്ടുള്ള ഈ വന്ദ്യ വയോധികന്‍ സന്യാസവ്രതം സ്വീകരിച്ച നാള്‍മുതല്‍ ഈ ദേവാലയത്തിന്‍റെ ചുമതല വഹിച്ചുപോരുന്നു. ആ പ്രദേശത്തിന്‍റെ മെത്രാന്‍ ഈ വന്ദ്യ പുരോഹിതന്‍റെ ശുശ്രൂഷകളെക്കുറിച്ച് വളരെ മതിപ്പുള്ളയാളാണെന്ന് പിന്നീട് ഞങ്ങള്‍ മനസ്സിലാക്കി. മെത്രാന്‍ ഒരു സാക്ഷ്യം എന്നവണ്ണം പറഞ്ഞത് പിതാവായ അബ്രഹാം തന്നെ സന്ദര്‍ശിച്ചപ്പോള്‍ ദൈവത്തിന് ഏറ്റവും വിശുദ്ധമായി ബലിയര്‍പ്പണം നടത്തിയ രാജാവും പുരോഹിതനുമായ മല്‍ക്കീസദേക്കിന്‍റെ ദേവാലയത്തിന്‍റെ ചുമതല വഹിക്കുവാന്‍ ഈ വന്ദ്യ പുരോഹിതനേക്കാള്‍ ശ്രേഷ്ഠനായി മറ്റാരും ഇല്ല എന്നാണ്. ദേവാലയത്തില്‍ നിന്ന് ഞങ്ങള്‍ താഴേക്കിറങ്ങി വന്നപ്പോള്‍ ശ്രേഷ്ഠനായ ഈ വന്ദ്യ പുരോഹിതന്‍ ഞങ്ങളോട് ഇങ്ങനെ പറഞ്ഞു: 'പ്രിയപ്പെട്ടവരേ, ചെറിയ ഈ കുന്നിനു ചുറ്റും നിങ്ങള്‍ കാണുന്ന കെട്ടിടാവശിഷ്ടങ്ങളും അടിസ്ഥാനശിലകളുടെ ബാക്കിപത്രങ്ങളും മല്‍ക്കീസദേക്ക് രാജാവിന്‍റെ കൊട്ടാരത്തിന്‍റെ ഭാഗങ്ങളാണ്. അക്കാലം മുതല്‍ ഇന്നുവരെയും ഈ ഭാഗത്ത് ആരെങ്കിലും ഒരു വീടോ കെട്ടിടമോ നിര്‍മ്മിക്കുവാന്‍ ഉദ്യമിക്കുമ്പോള്‍ പലപ്പോഴും അവര്‍ക്ക് വെള്ളിയുടെയും ഓടിന്‍റെയും ചെറിയ കഷണങ്ങള്‍ ലഭിക്കാറുണ്ട്. യോര്‍ദ്ദാന്‍ നദിക്കും ഈ ഗ്രാമത്തിനും മധ്യേ കാണുന്ന പാത നിങ്ങള്‍ ശ്രദ്ധിച്ചു നോക്കുക. പിതാവായ അബ്രഹാം ഈലാം രാജാവായ കര്‍ദ്ലാമാറിനെ തോല്‍പ്പിച്ച ശേഷം ശാലേം രാജാവായ മല്‍ക്കീസദേക്കിനെ സന്ദര്‍ശിക്കുവാന്‍ ഈ പാതയിലൂടെയാണ് ഇവിടേയ്ക്കു വന്നത്. അവര്‍ പരസ്പരം കാണുകയും ചെയ്തുവല്ലൊ' (ഉല്‍പ്പത്തി 14:1).

