Tuesday, March 19, 2019

1872- യാക്കൊബ ശ്ലീഹായുടെ കുറുബാന ക്രമം



അരക്കുര്‍ബ്ബാന ക്രമം (പാതി കുര്‍ബ്ബാനക്രമം)


1836-ല്‍ മാവേലിക്കര സുന്നഹദോസില്‍ മലങ്കരസഭയെക്കൊണ്ടു പ്രൊട്ടസ്റ്റണ്ട് വിശ്വാസം സ്വീകരിപ്പിക്കാനുള്ള ശ്രമത്തില്‍ പരാജയപ്പെട്ട ഇംഗ്ലീഷ് മിഷനറിമാര്‍ അവരുടെ സ്വാധീനത്തിലുണ്ടായിരുന്ന പാലക്കുന്നത്ത് അബ്രഹാം മല്പാന്‍ മുതലായ ചില പട്ടക്കാരിലൂടെ തക്സായില്‍ നിന്നു കുര്‍ബ്ബാന ബലിയാണെന്നുള്ള ഭാഗം, മരിച്ചവര്‍ക്കു വേണ്ടിയുള്ള പ്രാര്‍ത്ഥന, പരിശുദ്ധന്മാരോടുള്ള മദ്ധ്യസ്ഥപ്രാര്‍ത്ഥന മുതലായവ മാറ്റി ഒരു പുതിയ തക്സാ നിര്‍മ്മിച്ചു. തക്സാ നിര്‍മ്മാണത്തിനു ശേഷം തക്സാ നിര്‍മ്മാണ കമ്മിറ്റിയില്‍ അംഗങ്ങളായിരുന്ന നാലു പട്ടക്കാരില്‍ രണ്ടുപേര്‍ അതുപയോഗിച്ചു കുര്‍ബ്ബാന ചൊല്ലാന്‍ വിസമ്മതിച്ചു. അബ്രഹാം മല്പാനും കൈതയില്‍ മല്പാനും 1837-ല്‍ ഈ തക്സാ ഉപയോഗിച്ചു കുര്‍ബ്ബാന ചൊല്ലി. ഇങ്ങനെ വെട്ടിക്കുറച്ച തക്സായ്ക്ക് ‘അരക്കുര്‍ബ്ബാന’ എന്ന പരിഹാസപ്പേരു ലഭിച്ചു. 1872-ല്‍ ഈ കുര്‍ബ്ബാനക്രമം കോട്ടയത്ത് മിഷന്‍ പ്രസ്സില്‍ നിന്നും അച്ചടിച്ചു പ്രസിദ്ധീകരിച്ചു (ഇതിനു മുമ്പ് ഈ കുര്‍ബ്ബാനക്രമം അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുണ്ടോ എന്ന കാര്യം അറിവില്ല).
ഈ ഗ്രന്ഥത്തിന്‍റെ കവര്‍പേജില്‍ ഇപ്രകാരം കാണുന്നു:
“നമ്മുടെ കര്‍ത്താവും രക്ഷിതാവുമായ യേശുമിശിഹായുടെ സഹോദരനായ ശു. മ. യാക്കൊബ ശ്ലിഹായുടെ കുറുബാനക്രമം. കോട്ടയത്ത അച്ചടിച്ചത. Printed at the Church Mission Press, Cottayam. 1872.”
