Tuesday, February 3, 2026

മലങ്കരസഭാപിതാക്കന്മാരുടെ ഡയറികളും കല്പനബുക്കുകളും | ജോയ്സ് തോട്ടയ്ക്കാട്

1. പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദീവന്നാസ്യോസ് രണ്ടാമന്‍. ഡയറികളും കല്പനബുക്കുകളും ലഭ്യമായിട്ടില്ല. കല്പനകളും സ്വകാര്യ കത്തുകളും ഫാ. ഡോ. ജോസഫ് ചീരന്‍ സമാഹരിച്ച് മലങ്കരസഭയുടെ സുവര്‍ണ്ണയുഗശില്പി മൂന്നാം വാല്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2. പ. പരുമല ഗീവര്‍ഗീസ് മാര്‍ ഗ്രീഗോറിയോസ്. ഡയറികള്‍ ലഭ്യമായിട്ടില്ല. രണ്ട് കല്പനബുക്കുകള്‍ ലഭ്യമായിട്ടുണ്ട്. ഒരെണ്ണം തുമ്പമണ്‍ പള്ളിയിലും മറ്റൊരെണ്ണം ഓര്‍ത്തഡോക്സ് സെമിനാരി ആര്‍ക്കൈവ്സിലും സൂക്ഷിക്കുന്നു. ഇവ രണ്ടും ജോയ്സ് തോട്ടയ്ക്കാട് പകര്‍ത്തി എഴുതി എഴുത്തുകള്‍ എന്ന പേരില്‍ സോഫിയാ ബുക്സ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കല്പനകളും സ്വകാര്യ കത്തുകളും ഡോ. സാമുവല്‍ ചന്ദനപ്പള്ളി സമാഹരിച്ച് പവിത്രരചനകള്‍ എന്ന ഗ്രന്ഥമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചാത്തുരുത്തി തറവാട്ടിലേക്കു അയച്ച കല്പനകളും സ്വകാര്യ കത്തുകളും ഡോ. ഏലിയാസ് ജിമ്മി ചാത്തുരുത്തി സമാഹരിച്ച് ഒരു വിശുദ്ധന്‍റെ ജീവിതവും സന്ദേശവും എന്ന പേരില്‍ ഡിസി ബുക്സ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

3. വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവന്നാസ്യോസ്. ഡയറികളും കല്പനബുക്കുകളും കുറെ വര്‍ഷങ്ങളിലേത് ഉണ്ട്. കത്തനാര്‍ ആയി സെമിനാരി മല്പാന്‍ ആയിരുന്ന കാലത്തെ 1886-1887 കാലത്തെ ഡയറിക്കുറിപ്പുകള്‍ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ് സമാഹരിച്ച് പരിശുദ്ധ വട്ടശ്ശേരില്‍ മാര്‍ ദീവന്നാസ്യോസിന്‍റെ ഡയറിക്കുറിപ്പുകള്‍ പാഠവും പഠനവും എന്ന പേരില്‍ എം.ഒ.സി. വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒറിജിനല്‍ പഴയസെമിനാരി നാലുകെട്ടില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. കല്പനബുക്കുകള്‍ ജോയ്സ് തോട്ടയ്ക്കാട് പകര്‍ത്തി എഴുതി വട്ടശ്ശേരില്‍ തിരുമേനിയുടെ കത്തുകള്‍ എന്ന പേരില്‍ സോഫിയാ ബുക്സ് വഴി മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ഡയറികളും കല്പനബുക്കുകളും 1992-ല്‍ ദേവലോകം കാതോലിക്കേറ്റ് ലൈബ്രറിയില്‍ നിന്നും മൈക്രോഫിലിം ചെയ്തിരുന്നു. അവ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാണ് (1919, 1923-27, 1932-33). ഇവയില്‍ വായിച്ചെടുക്കാവുന്ന ഭാഗങ്ങള്‍ മാത്രമാണ് മൂന്ന് വാല്യങ്ങളായി പ്രസിദ്ധീകരിച്ചത്. ദേവലോകം കാതോലിക്കേറ്റ് ലൈബ്രറിയില്‍ ഉണ്ടായിരുന്ന ഒറിജിനല്‍ ഇപ്പോള്‍ എവിടെയെന്ന് വിവരമില്ല. 

4. ഒന്നാം കാതോലിക്കാ പ. ബസേലിയോസ് പൗലൂസ് പ്രഥമന്‍ ബാവാ. ഡയറികളും കല്പനബുക്കുകളും ലഭ്യമായിട്ടില്ല.  ഡയറി എഴുതിയിരുന്നതായി ചില പുസ്തകങ്ങളില്‍ സൂചന ഉണ്ട്.

5. രണ്ടാം കാതോലിക്കാ പ. ബസേലിയോസ് ഗീവര്‍ഗീസ് പ്രഥമന്‍ ബാവാ. ഡയറികള്‍ സഭാജീവിതനാള്‍വഴി എന്ന പേരില്‍ പുസ്തകമായി എം.ഒ.സി. വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡയറികളും കല്പനകളും ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ സൂക്ഷിച്ചിരിക്കുന്നു. 