ഇൻയോൻ


എനിക്ക് പെട്ടെന്ന് ഓർമ്മ വന്ന ഒരു കാര്യമാണ് സ്നാപക യോഹന്നാൻ ജനങ്ങളെ സ്നാനപ്പെടുത്തിയിരുന്ന ഇൻയോൻ എന്ന പ്രദേശം ശാലേമിന് സമീപമാണെന്ന് വായിച്ചിട്ടുണ്ടല്ലോ എന്നത്. ഇൻയോൻ ഇവിടുന്ന് എത്ര ദൂരെയാണ് എന്ന് ഞാൻ ഈ വന്ദ്യ പുരോഹിതനോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു, "അത് വളരെ അടുത്താണ്, ഏതാണ്ട് ഇരുന്നൂറോളം അടി മാത്രം. താല്പര്യമുണ്ടെങ്കിൽ നമുക്ക് അവിടേക്ക് പോകാം. ഇവിടെ ഈ ഗ്രാമത്തിൽ കാണുന്ന അരുവിയുടെ ഉദ്ഭവം അവിടെയാണ്." അദ്ദേഹത്തോട് നന്ദി പറഞ്ഞുകൊണ്ട് ഞങ്ങളെ അവിടേക്ക് കൊണ്ടുപോകാമോ എന്ന് ഞാൻ ആരാഞ്ഞു. അദ്ദേഹം അതിന് തയ്യാറായി. അദ്ദേഹത്തോടൊപ്പം ഞങ്ങൾ കാൽനടയായി ഇൻയോനിലേക്ക് പോയി. അതിമനോഹരമായ താഴ് വാര പ്രദേശത്ത് കൂടെ നടന്ന് വേഗം തന്നെ ഞങ്ങൾ അവിടെ എത്തി. അതി മനോഹരമായ ഒരു തോട്ടം; ഫലവൃക്ഷങ്ങളാൽ അത് സമ്പന്നമായിരിക്കുന്നു. അതിന്റെ മദ്ധ്യത്തിൽ ഏറ്റവും ശുദ്ധമായ ജലം ഊർജ്ജസ്വലമായി നിർഗമിക്കുന്ന ഒരു സ്രോതസ്സ്. അത് അവിടുന്ന് ഒരു അരുവിയായി രൂപംകൊള്ളുന്നു. അതിനു മുമ്പിൽ ഒരു ചെറിയ കുളം കാണാൻ സാധിക്കുന്നു. യോഹന്നാൻ സ്നാപകൻ ശുശ്രൂഷ നിർവഹിച്ചത് ഇവിടെയാണ് എന്നാണ് മനസ്സിലാക്കുവാൻ സാധിച്ചത്. ആ വന്ദ്യ പുരോഹിതൻ ഇങ്ങനെ പറഞ്ഞു തന്നു: "ഈ പൂന്തോട്ടത്തിന് ഇന്നുവരെ യാതൊരു പേരും നൽകിയിട്ടില്ല; അത് 'യോഹന്നാന്റെ പൂന്തോട്ടം' എന്നു മാത്രമായി അറിയപ്പെടുന്നു. ധാരാളം സഹോദരങ്ങളും സന്യാസിമാരും പല സ്ഥലങ്ങളിൽ നിന്നുമായി ഇവിടെ വരികയും ദേഹം കഴുകയും ചെയ്യുന്നുണ്ട്." ഈ ജലസ്രോതസിനു സമീപം നിന്നുകൊണ്ട് പതിവ് രീതി അനുസരിച്ച് പ്രാർത്ഥന നടത്തുകയും യുക്തമായ വേദഭാഗ പാരായണവും സങ്കീർത്തനാലാപനവും നടത്തി വീണ്ടും പ്രാർത്ഥിച്ച് അവിടെനിന്നും മടങ്ങുകയും ചെയ്തു. ആ വന്ദ്യ പുരോഹിതൻ പറഞ്ഞതനുസരിച്ച് എല്ലാ വർഷവും ഉയിർപ്പു പെരുന്നാൾ ദിവസം സ്നാനം ഏൽക്കാനുള്ളവർ ഇവിടെ വന്ന് മൽക്കീസദേക്കിന്റെ ദേവാലയത്തിൽ ശുശ്രൂഷകൾ നടത്തി ഈ അരുവിയിൽ വന്നു സ്നാനപ്പെടാറുണ്ട് എന്ന് മനസ്സിലാക്കുവാൻ സാധിച്ചു. അതിനുശേഷം പുരോഹിതർക്കും സന്യാസിമാർക്കുമൊപ്പം അവർ
മൽക്കീസദേക്കിന്റെ ദേവാലയത്തിൽ കടന്നു ചെന്ന് ആരാധനയിൽ സംബന്ധിക്കുകയും സങ്കീർത്തനാലാപനങ്ങളിൽ ഭാഗഭാക്കാകുകയും ചെയ്യുന്നു. സ്നാപക യോഹന്നാന്റെ പൂന്തോട്ട ത്തിലെ ഫലമൂലാദികൾ ഉൾപ്പെട്ട ലഘുഭക്ഷണം ആസ്വദിച്ചശേഷം ഞങ്ങൾ ദൈവത്തിനു സ്തോത്രം കരേറ്റിക്കൊണ്ട് പോകേണ്ടതായ പാതയിലൂടെ വീണ്ടും യാത്ര തുടർന്നു. അവിടുത്തെ സന്യാസിമാർ അവരുടെ അറകളിലേക്ക് ഉൾവലിയുകയും ചെയ്തു.