ഈ ഗ്രന്ഥത്തിന്‍റെ മുഖവുര കാണുക:
“അന്ത്യോഖ്യായുടെ മാര്‍ പത്രൊസ്വാ സിംഹാസനത്തിന്‍കീഴ പുരാതനമായിട്ട ഒര്‍ശ്ലെം മെലദ്ധ്യക്ഷന്‍റെ ഇടവകയും, യഹൂദിയാ, ബെത്നഹറീന്‍, സ്കറിയാ എന്ന ദെശങ്ങളും ചെറിയ ആസ്യായുടെ തെക്കെ ഭാഗവും അടങ്ങിയിരുന്നു. ഇപ്പൂര്‍വ ദേശങ്ങളില്‍ വഴങ്ങിവന്ന കുറുബാനക്രമത്തെ കുറിച്ചു പ്രത്യെകം വിചാരിക്കെണ്ടതായി കാണുന്നു. എന്തുകൊണ്ടെന്നാല്‍ ഒന്നാമത, ഒര്‍ശ്ലെം സഭ സകല ക്രിസ്ത്യാനി സഭകളുടെയും മാതാവും അന്ത്യൊഖ്യാ, വിശ്വാസികളെ ക്രിസ്ത്യാനികള്‍ എന്നു വിളിക്കപ്പെട്ട സ്ഥലവും ആയിരുന്നു. രണ്ടാമത, അന്ത്യൊഖ്യായുടെ കുറുബാനക്രമം അതിന്‍റെ ചുറ്റുമുള്ള എല്ലാ ദെശങ്ങളിലും നടപ്പായി ഉപയൊഗിച്ചുവന്നു. മൂന്നാമത, പൂര്‍വപിതാക്കന്മാരും, സഭാചരിത്രക്കാരുമായവര്‍ മറ്റെല്ലാറ്റിനെക്കാള്‍ പുരാതനമായിട്ടും, വിശെഷമായിട്ടും വര്‍ണ്ണിച്ചിരിക്കുന്നത ഇപ്പള്ളി ക്രമത്തെ കുറിച്ചാകുന്നു.
അന്ത്യൊഖ്യാ പാത്രിയര്‍ക്കായുടെ ഇടവകയിലെ നിവാസികള്‍ യാക്കൊബായക്കാരു, ഒര്‍ത്തൊദുക്സായ മില്‍ഖായക്കാരും ആകുന്നു. മൊനൊപീസായക്കാരുടെ പ്രധാനി ആയ യാക്കൊബ ബര്‍ദീയസ ജീവിച്ചിരുന്നത ആറാം ശതാബ്ദത്തില്‍ ആയിരുന്നു. ഒര്‍ത്തൊദുക്സായ മില്‍ഖായക്കാര്‍ പിന്നീട കുസ്തന്‍തീനൊപ്പൊലീസിന്‍റെ പാത്രിയര്‍ക്കായൊട ചേര്‍ന്നിരുന്നു. സുന്നഹദോസ് കൂടി മൊനൊപ്പീസായക്കാരെ കുറ്റം വിധിച്ച, സഭയില്‍ നിന്നും തള്ളിയ ശെഷം “കാതൊലിക്കാ” എന്ന പൊതുവിലുള്ള വിശ്വാസത്തെ രക്ഷിച്ചു വരികയാല്‍ അത്രെ ഇവര്‍ക്കു രാജകക്ഷികള്‍ എന്ന അര്‍ത്ഥമാകുന്ന മില്‍ഖായക്കാര്‍ എന്ന പെര്‍ ഉണ്ടായത. എന്നാല്‍ “ഒര്‍ശ്ലെമിന്‍റെ ഒന്നാമത്തെ മെലദ്ധ്യക്ഷന്‍” എന്നു പുരാതനമായി പറയപ്പെട്ടിരിക്കുന്ന ശുദ്ധമുള്ള മാര്‍ യാക്കൊബ ശ്ലീഹായുടെ നാമം ധരിച്ചിരിക്കുന്ന പള്ളിക്രമത്തെ യാക്കൊബായക്കാരും, മില്‍ക്കായക്കാരുമായ ഇരുഭാഗക്കാരും ഏറിയ കാലമായി കൈക്കൊണ്ടുവരുന്നു. യാക്കൊബായക്കാര്‍ …… മറ്റൊന്നിനെയും ഉപകരിപ്പിക്കുന്നില്ലായെങ്കിലും മില്‍ക്കായ്ക്കാര്‍ ….ട്രെക്കു സഭയുടെ പള്ളിക്രമത്തെയും കൂടെ കൈക്കൊണ്ടു വരുന്ന…..ക്രമം യവനായ ഭാഷയിലും, ശുദ്ധമുള്ള മാര്‍ യാക്കൊബിന്‍റെത സുറിയാനിയില്‍ മാത്രവും ആകുന്നു.