6. മൂന്നാം കാതോലിക്കാ പ. ബസേലിയോസ് ഗീവര്‍ഗീസ് രണ്ടാമന്‍ ബാവാ. ഡയറികളും കല്പനബുക്കുകളും 1992-ല്‍ ദേവലോകം കാതോലിക്കേറ്റ് ലൈബ്രറിയില്‍ നിന്നും മൈക്രോഫിലിം ചെയ്തിരുന്നു. അവ ഡിജിറ്റല്‍ രൂപത്തില്‍ ലഭ്യമാണ് (ഡയറികള്‍ 1935, 1943, 1945, 1950-52, 1956-60; കല്പനബുക്കുകള്‍ 1926, 1934, 1936, 1939, 1941). പൊതു കല്പനകളും ചില സ്വകാര്യ കത്തുകളും ജോയ്സ് തോട്ടയ്ക്കാട് സമാഹരിച്ച് തിരുസന്നിധിയില്‍ എന്ന ഗ്രന്ഥത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് (സോഫിയാ ബുക്സ്, കോട്ടയം). 1956-60 കാലത്തെ ഡയറിക്കുറിപ്പുകള്‍ സഭാജീവിത നാളാഗമം എന്ന പേരില്‍ ജോയ്സ് തോട്ടയ്ക്കാട് സമാഹരിച്ച് സോഫിയാ ബുക്സ് വഴി പ്രസിദ്ധീകരിച്ചിട്ടുണ്ട്.  ദേവലോകം കാതോലിക്കേറ്റ് ലൈബ്രറിയില്‍ ഉണ്ടായിരുന്ന ഒറിജിനല്‍ ഇപ്പോള്‍ എവിടെയെന്ന് വിവരമില്ല. 

7. നാലാം കാതോലിക്കാ പ. ബസേലിയോസ് ഔഗേന്‍ പ്രഥമന്‍ ബാവാ. ഡയറികളും കല്പനബുക്കുകളും ലഭ്യമായിട്ടില്ല. പൊതു കല്പനകളും ചില സ്വകാര്യ കത്തുകളും ജോയ്സ് തോട്ടയ്ക്കാടും സഖറിയാ പെരുമ്പടവവും സമാഹരിച്ചത് പരിശുദ്ധ ഔഗേന്‍ ബാവ മലങ്കരയുടെ ബാര്‍ എബ്രായ എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

8. അഞ്ചാം കാതോലിക്കാ പ. ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് പ്രഥമന്‍ ബാവാ. ഡയറികളും കല്പനബുക്കുകളും ലഭ്യമായിട്ടില്ല. പൊതു കല്പനകളും ചില സ്വകാര്യ കത്തുകളും ജോയ്സ് തോട്ടയ്ക്കാടും ഡോ. എം. കുര്യന്‍ തോമസും സമാഹരിച്ചത് റാബോ കാതോലിക്കാ എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

9. പ. പാമ്പാടി തിരുമേനി. ഡയറികള്‍ പാമ്പാടി ദയറാ മ്യൂസിയത്തില്‍ സൂക്ഷിക്കുന്നു. പാമ്പാടി തിരുമേനിയെക്കുറിച്ച് കെ. വി. മാമ്മനും ജോയ്സ് തോട്ടയ്ക്കാടും രചിച്ച ഗ്രന്ഥങ്ങളില്‍ ഏതാനും ഡയറിക്കുറിപ്പുകള്‍ ചേര്‍ത്തിട്ടുണ്ട്. പി. സി. യോഹന്നാന്‍ റമ്പാന്‍ പകര്‍ത്തിയെഴുതി പാമ്പാടി ദയറാ ബുള്ളറ്റിനിലൂടെ പ്രസിദ്ധീകരിച്ചവ സമാഹരിച്ചതാണത്.

10. തോമ്മാ മാര്‍ ദീവന്നാസ്യോസ്. ഡയറികള്‍ ഡോ. പോള്‍ മണലില്‍ ജീവചരിത്ര രചനയ്ക്കായി കൈവശം വച്ചിരുന്നത് തിരുമേനിയുടെ മാവേലിക്കരയുള്ള സഹോദരപുത്രനെ ഏല്പിച്ചു.

11. പുത്തന്‍കാവ് ഗീവര്‍ഗീസ് മാര്‍ പീലക്സീനോസ്. ഡയറികള്‍ എഴുതിയിരുന്നു. അവ ചെങ്ങന്നൂര്‍ ബഥേല്‍ അരമനയില്‍ ഉണ്ടായിരുന്നു. അവിടെ നിന്നും നഷ്ടപ്പെട്ടു. കെ വി മാമ്മന്‍ & പി സി മാത്യു പുലിക്കോട്ടില്‍ എന്നിവര്‍ എഴുതിയ ജീവചരിത്രത്തില്‍ കുറച്ച് ഡയറിക്കുറിപ്പുകള്‍ ഉണ്ട്. 

12. പാറേട്ട് മാത്യൂസ് മാര്‍ ഈവാനിയോസ്. ഡയറികളും കല്പനബുക്കുകളും 1992-ല്‍ ദേവലോകം കാതോലിക്കേറ്റ് ലൈബ്രറിയില്‍ ഉണ്ടായിരുന്നു. രണ്ട് ഡയറികള്‍ ഇപ്പോള്‍ ലഭ്യമാണ്. ബാക്കിയുള്ളവ എവിടെയെന്ന് നിശ്ചയമില്ല. 

13. പത്രോസ് മാര്‍ ഒസ്താത്തിയോസ്. ഡയറികള്‍ എഴുതിയിരുന്നു. കണ്ടനാട് കര്‍മ്മേല്‍ ദയറായില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ എവിടെയാണെന്ന് നിശ്ചയമില്ല. 

14. പൗലോസ് മാര്‍ സേവേറിയോസ്. ഡയറികളും കല്പനബുക്കുകളും കൊരട്ടി സീയോന്‍ സെമിനാരിയിലുണ്ട്.

15. ജോസഫ് മാര്‍ പക്കോമിയോസ്. പൊതു കല്പനകളും ചില സ്വകാര്യ കത്തുകളും സഖറിയാ പെരുമ്പടവം സമാഹരിച്ച്  നോത്തൂറോ ദ് ഓര്‍ത്തോദുക്സോ എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.