ഏലിയാവിന്‍റെ പട്ടണം: കെരീത്ത് തോട്


തുടർന്നുള്ള ഞങ്ങളുടെ യാത്രാമാർഗ്ഗം കുറെ ദൂരത്തേക്ക് യോർദ്ദാൻ താഴ്വരയിൽ നദീതീരത്തു കൂടെയായിരുന്നു. അങ്ങനെ യാത്ര ചെയ്യവെ പ്രവാചകനായ ഏലീയാവിന്‍റെ സ്ഥലമായ തിശ്ബ ഞങ്ങൾക്കു കാണുവാൻ സാധിച്ചു. തിശ്ബ്യനായ ഏലിയാവ് എന്ന് പ്രവാചകൻ വിശേഷിപ്പിക്കപ്പെടാറുണ്ടല്ലോ. ഈ വിശുദ്ധന്‍ താമസിച്ചിരുന്ന ഗുഹ ഇന്നും അതേപോലെതന്നെ അവിടെ കാണാൻ സാധിക്കുന്നു. അതിനു സമീപമാണ് ന്യായാധിപനായിരുന്ന യിപ്താഹിന്‍റെ കബറിടം. ഇദ്ദേഹത്തെപ്പറ്റി ന്യായാധിപന്മാരുടെ പുസ്തകത്തിൽ (11, 12 അധ്യായങ്ങൾ) നമ്മൾ വായിക്കുന്നുണ്ട്. ഞങ്ങളുടെ പതിവു രീതികൾ അനുസരിച്ച് ഇവിടെയും ഞങ്ങൾ പ്രാർത്ഥനകളും വേദഭാഗ പാരായണവും നടത്തി ദൈവത്തിന് നന്ദിയർപ്പിച്ചുകൊണ്ട് യാത്ര തുടർന്നു. കുറച്ചു ദൂരം മുന്‍പോട്ടു പോയിക്കഴിഞ്ഞപ്പോൾ ഞങ്ങളുടെ ഇടതുവശത്തായി വളരെ വിശാലമായ ഒരു മനോഹര താഴ്വര രൂപം കൊള്ളുന്നതായി കണ്ടു. ഇവിടെനിന്ന് സാമാന്യം വലുതായ ഒരു അരുവി ഉത്ഭവിച്ച് യോർദാനിലേക്ക് ഒഴുകുന്നുണ്ട്. ഈ താഴ്വരയിൽ ഒരു സന്യാസിശ്രേഷ്ഠൻ താമസിക്കുന്നു. ഈ താഴ്വര ഒരു സന്യാസിശ്രേഷ്ഠൻ തന്‍റെ വാസസ്ഥാനമായി തിരഞ്ഞെടുത്തുവെങ്കിൽ സ്വാഭാവികമായും എന്തെങ്കിലും സവിശേഷത ഈ പ്രദേശത്തിന് ഉണ്ടാകണമല്ലോ. ഇതേപ്പറ്റി ഞാൻ അന്വേഷിച്ചപ്പോൾ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു സന്ന്യാസി ശ്രേഷ്ഠർ ഇങ്ങനെയാണ് വിശദീകരിച്ചത്: "ഈ താഴ്വരയിലാണ് കെരീത്തിലെ തോട്. ഇസ്രായേലിൽ ക്ഷാമം ഉണ്ടായപ്പോൾ ഈ തോടിനടുത്തായിരുന്നു തിശ്ബ്യനായ ഏലിയാവ് താമസിച്ചിരുന്നത് (1 രാജാക്കന്മാർ 17.3, 4) ദൈവനിശ്ചയപ്രകാരം ഒരു കാക്ക ഏലിയാവിന് ഭക്ഷണം എത്തിച്ചുകൊടുത്തു പോന്നിരുന്നുവല്ലോ. ഈ കെരീത്ത് തോട്ടിൽ നിന്ന് ഏലിയാവ് പാനം ചെയ്യുകയും ചെയ്തിരുന്നു. ആഹാബ് രാജാവിന്‍റെ ഭരണകാലത്തായിരുന്നു ഇത്. ഈ താഴ്വരയിലൂടെ യോർദ്ദാനിലേക്ക് ഒഴുകുന്ന തോടാണ് കെരീത്ത്. ഞങ്ങൾ എത്രയോ വിലകെട്ടവരാണെങ്കിൽപോലും വലിയവനായ ദൈവം, ഞങ്ങൾ കാണണമെന്ന് അഭിലഷിച്ചവയെല്ലാം കാണുവാൻ അനുവദിച്ചുവല്ലോ. ദൈവത്തിനു സ്തോത്രം കരേറ്റിക്കൊണ്ട് ഞങ്ങൾ യാത്ര തുടർന്നു. അങ്ങനെ ഏതാനും ദിവസങ്ങൾ യാത്ര ചെയ്യവേ ഞങ്ങളുടെ പാതയ്ക്ക് വലതുഭാഗത്തായി ഫിനിഷ്യയുടെ ഭാഗങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. പെട്ടെന്ന് വളരെ വലിയതും ഉയരം ഉള്ളതുമായ ഒരു പർവതം ഞങ്ങളുടെ ശ്രദ്ധയിൽപെട്ടു. അതിന് നീളം ഏറെയായിരുന്നു. ...

(ഒരു പേജ് ഇവിടെ നഷ്ടപ്പെട്ടിട്ടുണ്ട്)

ഇയ്യോബിന്‍റെ കബറിടം; യെരുശലേമിലേക്ക് മടക്കം


... വിശുദ്ധനായ ആ സന്യാസിവര്യൻ ദീർഘനാളത്തെ മരുഭൂ വാസത്തിനുശേഷം കാര്‍ണിയ നഗരത്തിലേക്ക് പോയി. അവിടത്തെ മെത്രാനോടും പുരോഹിത സമൂഹത്തോടും തനിക്കുണ്ടായ ഒരു ദർശനത്തിന്‍റെ അടിസ്ഥാനത്തിൽ തനിക്കു വെളിപ്പെട്ട ഒരു ഭൂഭാഗം കുഴിച്ച് പരിശോധിക്കണം എന്ന് അപേക്ഷിച്ചു. അവർ അത് ചെയ്തുകൊടുത്തു. ആ ഭാഗം ഉദ്ഖനനം ചെയ്തുവന്നപ്പോൾ ആദ്യം ഒരു ഗുഹ കാണുവാനിടയായി. വീണ്ടും ഒരു നൂറ് അടി കൂടെ കഴിഞ്ഞപ്പോൾ കരിങ്കല്ലിൽ തീർത്ത ഒരു ശവകുടീരം പ്രത്യക്ഷമായി. അവർ അത് തുറന്നു നോക്കി. അത് അടച്ചിരുന്ന കൽപാളിയിൽ ആരുടെ ഭൗതികശരീരമാണ് അതിൽ സംസ്കരിക്കപ്പെട്ടതെന്ന് മനസ്സിലാക്കത്തക്കവണ്ണം ഒരു പേര് കൊത്തിവെച്ചിരിക്കുന്നത് കണ്ടു. ആ പേര് 'ഇയ്യോബ്' എന്നായിരുന്നു. ഇയോബിന്‍റെ പേരിൽ അവിടെ ഒരു ദേവാലയം ആ കാലത്തു തന്നെ പണി ആരംഭിച്ചിരുന്നു. ശവകുടീരം ദേവാലയത്തിന്‍റെ വിശുദ്ധ മദ്ബഹായുടെ അടിയിൽ വരത്തക്കവണ്ണമായിരുന്നു പണികൾ ആരംഭിച്ചത്. കല്ലിൽ തീർത്ത ശവകുടീരം അവിടെനിന്ന് മാറ്റപ്പെടരുതെന്ന ഉദ്ദേശ്യമായിരുന്നു ഇതിനു പിന്നിൽ. എന്നാല്‍ ദേവാലയത്തിന്‍റെ നിർമ്മാണം പൂർത്തീകരിക്കപ്പെട്ടില്ല. പിറ്റേദിവസം അവിടെ നേർച്ചകാഴ്ചകൾ അർപ്പിക്കുന്ന കാര്യം ഞങ്ങൾ മെത്രാനോട് പറഞ്ഞു. അദ്ദേഹം അത് സാധിച്ചു തരികയും ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്തു. അവിടെയും ഞങ്ങൾ പ്രാർത്ഥന നടത്തി ദൈവത്തിന് കൃതജ്ഞത അർപ്പിച്ച് യെരുശലേമിലേക്ക് മടങ്ങി. മൂന്നു വർഷം മുമ്പ് ഇങ്ങോട്ട് യാത്ര ചെയ്ത അതേ പാതയില്‍ കൂടെയായിരുന്നു ഞങ്ങളുടെ മടക്കം.