“നമ്മുടെ കര്‍ത്താവിന്‍റെ സഹോദരനായ മാര്‍ യാക്കൊബിന്‍റെ കുറുബാനക്രമം” എന്നു പെരായി തുലൊം പുരാതനമായത അന്ത്യൊഖ്യായുടെയും, സൂറിയായുടെയും പൂര്‍വക്രിസ്ത്യാനികള്‍ കൈക്കൊണ്ടു വന്നു എന്നുള്ളത ബാവാന്മാരുടെ നിസ്സംശയമായ എഴുത്തുകളില്‍ നിന്നും, രാജകല്പനകളില്‍നിന്നും സ്പഷ്ടമാകുന്നു. ക്രിസ്താബ്ദം 451-ല്‍ കല്‍ക്കദൊനില്‍ വെച്ച ഉണ്ടായ സൂന്നാദൊസില്‍ മൊനൊപ്പീസായക്കാരും, മില്‍ക്കായക്കാരും തമ്മില്‍ ഒരു പൂര്‍ണ്ണ പിരിച്ചില്‍ ഉണ്ടായി എങ്കിലും ഇരുഭാഗക്കാരും തങ്ങളുടെ പള്ളിക്രമം ശുദ്ധമുള്ള മാര്‍ യാക്കൊബ ശ്ലീഹായില്‍ നിന്ന ഉണ്ടായതെന്നു പറകയും ഒരു ക്രമംതന്നെ ആചരിച്ചുവരികയും ചെയ്തു. ഇരുഭാഗക്കാരും ഉപയൊഗിച്ചുവന്ന സുറിയാനിയിലെയും, യവനായിലെയും പള്ളിക്രമങ്ങളെ പരിശൊധിച്ചാല്‍ ഇവ രണ്ടിന്നും മൂലം ഒന്നുതന്നെ എന്നു സാക്ഷിപ്പാന്‍ തക്കതായി അതിശയമായ ചില ചെര്‍ച്ചകള്‍ ഇതിലെ ശുശ്രൂഷകളിലും, പ്രാര്‍ത്ഥനകളിലും എന്നല്ല പ്രത്യെകം ചില പദങ്ങളിലും കൂടെ കാണ്മാനുണ്ട്. മില്‍ക്കായക്കാരുടെ യവനായ പള്ളിക്രമം 10-ാം ശതാബ്ദത്തില്‍ ഇരുന്നപ്രകാരം തന്നെ ഇപ്പൊഴും ഇരിക്കുന്നു. തെവാദൊറൊത, യറൊം, ക്രിസൊസ്തൊം മുതലായവര്‍ ഇപ്രാര്‍ത്ഥനകളില്‍ നിന്നു ചില ഭാഗങ്ങള്‍ എടുത്ത പറഞ്ഞിരിക്കുന്നതു കൂടാതെ ഒര്‍ശ്ലെമിന്‍റെ മെലദ്ധ്യക്ഷനായ മാര്‍ കൂറിലൊസും സുറിയാനിക്കാരുടെ ഒരു വലിയ ഗുരുവായ മാര്‍ അപ്രെമും അങ്ങിനെ തന്നെ ചെയ്തിരിക്കുന്നു. ഇവര്‍ എല്ലാവരും നാലാം ശതാബ്ദത്തിനു മുമ്പു ജീവിച്ചിരുന്നവരും, അന്ത്യൊഖ്യാ സിംഹാസനത്തൊടു സംബന്ധിച്ചവരും ആയിരുന്നു. ഇന്നവയെല്ലാംകൊണ്ടും ഇപ്പള്ളിക്രമം എത്രയും പുരാതനമായതെന്നു സാക്ഷിപ്പെടുന്നു.