മെസപ്പെട്ടോമിയാ യാത്ര 


ഞാൻ യെരുശലേമില്‍ എത്തിയിട്ട് മൂന്ന് വർഷം പൂർത്തിയായിരിക്കുന്നു. അങ്ങനെ ദൈവാശ്രയബോധത്തിൽ കുറച്ചുനാൾ കഴിച്ചുകൂട്ടുകയും പ്രാർത്ഥന നടത്തണമെന്ന ഉദ്ദേശ്യത്തോടെ വിവിധ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുകയും ചെയ്തശേഷം എന്‍റെ നാട്ടിലേക്ക് മടങ്ങിപ്പോകുവാൻ ആഗ്രഹിച്ചു. എങ്കിലും ദൈവത്തിൽ ശരണപ്പെട്ട് സിറിയയിലെ മെസപ്പെട്ടോമിയായിലേക്ക് പോകണമെന്ന് മനസ്സിൽ ഒരു താല്പര്യം ഉണ്ടായി. അവിടെ ധാരാളം സന്യാസിമാർ താമസമുണ്ട്. ഇവരൊക്കെ അതിവിശുദ്ധ ജീവിതം നയിക്കുന്നവരാണ്. അവരുടെ ജീവിതചര്യയിലെ സവിശേഷതകൾ വിവരിക്കുവാൻ സാധാരണ പദപ്രയോഗങ്ങളാല്‍ സാധ്യമല്ല. കൂടാതെ അവിടെ അടുത്തുള്ള എഡേസയിൽ അപ്പോസ്തോലനായ വിശുദ്ധ തോമാ ശ്ലീഹായുടെ സ്മാരകം സന്ദർശിച്ച് പ്രാർത്ഥന നടത്തണമെന്ന താൽപര്യവും ഉണ്ടായിരുന്നു. ശ്ലീഹായുടെ ഭൗതികശരീരം അന്ത്യവിശ്രമം കൊള്ളുന്നത് എഡേസയിൽ ആണല്ലോ. തന്‍റെ പരസ്യ ശുശ്രൂഷ യുടെ അവസാന കാലത്ത്, എഡേസയിൽ രാജാവായിരുന്ന അബ് ഗാറിന് അനന്യാസ് എന്ന സന്ദേശവാഹകൻ വഴി യേശുക്രിസ്തു ഒരു കത്ത് കൊടുത്തയച്ചിരുന്നു. ആ കത്തിൽ പറഞ്ഞിരുന്നത്, തന്‍റെ സ്വർഗാരോഹണ ശേഷം തോമാ ശ്ലീഹാ എഡേസയിൽ വരത്തക്കവണ്ണം താൻ കാര്യങ്ങൾ ക്രമപ്പെടുത്തുന്നുണ്ടെന്നാണ് (യൗസേബിയോസിന്‍റെ ചരിത്രരേഖകളിൽ ഇത് വ്യക്തമാണ്). ഈ കത്ത് അത്യന്തം ഭയഭക്തിബഹുമാനാദരവുകളോടെ വിശുദ്ധ തോമാ ശ്ലീഹായുടെ സ്മാരകത്തിൽ സൂക്ഷിച്ചു വച്ചിട്ടുണ്ട്. യെരുശലേമിലെ വിശുദ്ധ സ്ഥലങ്ങൾ സന്ദർശിക്കുവാൻ എത്തിച്ചേരുന്ന ക്രൈസ്തവരിൽ ആരുംതന്നെ ഈ സ്ഥലത്തു കൂടി വന്ന് പ്രാർത്ഥനകൾ അര്‍പ്പിക്കാതെ മടങ്ങുകയില്ല എന്ന് സ്നേഹപൂർവ്വം ഞാൻ പറയുന്നത് വിശ്വസിക്കുവാൻ വായനക്കാർക്ക് പ്രയാസം ഉണ്ടാവില്ലല്ലോ. എഡേസ യരുശലേമില്‍ നിന്ന് ഇരുപത്തിയഞ്ചാമത്തെ കേന്ദ്രമാണ്. അന്ത്യോഖ്യയിൽ നിന്ന് മെസപൊട്ടോമിയ അത്ര അധികം ദൂരത്തിൽ അല്ലല്ലോ. അതുകൊണ്ട് ദൈവത്തിൽ ശരണപ്പെട്ടുകൊണ്ടുള്ള ഈ യാത്രയിൽ കോൺസ്റ്റാന്‍റിനോപ്പിളിലേക്കുള്ള എന്‍റെ മടക്കം അന്ത്യോഖ്യ വഴി മെസപൊട്ടോമിയയിൽ കൂടി കൂടെയാകുന്നത് സൗകര്യപ്രദമാകയാൽ ദൈവാശ്രയത്തോടെ അങ്ങനെ തന്നെ ഞാൻ ക്രമപ്പെടുത്തി.

അന്ത്യോഖ്യയില്‍ നിന്ന്  മെസപൊട്ടോമിയയിലേക്ക് യൂഫ്രട്ടീസ് നദി മുറിച്ചു കടന്നുള്ള യാത്ര


കര്‍ത്തൃനാമത്തിൽ ശരണപ്പെട്ടുകൊണ്ട് അന്ത്യോഖ്യയിൽ നിന്ന് ഞാൻ മെസപൊട്ടോമിയയിലേക്ക് യാത്രയായി. സിറിയയിലെ കൊയ് ലെ പ്രവിശ്യയിൽ കൂടെ യാത്ര ചെയ്ത് (ഈ പ്രവിശ്യയിലാണ് അന്ത്യോഖ്യ) അഗസ്റ്റോഫ്രട്ടേനിസ് പ്രവിശ്യയുടെ അതിർത്തി കടന്ന് ഹിറോപ്പോലീസ് നഗരത്തില്‍ എത്തി. ഹിറോപ്പോലീസ് അഗസ്റ്റോഫ്രട്ടേനിസ് പ്രവിശ്യയിലെ പ്രധാന നഗരമാണ്. ഈ നഗരം വളരെ മനോഹരവും എല്ലാവിധ സൗകര്യങ്ങളും ഉള്ള ഒന്നായതിനാൽ അവിടെ രാത്രി തങ്ങുന്നത് സൗകര്യമായിരിക്കുമെന്ന് കരുതി. ഹിറോപ്പോലീസിൽ നിന്ന് 15 മൈൽ യാത്ര ചെയ്ത് യൂഫ്രട്ടീസ് നദിതീരത്ത് എത്തി. യൂഫ്രട്ടീസിനെ മഹാനദി എന്നാണ് വിശുദ്ധ വേദപുസ്തകം (ഉല്‍പ്പത്തി 35.18) വിശേഷിപ്പിച്ചിരിക്കുന്നത്. ഈ നദി വളരെ വലുതും  ശക്തവും ആണ്. റോണ്‍ നദിയെപ്പോലെ വളരെ ഭയാനകമായ വേഗത്തിലാണ് ഇതിലെ ഒഴുക്ക്. എങ്കിലും യൂഫ്രട്ടീസ് തന്നെയാണ് വലുത്. ഈ നദി കുറുകെ കടക്കണമെങ്കിൽ കപ്പലുകളെ ആശ്രയിക്കേണ്ടി വരും; അതും വലിയ കപ്പലുകൾ. അങ്ങനെ എന്‍റെ ഊഴം പ്രതീക്ഷിച്ച് ഞാന്‍ കാത്തുനിന്നു. ഏതാണ്ട് ഉച്ചയോടെയാണ് എനിക്ക് യൂഫ്രട്ടീസ് കടക്കുവാന്‍ ദൈവകൃപയാല്‍ സംഗതി ആയത്. അങ്ങനെ ഞാന്‍ സിറിയയിലെ മെസപൊട്ടോമിയയില്‍ എത്തിച്ചേർന്നു.