എന്നാല്‍ കാലക്രമംകൊണ്ടും, അതാത സമയങ്ങളില്‍ ഉണ്ടായ കഠിന തര്‍ക്കം ഹെതുവായി ഉണ്ടായിട്ടുള്ള ചില പ്രത്യെക ഉപദേശങ്ങളും അനുസരിച്ചും ഏതാനും സംഗതികളെയും, പ്രാര്‍ത്ഥനകളെയും പല കാലങ്ങളിലായി ഇപ്പള്ളിക്രമങ്ങളില്‍ ചെര്‍ത്തിട്ടുണ്ട്. ചെര്‍ക്കപ്പെട്ടവയില്‍ മിക്കതും വിശ്വാസത്തിനു യൊഗ്യമുള്ളവയും, ഏതാനും അതിനു ചെര്‍ച്ചയില്ലാത്തവയും ആകുന്നു. അതിനാല്‍ മലംകര ഇടവകയിലുള്ള യാക്കൊബായക്കാരുടെ ഉപദെഷ്ടാവും, മാരാമണ്‍ പള്ളിയുടെ അദ്ധ്യക്ഷനുമായി, ഇപ്പോള്‍ പരലൊകവാസിയായിരിക്കുന്ന അബ്രഹാം മല്പാന്‍ എന്ന ദൈവഭക്തന്‍ പല പുരാതനപുസ്തകങ്ങളുടെ ആധാരത്തൊടുംകൂടി ദീര്‍ഘദിവസങ്ങളുടെ പ്രയത്നംകൊണ്ടു ഇപ്പള്ളിക്രമത്തെ പരിശൊധിച്ച, അതിന്‍റെ പ്രഥമാവസ്ഥയില്‍ പിന്നെ ചെര്‍ക്കപ്പെട്ട സംഗതികളില്‍ വിശ്വാസത്തിനും, വെദസാക്ഷ്യത്തിനും ചെര്‍ച്ചയില്ലാത്തവയായി കണ്ടെത്തപ്പെട്ട വാക്കുകളെയും പ്രാര്‍ത്ഥനകളെയും നീക്കം ചെയ്ത, ക്രമപ്പെടുത്തിരിയിരിക്കുന്നു. എന്നാല്‍ ഇതും മൂലഭാഷയില്‍ തന്നെ ഇരിക്കുന്നു. മൂലഭാഷയിലെ പള്ളിക്രമം മെര്‍ദീന്‍, തൂറാബ്ദീന്‍, അമ്മീദ മുതലായ പരദെശങ്ങളില്‍ ആചരിക്കപ്പെടുമ്പൊള്‍ മിക്കവാറും സൂറിയാ ഭാഷയിലും കൂടെ ജനിക്കപ്പെട്ടിരിക്കുന്ന ആ ദെശവാസികള്‍ പദങ്ങളെയും, വാചകങ്ങളെയും ഗ്രഹിച്ച കാര്യങ്ങള്‍ ബോധപ്പെട്ട പ്രതിവാക്യം ഉച്ചരിക്കുന്നു. എന്നാല്‍ മലംകരയുള്ള ഐമ്മെനികള്‍ (അല്മായക്കാര്‍) അശെഷവും മൂലഭാഷ അറിയുന്നില്ല. ദൈവശുശ്രൂഷകളില്‍ പട്ടക്കാര്‍ കാണിക്കുന്നതൊക്കെയും അവര്‍ കാണുക മാത്രം ചെയ്യുന്നു. വിശുദ്ധ പ്രാര്‍ത്ഥനകളിലും, ശുശ്രൂഷകളിലും അടങ്ങിയിരിക്കുന്ന ഇമ്പമെറിയ വാക്കുകളും, ഭക്തിക്കും, വിശ്വാസത്തിന്നുമടുത്ത സംഗതികളും കെള്‍ക്കുന്ന സമയത്ത ആത്മാവ മുഴുവനിലും വ്യാപിക്കുന്നതായ ആ സ്വര്‍ഗ്ഗീക വിചാരങ്ങളും ആത്മാവിന്നടുത്ത സന്തൊഷങ്ങളും തങ്ങള്‍ക്കു നിഷ്ഫലമായിരിക്കുന്നു.