എഡേസ


എന്‍റെ യാത്ര മുമ്പോട്ടു തുടരവേ ബത്നെ എന്ന ഒരു സ്ഥലത്ത് എത്തി (വിശുദ്ധ വേദഗ്രന്ഥങ്ങളിൽ ഈ സ്ഥലം എവിടെയും പരാമർശിക്കപ്പെട്ടിട്ടില്ല). ഈ സ്ഥലം ഇന്നും നിലനിൽക്കുന്നു. അവിടെ ഒരു ദേവാലയം ഉണ്ട്. ഒരു മെത്രാൻ, ഏറെ വിശുദ്ധി കാത്തുപരിപാലിക്കുന്ന സത്യസന്ധനായ ഒരു മെത്രാന്‍, അവിടെ താമസം ഉണ്ട്. അദ്ദേഹം ഒരു സന്യാസി ആണ്. ഈ സ്ഥലത്ത് ഏതാനും രക്തസാക്ഷി സ്മാരകങ്ങൾ കാണാൻ സാധിക്കുന്നു. പടയാളികളുടെ ഒരു ആസ്ഥാനം കൂടിയാണ് ബത്നെ.അവിടെ നിന്നും യാത്ര തുടർന്ന് അതിരറ്റ ദൈവകൃപയാൽ എഡേസയില്‍ എത്തി. ഞങ്ങൾ നേരെ പോയത് അവിടുത്തെ ദേവാലയത്തിലേക്കും വിശുദ്ധ തോമാ ശ്ലീഹായുടെ സ്മാരകത്തിലേക്കുമാണ്. ഞങ്ങളുടെ പതിവനുസരിച്ചുള്ള പ്രാർത്ഥനയും മറ്റും അവിടെ നടത്തിയിട്ട് ശ്ലീഹായെ പരാമർശിക്കുന്ന ചില ഭാഗങ്ങൾ പാരായണം ചെയ്തു. ഈ ദേവാലയം വളരെ വലിപ്പം ഉള്ള ഒന്നാണ്; കാഴ്ചയ്ക്ക് അതിമനോഹരവും. അത് സമീപകാലത്ത് പണികഴിപ്പിച്ചതുപോലെ തോന്നുന്നു. തീര്‍ച്ചയായും ദൈവത്തിന്‍റെ ആലയം എന്ന് വിളിക്കപ്പെടുവാൻ സർവഥാ യോഗ്യം. ഒരുപാട് കാര്യങ്ങൾ ഇവിടെ കണ്ടു മനസ്സിലാക്കേണ്ടതിനാൽ മൂന്നു ദിവസം ഇവിടെ താമസിക്കുക തന്നെ എന്ന് ഞാൻ നിശ്ചയിച്ചു .എഡേസാ നഗരത്തിലെ നിരവധി സ്മാരകങ്ങൾ ഞാൻ സന്ദർശിച്ചു. എന്‍റെയൊപ്പം വിശുദ്ധരായ സന്യാസിമാർ ഉണ്ടായിരുന്നു; ഇവരില്‍ ചിലര്‍ സ്മാരകങ്ങളോടു ചേർന്ന് താമസിക്കുന്നവരും ചിലർ പട്ടണത്തിൽ നിന്ന് അകന്ന് ഒറ്റപ്പെട്ട അറകളിൽ കഴിഞ്ഞു കൂടുന്നവരും ആയിരുന്നു. അവിടെ ഉണ്ടായിരുന്ന വിശുദ്ധനായ മെത്രാൻ, അതി തീക്ഷ്ണമായ ദൈവഭയം വച്ചുപുലർത്തുന്ന ഒരു സന്യാസിവര്യൻ, വളരെ സന്തോഷത്തോടെ എന്നെ സ്വാഗതം ചെയ്തു. അദ്ദേഹം എന്നോട് ഇങ്ങനെ പറഞ്ഞു: "മകളെ, നീ നിന്‍റെ തീക്ഷ്ണമായ ഭക്തിയാൽ മാത്രമാണല്ലോ വളരെ ദൂരം യാത്ര ചെയ്ത്, ഏറെ കഷ്ടതകൾ സഹിച്ച്, ഈ പ്രദേശത്ത് എത്തിച്ചേർന്നത്. നിനക്ക് താല്പര്യമുണ്ടെങ്കിൽ ഇവിടെയുള്ള എല്ലാ സ്ഥലങ്ങളും ഒരു ക്രൈസ്തവ വിശ്വാസിക്ക് നയനാനന്ദകരമായ എല്ലാ സ്ഥലങ്ങളും ഞങ്ങൾ പരിചയപ്പെടുത്തിത്തരാം." ദൈവത്തിനു നന്ദിയർപ്പിച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ ഹിതാനുസരണം ആവട്ടെ എന്ന് ഞാൻ സമ്മതിച്ചു. ആദ്യമായി അദ്ദേഹം എന്നെ കൊണ്ടുപോയത് അബ് ഗാര്‍ രാജാവിന്‍റെ കൊട്ടാരത്തിലേക്കായിരുന്നു. അവിടെ രാജാവിന്‍റെ മനോഹരമായ ഒരു പ്രതിമ കാണുവാൻ സാധിച്ചു. ആ പ്രതിമ, യഥാർത്ഥത്തിൽ രാജാവിനെപ്പോലെ തന്നെ തോന്നിക്കുന്നതാണ് എന്ന് അവിടെയുള്ളവർ പറഞ്ഞു തന്നു. വെണ്ണക്കൽ പോലെ തോന്നിക്കുന്ന അത് ഏറെ ശോഭ ഉള്ളതായിരുന്നു. ആ മുഖം വ്യക്തമാക്കുന്നത് അദ്ദേഹം അതിബുദ്ധിമാനും ബഹുമാന്യനും ആയിരുന്നുവെന്നാണ്. മെത്രാന്‍ എന്നോട് പറഞ്ഞു, "ക്രിസ്തുവിനെ കാണുന്നതിന് മുമ്പുതന്നെ അബ് ഗാർ രാജാവ് ക്രിസ്തുവിൽ വിശ്വസിച്ചിരുന്നു. ക്രിസ്തു തീർച്ചയായും ദൈവപുത്രൻ തന്നെയെന്ന് രാജാവ് സത്യമായി വിശ്വസിച്ചു." തൊട്ടടുത്തുതന്നെ അതേപോലെ മറ്റൊരു വെണ്ണക്കൽ പ്രതിമ കൂടി ഉണ്ടായിരുന്നു. അദ്ദേഹത്തിൻറെ പുത്രന്‍ മാഗ്നസ് രാജകുമാരന്‍റേതായിരുന്നു. ഇതിലും ഒരു പ്രത്യേക പ്രഭയുടെ പ്രസരണം അനുഭവിക്കുവാൻ സാധിച്ചു. തുടര്‍ന്ന്, ഞങ്ങള്‍ കൊട്ടാരത്തിന്‍റെ ഉള്ളിലേക്ക് പ്രവേശിച്ചു. അവിടെ ധാരാളം ജലധാരകൾ ഉണ്ടായിരുന്നു.  അവയില്‍ മത്സ്യങ്ങളുടെ സമൃദ്ധമായ സാന്നിധ്യവും. അവയാകട്ടെ വളരെ വലുതും മനോഹരവും ഞാൻ മുമ്പ് ഒരിടത്തും കണ്ടിട്ടില്ലാത്തവയും. എഡേസാ പട്ടണത്തിൽ ഈ കൊട്ടാരത്തിലെ ജലധാരകളില്‍ നിന്ന് സമൃദ്ധമായി നിർഗമിക്കുന്ന വെള്ളം അല്ലാതെ വേറെ ജലസ്രോതസ്സുകൾ ഒന്നുമില്ല. ഈ ജലപ്രവാഹമാകട്ടെ, അത്യന്തം രജതശോഭയാർന്നതും.

അബ് ഗാര്‍ രാജാവ് 


മേൽപറഞ്ഞ ജലസ്രോതസിനെക്കുറിച്ച് വിശുദ്ധനായ ആ മെത്രാന്‍ ഇങ്ങനെ പറഞ്ഞു തന്നു: അബ് ഗാര്‍ രാജാവ് നമ്മുടെ കർത്താവിന് കത്തെഴുതുകയും കർത്താവ് അതിനുള്ള മറുപടി സന്ദേശവാഹകനായ അനന്യാസ് വശം കൊടുത്തയയ്ക്കുകയും ചെയ്തുവല്ലൊ. അതിനു ശേഷം ഏതാനും വർഷങ്ങൾ കഴിഞ്ഞപ്പോൾ പേർഷ്യൻ സൈന്യം എഡേസയെ ആക്രമിക്കാൻ കോപ്പുകൂട്ടി. സൈന്യം കടന്നുവന്ന് നഗരം വളഞ്ഞു. അബ് ഗാര്‍ രാജാവ് കർത്താവിന്‍റെ കത്ത് കയ്യിൽ ഉയർത്തിപ്പിടിച്ചുകൊണ്ട് നഗരവാതില്‍ക്കല്‍ നിന്ന് പരസ്യമായി ഇങ്ങനെ പ്രാർത്ഥിച്ചു, "കർത്താവായ യേശുവേ, ശത്രുക്കൾ ഒരിക്കലും ഈ നഗരത്തിൽ പ്രവേശിക്കുകയില്ലായെന്ന് അവിടുന്ന് ഞങ്ങൾക്ക് വാക്ക് തന്നിട്ടുണ്ടല്ലോ. കര്‍ത്താവേ, ഇപ്പോൾ ഇതാ ഈ പേർഷ്യൻ സൈന്യം ഞങ്ങളെ ആക്രമിക്കാൻ ഒരുങ്ങി വന്നിരിക്കുന്നു." കര്‍ത്താവിന്‍റെ കത്ത് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് രാജാവ് ഇങ്ങനെ പ്രാര്‍ത്ഥിച്ചു തീര്‍ന്നതായ ആ നിമിഷം നഗരത്തിനു പുറത്ത് അതിശക്തമായ കൂരിരുട്ടു വ്യാപിച്ചു. പേര്‍ഷ്യന്‍ സൈന്യം നഗരത്തോട് സമീപിച്ച് ഏതാണ്ട് മൂന്നു മൈൽ വരെ അടുത്ത് എത്തിയിരുന്നു. പെട്ടെന്നുണ്ടായ ഈ അന്ധകാരം കാരണം അവിടെ അവർക്ക് പാളയം അടിക്കാൻ സാധ്യമായില്ല. നഗരത്തെ ശരിയായി വളയുവാനും അവരെക്കൊണ്ടായില്ല. വശം കെട്ടുപോയ പേർഷ്യൻ സൈന്യത്തിനു നഗരവാതിൽ കണ്ടുപിടിക്കുവാനും പറ്റിയില്ല. എങ്കിലും ഒരു വിധത്തിൽ അവർക്ക് അവിടെ പടയാളികളെ കൊണ്ട് കോട്ടപോലെ ഒരു പ്രതിരോധം സൃഷ്ടിക്കുവാൻ സാധിച്ചു. നഗരത്തിന് ഏതാണ്ട് മൂന്നു മൈൽ അകലെ ഈ വിധത്തിൽ മാസങ്ങളോളം കഴിയേണ്ടതായി വന്നു. അകത്തേക്ക് കയറുവാൻ യാതൊരു നിർവ്വാഹവും ഇല്ല എന്ന് ബോധ്യമായതോടെ നഗരത്തിൽ ഉള്ളവർക്ക് വെള്ളം തടയുവാനും അങ്ങനെ അവരെ ദാഹം കൊണ്ട് പരവശരാക്കി മരണത്തിലേക്ക് നയിക്കാമെന്നും പേര്‍ഷ്യൻ കണക്കു കൂട്ടി. അന്ന്, എഡേസാ നഗരത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഒരു കുന്നിൽ നിന്നായിരുന്നു നഗരത്തിലേക്കുള്ള ജലവിതരണം നടന്നിരുന്നത്. ഇത് മനസ്സിലാക്കിയ സൈന്യം ജലസ്രോതസിൽ നിന്നുള്ള പ്രവാഹത്തെ ദിശ തെറ്റിച്ചു വിടുവാൻ നിശ്ചയിച്ചു. അങ്ങനെ, നഗരത്തിനുള്ളിലുള്ളവർക്ക് ലഭ്യമാകേണ്ട വെള്ളം നഗരത്തിൽ കടക്കാതെ സൈന്യം തമ്പടിച്ചിരുന്ന ഭാഗത്തേക്ക് വഴിമാറ്റി. അങ്ങനെ വെള്ളത്തിന്‍റെ ദിശ മാറ്റിയെടുത്ത ആ നിമിഷം, ഇപ്പോള്‍ കൊട്ടാരത്തിൽ കണ്ട ജലപ്രവാഹം പൊട്ടിമുളച്ചു. ദൈവത്തിന്‍റെ അതിരറ്റ കൃപയാൽ ഈ ജലപ്രവാഹം ഇന്നും സജീവമായി നിലനിൽക്കുന്നു. നഗരവാസികൾക്കു യാതൊരു മുട്ടും കൂടാതെ സമൃദ്ധമായി വെള്ളം കിട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതേസമയം പേര്‍ഷ്യന്‍ സൈന്യം ദിശ മാറ്റിയ ജലപ്രവാഹമാകട്ടെ, അതേ മണിക്കൂറിൽ തന്നെ വറ്റി വരണ്ടു പോയി. അന്നുമുതൽ ഇന്നുവരെ വെള്ളത്തിന്‍റെ ഒരു കണിക പോലും ആ പ്രദേശത്ത് ഉണ്ടായിട്ടില്ല. ദൈവിക ഇടപെടലിനാൽ പേര്‍ഷ്യൻ സൈന്യത്തിന് അവിടം വിട്ടു