അതിനാല്‍ സുറിയാനിക്കാരില്‍ ഭക്തന്മാരായിട്ടുള്ള പലരുടെയും അപെക്ഷയിന്മെല്‍, വിശേഷമായും, ശ്ലീഹൂസാ സംബന്ധമായുള്ള കുറുബാന ക്രമത്തില്‍ “ശുദ്ധമുള്ള കുറുബാനയുടെ ആചാരക്രമം” ആകുന്ന ഇപ്പുസ്തകത്തെ തുര്‍ഗാം ചെയ്ത അടിപ്പിച്ചിരിക്കുന്നു. ദൈവം, സുറിയാനി സഭയെ മെല്ക്കുമെല്‍ ശുദ്ധീകരിച്ച, ജീവികളെയും മരിച്ചവരെയും വിധിപ്പാനായി താന്‍ വെളിപ്പെടുന്ന പ്രത്യക്ഷതയിങ്കല്‍ തന്‍റെ കിരീടത്തില്‍ ഈ സഭയും വിലയെറിയ ഒരു രത്നമായിത്തീരുവാന്‍ ഇടവരുത്തുമാറാകട്ടെ.”

ഒരു നിരൂപണം

ഇടവഴിക്കല്‍ ഫീലിപ്പോസ് കോറ
െപ്പിസ്ക്കോപ്പാ രചിച്ച് 1873-ല്‍ കൊച്ചി സെന്‍റ് തോമസ് പ്രസ്സില്‍ നിന്നും പ്രസിദ്ധീകരിച്ച മലങ്കര സഭാപഞ്ചാംഗത്തില്‍ ഈ കുബ്ബാനക്രമത്തെക്കുറിച്ചുള്ള ഒരു നിരൂപണം ഉള്‍പ്പെടുത്തിയിട്ടുണ്ട്. അത് കാണുക:

അര കുറുബാനക്രമം

ശു. യാക്കോബ ശ്ലീഹായുടെ കുറുബാനക്രമമെന്നു പേരായി 1872-ല്‍ കോട്ടയത്തു മിഷന്‍ പ്രസില്‍ അച്ചടിച്ചതായ പുസ്തകം വായിച്ചു കണ്ടു. ശു. മാര്‍ യാക്കോബിന്‍റെ കുറുബാനക്രമം മലയാളത്തും അന്ത്യോഖ്യായ്ക്കു ചേര്‍ന്ന മറ്റും രാജ്യങ്ങളിലും പുരാധീനമായിട്ടു ഇന്നുവരെ പെരുമാറിവരുന്ന പുസ്തകങ്ങളും ദൈവഭക്തനും മല്പാനുമായ റെവറെണ്ടു ജി. ബി. ഔആര്‍ട. ബി. എയി. സായ്പവര്‍കള്‍ ലണ്ടനില്‍ കൊണ്ടുപോയി ഇംഗ്ലീഷില്‍ ശരിയായി ഭാഷപ്പെടുത്തി ഏറ്റവും ബഹുമാനപ്പെട്ട, കാന്‍റര്‍ബുറിലെ ആര്‍ച്ച ബിഷോപ്പ സായ്പ അവര്‍കളുടെ അനുവാദപ്രകാരം 1864-ല്‍ അച്ചടിപ്പിച്ചിട്ടുള്ള പുസ്തകവും വായിക്കുമ്പോള്‍ മേല്‍പറഞ്ഞത, അരകുറുബാന പുസ്തകം തന്നെയെന്നു എല്ലാവര്‍ക്കും ബോധപ്പെടുന്നതാകുന്നു. വിരുതനായ ഒരു ചിത്രകാരന്‍ എഴുതിയ ചിത്രത്തെ പൊട്ടക്കണ്ണന്‍ മായിച്ചു നന്നാക്കുന്നതുപോലെ, ഈ അരകുറുബാനക്രമം മാരാമണ്ണു പള്ളിയില്‍ അബ്രാഹം കത്തനാരു, ദാനിയെല്‍ വില്‍സന്‍, ബിഷോപ്പ അവര്‍കളുടെ അഭിലാഷപ്രകാരം, ശു. മാര്‍ യാക്കോബിന്‍റെ കുറുബാനക്രമത്തില്‍ നിന്നും കുത്തിയും വെട്ടിയും ഉണ്ടാക്കിയതും 1837-ല്‍ പള്ളത്തെ ഇംഗ്ലീഷ പള്ളിയിലും പിന്നീടു ഇന്നുവരെ മാരാമണ്ണു പള്ളിയിലും പെരുമാറി വരുന്നതും ആകുന്നു. ഈ അബ്രാഹം കത്തനാരെ, രണ്ടാമത്തെ എവുത്തീക്കുസ എന്നാണെ, സുറിയാനിക്കാര്‍ വിചാരിക്കുന്നത. ആ കാലത്ത ഇരുന്ന ബെഹുമാനപ്പെട്ട, ബെയിലി സായ്പ, ബേയ്ക്കര്‍ സായ്പ മുതല്‍പേരു ദൈവഭയമുള്ളവരായിരുന്നതു കൊണ്ടല്ലാതെ, അന്നു കോട്ടയത്തു മിഷ്യന്‍പ്രെസ ഇല്ലാഞ്ഞിട്ടു ഈ ബുക്കു അടിക്കാതിരുന്നതല്ല. പൊതുവില്‍ ഉപയോഗമുള്ള പുസ്തകങ്ങള്‍ അല്ലാതെ, സുറിയാനിക്കാര്‍ക്കു തനിച്ചു ഉപയോഗമുള്ള ഒരു വക പുസ്തകവും ഇതുവരെ മിഷ്യന്‍പ്രെസില്‍ അച്ചടിച്ചിട്ടില്ലാതെ ഇരിക്കുമ്പോള്‍. ഇപ്പോള്‍, മിഷ്യന്‍പ്രെസ, തെറ്റിവീണുപോയ ശീശ്മക്കാര്‍ക്കു, തലചായിച്ചതില്‍ വളരെ ദുഃഖിക്കുന്നു. ഈ അരകുറുബാന പുസ്തകം അച്ചടിച്ചു വര്‍ദ്ധിപ്പിച്ചതിന്‍റെയും, ഉതിയംപേരൂര്‍വച്ചു, പോര്‍ത്തുഗീസുകാര്‍, തീയകൊണ്ടു ദഹിപ്പിച്ചു, പുസ്തകങ്ങള്‍ ചുരുക്കിയതിന്‍റെയും, ഫലം ഒന്നുപോലെ ഇരിക്കുന്നു. വാളുകൊണ്ടു വെട്ടിയിട്ടും, അപ്പത്തില്‍ നഞ്ചു കലര്‍ത്തികൊടുത്തിട്ടും ഉണ്ടാകുന്ന മരണത്തിന്‍റെ ഫലം ഒന്നുതന്നെയല്ലൊ. മുഖവുരയില്‍ ഈ അബ്രാഹം കത്തനാരെ, ദൈവഭക്തനെന്നും അദ്ധ്യക്ഷനെന്നും പറയുന്നുണ്ടല്ലൊ. ശു. മാര്‍ യാക്കോബ ശ്ലീഹായുടെ കുറുബാനക്രമം കുത്തിയ ഇയാള്‍ ദൈവഭക്തനും അദ്ധ്യക്ഷനുമെങ്കില്‍, വേദപുസ്തകം കുത്തിയ, കൊലിന്‍സൊ ബിഷോപ്പ അവര്‍കള്‍ എത്രെ അധികം ദൈവഭക്തനും അദ്ധ്യക്ഷനും ആയിരിക്കും. ഒരുത്തനു സുറിയാനിക്രമം ഇഷ്ടമില്ലങ്കില്‍ ലോകത്തില്‍ പല