പോകുകയല്ലാതെ വേറൊരു വഴിയും ഇല്ലാതെയായി. തന്നെയുമല്ല, പിന്നീട് എപ്പോഴെങ്കിലും ശത്രുക്കളുടെ ഭീഷണി ഉണ്ടാകുമ്പോൾ കർത്താവ് എഴുതിയ കത്ത് നിവർത്തിപ്പിടിച്ചു കൊണ്ട് പ്രാർത്ഥിക്കുകയും ദൈവം ശത്രു സൈന്യത്തെ മടക്കി അയയ്ക്കുകയും ചെയ്തുപോരുന്നു. കൊട്ടാരത്തിനകത്തെ ജലപ്രവാഹം ഉദ്ഭവിച്ച സ്ഥലം നേരത്തെ വെറുമൊരു സമതല ഭൂമിയായിരുന്നു. കൊട്ടാരം ഈ സമതലഭൂമിയിൽ നിന്ന് കുറച്ച് ഉയർന്ന തലത്തിലും. ഇത് വളരെ വ്യക്തതയോടെ കാണുവാൻ പാകത്തിലായിരുന്നു. അന്ന് നിലവിലിരുന്ന രീതിയനുസരിച്ച് രാജകൊട്ടാരങ്ങൾ എപ്പോഴും കുറച്ചു ഉയർന്ന ഭാഗത്തായിരുന്നു നിൽക്കുന്നത്. എന്നാൽ ഈ ജലസ്രോതസ്സുകൾ രൂപപ്പെട്ടതിനുശേഷം അബ് ഗാര്‍ രാജാവ് തന്‍റെ മകൻ മാഗ്നസിനുവേണ്ടി, ജലസ്രോതസ്സ് കൊട്ടാരത്തിനുള്ളിൽ ആയിരിക്കത്തക്കവണ്ണം ഈ കൊട്ടാരം പണിതീർത്തു. ഈ രാജകുമാരന്‍റെ പ്രതിമയാണ് നേരത്തെ കണ്ടത്. ഈ വിവരങ്ങള്‍ ഒക്കെ ഞങ്ങളെ പറഞ്ഞു മനസ്സിലാക്കിത്തന്ന ശേഷം ആ വിശുദ്ധനായ മെത്രാൻ എന്നോട് ഇങ്ങനെ പറഞ്ഞു, "ഇനി നമുക്ക് യേശുക്രിസ്തുവിന്‍റെ സന്ദേശവാഹകനായ അനന്യാസ് കത്തുമായി നഗരത്തിലേക്ക് പ്രവേശിച്ച വാതിൽക്കലേക്കു പോകാം." ആ വാതിൽക്കൽ ഞങ്ങള്‍ എത്തിയപ്പോൾ മെത്രാന്‍ അവിടെനിന്ന് പ്രാർത്ഥിച്ചു; അതിനുശേഷം നമ്മുടെ കർത്താവ് അയച്ച കത്ത് ഞങ്ങൾക്ക് കേൾക്കുവാൻ ഭാഗത്തിൽ വായിച്ചു. തുടർന്ന് അദ്ദേഹം ഞങ്ങളെ അനുഗ്രഹിക്കുകയും വീണ്ടും പ്രാർത്ഥിക്കുകയും ചെയ്തു. അദ്ദേഹം വീണ്ടും ഞങ്ങൾക്ക് ചില കാര്യങ്ങൾ കൂടി ഇതോട് ബന്ധപ്പെട്ട് പറഞ്ഞുതന്നു. അനന്യാസ് കർത്താവിന്‍റെ കത്തുമായി ഈ വാതിൽ വഴി നഗരത്തിൽ പ്രവേശിച്ചശേഷം അന്നുമുതൽ ഇന്നുവരെ ശുദ്ധിയില്ലാത്തവര്‍, വിലപിക്കുന്നവർ ഇങ്ങനെ ആരും ഈ വാതിലിലൂടെ കടക്കുവാൻ അനുവദിക്കപ്പെട്ടിട്ടില്ല. അതുപോലെ മൃതശരീരവും ആ വാതിൽ വഴി കൊണ്ടുവരുവാൻ പാടില്ല. ഇതിനു ശേഷം അബ് ഗാര്‍ രാജാവിന്‍റെയും കുടുംബത്തിന്‍റെയും സ്മാരകം ഞങ്ങൾക്ക് പരിചയപ്പെടുത്തി. പൗരാണിക രീതിയിൽ പണികഴിപ്പിച്ചിരിക്കുന്ന ഈ സ്മാരകം അതിമനോഹരമാണ്. നേരത്തെ സമതലഭാഗത്തുനിന്ന് ഉയരത്തിൽ ആയിരുന്ന പഴയ കൊട്ടാരം ഞങ്ങൾക്ക് കാണുവാൻ സാധിച്ചു. കൂടാതെ മറ്റു ചില സ്ഥലങ്ങളും ഈ വന്ദ്യ മെത്രാന്‍ ഞങ്ങളെ കാണിച്ചു. അബ് ഗാര്‍ നമ്മുടെ കർത്താവിന് അയച്ച കത്തും കര്‍ത്താവ് അതിന്നയച്ച മറുപടിയും ഈ വിശുദ്ധനായ മെത്രാന്‍റെ കൈകളില്‍ നിന്ന് സ്വീകരിക്കുവാൻ എനിക്ക് സാധിച്ചത് എത്രയോ ആനന്ദകരമായ അനുഭവം ആയിരുന്നു. ഇവയുടെ പ്രതികൾ എന്‍റെ ഭവനത്തിൽ ഉണ്ടെങ്കിലും ഈ മെത്രാനില്‍ നിന്ന് അവ സ്വീകരിക്കുവാൻ ഇടയായത് മറക്കുവാനാവില്ല. ഇത് സാധ്യമായിരുന്നില്ലായിരുന്നുവെങ്കിൽ ഞാൻ ഭവനത്തിൽ മടങ്ങിയെത്തുമ്പോൾ ഒരു നഷ്ടബോധം എന്നെ ബാധിക്കുമായിരുന്നു. പ്രിയമുള്ളവരേ, ദൈവേഷ്ടമായാൽ ഞാനെന്‍റെ ഭവനത്തിൽ മടങ്ങിയെത്തട്ടെ; നിങ്ങൾക്കും ഈ കത്തുകൾ വായിക്കുവാൻ ദൈവം ഇടയാക്കട്ടെ.

എഥേറിയയുടെ തീർത്ഥയാത്ര - II

എഥേറിയയുടെ തീർത്ഥയാത്ര - III