ക്രിസ്ത്യാനിവേദമുള്ളതില്‍ ഒന്നിനെ സ്വീകരിക്കരുതോ. പൂറുവ പിതാക്കന്മാരാല്‍ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഓമന ഏറിയ പള്ളിക്രമങ്ങളെ കഷണമായി നുറുക്കണമെന്നുണ്ടോ. ഈ അര കുറുബാനക്രമം അച്ചടിച്ചാ മിഷ്യന്‍ പ്രെസ, ശീശ്മക്കാര്‍ക്കു എല്ലൊ, സഹായിക്കുന്നത. ഒരു സഭയില്‍നിന്നു പിഴച്ചുവീഴുന്ന ശീശ്മക്കാരെ സഹായിക്കുന്നതിന്‍റെ സാധ്യം ആ സഭയോടു നേരെ ചെയ്വാന്‍ ഇശ്ചിക്കുന്ന ദോഷം നടക്കാത്തതുകൊണ്ടു അല്ലാതെ ഗുണപ്പെടുത്തുവാന്‍ അല്ലന്നു നിരൂപിച്ചാല്‍ എല്ലാവര്‍ക്കും അറിയാം. മിശിഹായുടെ ഒരു അപ്പോസ്തോലനെപോലെ, ദരിദ്രിയപ്പെട്ടിരിക്കുന്ന അന്ത്യോഖ്യാ പാത്രിയര്‍ക്കീസ ബാവായുടെ സൗന്നര്യമുള്ള ഭാര്യ ആകുന്ന മലയാളത്തുള്ള സുറിയാനി സഭയെ സഹായിക്കാമെന്നു ആദ്യം പോര്‍ത്തുഗീസുകാരു പറഞ്ഞു ഭര്‍ത്താവിന്‍റെ വഴി അടച്ചു, ഈ ഭാര്യയോടു പറ്റിചേര്‍ന്നു വ്യപിചാരം ചെയ്ത, അനേക വ്യപിചാര സന്തതികളെ ജെനിപ്പിച്ചു. ഈ കാലത്തുള്ള സഹായംകൊണ്ടും ഈ ഭാര്യക്കു വൃതം കാപ്പാന്‍ കഴിയാതെയിരിക്കുന്നതു തന്നെയുമല്ല, ഭര്‍ത്താവിന്‍റെ നേരെ വിരോധിയെ, ഭര്‍ത്താവായി സ്വീകരിക്കണമെന്നു ഹേമിക്ക കൂടെ ചെയ്യുന്നു. അതിനാല്‍ ഇനി ആരും സഹായിക്കാതെയിരുന്നുയങ്കില്‍ ഈ ഭാര്യയ്ക്കു, തന്‍റെ ഭര്‍ത്താവോടുകൂടെ സന്തോഷിക്കാമായിരുന്നു. പോര്‍ത്തുഗീസുകാരുടെ കാലത്തു, അവരുടെ ഗവര്‍മെന്തിനെ ഭയന്നു, കല്ലുച്ചേരില്‍ ഇട്ടിതൊമ്മന്‍ കത്തനാരു, സത്യത്തെ പാലിപ്പാന്‍ പല എഴുത്തുകള്‍ രെഹസ്യത്തില്‍ പ്രയോഗിക്കേണ്ടി വന്നു. എന്നാല്‍ ഇന്നു, സകല സത്യവും ധര്യമായി പറവാനും എഴുതുവാനും സകലര്‍ക്കും പൂര്‍ണ്ണ സ്വാതന്ത്രിയം നള്‍കിയിരിക്കുന്ന ബെഹുമാനപ്പെട്ട ബ്രിത്തീഷ ഗവര്‍മെന്തിനെ വളരെ നന്നിയോടെ ഞങ്ങള്‍ വന്ദനം ചെയ്യുന്നു (നടപ്പ 5:29).